ഉത്തര കൊറിയയെ  പിടിച്ചുകെട്ടണം

ഉത്തര കൊറിയയെ  പിടിച്ചുകെട്ടണം

ആണവായുധ പരീക്ഷണങ്ങളിലൂടെ ലോകത്തിന് ഭീഷണിയാകുന്ന ഉത്തര കൊറിയയെ പിടിച്ചുകെട്ടാന്‍ ലോക രാജ്യങ്ങള്‍ തമ്മില്‍ സഹകരിക്കണം. റഷ്യയും ചൈനയും ഈ വിഷയത്തില്‍ വിനാശാത്മക നിലപാട് സ്വീകരിക്കരുത്

കമ്യൂണിസ്റ്റ് സേച്ഛാധിപത്യമാണ് ഉത്തര കൊറിയയില്‍ നിലനില്‍ക്കുന്നത്. അവിടത്തെ ജനതയ്ക്ക് തന്നെ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ. അടിമത്വത്തിന്റെയും ഫാസിസത്തിന്റെയും രൂപഭാവങ്ങള്‍. അതില്‍ അടിയുറച്ച് മനുഷ്യത്വരഹിതമായി അധികാരഭ്രാന്തോടെ ഭരണം നടത്തുന്ന നേതാവ്. ഒരു രാജ്യത്തിന്റെ പരമാധികാര കാര്യങ്ങള്‍ എന്ന നിലയില്‍ അതിലൊന്നും മൂന്നാം കക്ഷിക്ക് ഇടപെടേണ്ട കാര്യമില്ലെന്ന് ആര്‍ക്കും വാദിക്കാം. എന്നാല്‍ തുടര്‍ച്ചയായ ആണവ പരീക്ഷണങ്ങള്‍ നടത്തി, ലോകത്തെ ഭയപ്പെടുത്തി അവര്‍ തങ്ങളുടെ ശക്തി കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതിരോധിക്കേണ്ടത് മറ്റ് രാഷ്ട്രങ്ങളുടെ അനിവാര്യതയായി മാറുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് നോര്‍ത്ത് കൊറിയ അവരുടെ ഏറ്റവും വലിയ ആണവായുധം പരീക്ഷിച്ചത്. അമേരിക്കയെയും ജപ്പാനെയും സൗത്ത് കൊറിയയെയും എല്ലാം ഭയപ്പെടുത്താനായിരുന്നു അത്. എന്നാല്‍ ഉത്തര കൊറിയ ഉയര്‍ത്തുന്ന വലിയ പ്രശ്‌നങ്ങളോടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം പലപ്പോഴും അപക്വമാകുന്നുണ്ട്. ഞായറാഴ്ച്ചത്തെ ആണവ പരീക്ഷണം കഴിഞ്ഞയുടന്‍ ട്രംപ് ട്വീറ്റ് ചെയ്തത് തങ്ങളുടെ വിശ്വസ്ത സഖ്യകക്ഷിയായ ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ്. അവര്‍ ഉത്തര കൊറിയയോട് മൃദു സമീപനം സ്വീകരിക്കുന്നതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം എന്ന മട്ടിലാണ് ട്രംപ് പ്രതികരിച്ചത്. യുദ്ധം ഉണ്ടാകുമോയെന്നുള്ള ചോദ്യത്തിന് നമുക്ക് കാണാം എന്നായിരുന്നു ട്രംപിന്റെ മറുപടി. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന രീതിയിലല്ല പല വിഷയങ്ങളിലെന്ന പോലെ ഇവിടെയും ട്രംപിന്റെ നിലപാട്.

ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായ നിക്കി ഹാലി പറഞ്ഞത് ഉത്തര കൊറിയയ്‌ക്കെതിരെ ഏറ്റവും ശക്തമായ ഉപരോധം കൊണ്ടുവരുമെന്നാണ്. ഓരോ തവണ ഉത്തര കൊറിയ ഭീഷണി ഉയര്‍ത്തുമ്പോഴും അതിനോട് പക്വതയില്ലാത്ത പ്രതികരണങ്ങള്‍ നടത്തിപ്പോകും എന്നല്ലാതെ മറ്റൊരു ക്രിയാത്മകമായ നടപടിയും ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.

ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ മാത്രമേ ഉത്തര കൊറിയന്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കൂ. എന്നാല്‍ അതിന് ഉപരോധങ്ങള്‍ക്ക് എത്രമാത്രം പങ്കുവഹിക്കാന്‍ സാധിക്കുമെന്നത് കാര്യമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇവിടെ ഉയരുന്ന കാതലായ പ്രശ്‌നം വിഷയത്തില്‍ റഷ്യയും ചൈനയും എന്ത് നിലപാട് സ്വീകരിക്കും എന്നതാണ്. ഉത്തര കൊറിയയ്‌ക്കെതിരെ യുഎന്‍ എടുക്കുന്ന തീരുമാനങ്ങളെ ഏകകണ്ഠമായി അംഗീകരിക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകുമോ. യുഎന്നിന്റെ നടപടികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നാണ് ചൈന കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയത്. എന്നാല്‍ ഉപരോധവും സമ്മര്‍ദ്ദവുമൊക്കെ പ്രശ്‌നങ്ങള്‍ മുഴുവനായും പരിഹരിക്കുന്നതിന് സഹായകമാകില്ലെന്നും അവര്‍ അതിനോടൊപ്പം പറഞ്ഞു. യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് രാജ്യമായ ചൈന സ്വീകരിച്ചിരിക്കുന്ന ഔദ്യോഗിക നിലപാട്. അതേസമയം, ഉത്തര കൊറിയയുടേത് സ്വയം പ്രതിരോധത്തിനായുള്ള നടപടികളാണെന്ന കുറച്ചുകൂടി ഗൗരവകരമായ നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ സൈനികമായി ഭയപ്പെടുത്താന്‍ നോക്കുന്നത് തിരിച്ചടിയായി മാറുമെന്ന മുന്നറിയിപ്പും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ നല്‍കി. ഉത്തര കൊറിയയ്‌ക്കെതിരെ എണ്ണ, വസ്ത്രങ്ങള്‍ എന്നീ ഉല്‍പ്പന്നങ്ങളില്‍ കൂടി ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് റഷ്യയുടെ പ്രസ്താവന. ഉത്തര കൊറിയയും റഷ്യയും ചൈനയും പൊതുവായി സ്വീകരിക്കുന്നത് അമേരിക്കന്‍ വിരുദ്ധ സമീപനമായതിനാല്‍ വിഷയത്തില്‍ രണ്ടാമത് പറഞ്ഞ രണ്ട് രാജ്യങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് അതീവപ്രാധാന്യമുണ്ട്. ട്രംപും റഷ്യയും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലായത് ഏതെങ്കിലും തരത്തില്‍ അമേരിക്കയുടെ സമീപനത്തില്‍ മാറ്റം വരുത്തുമോയെന്നതും ചിന്തിക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial, Slider