ഇന്ത്യയില്‍ നിസ്സാന്‍ ലീഫിന്റെ പരീക്ഷണ ഓട്ടം ഈ വര്‍ഷം

ഇന്ത്യയില്‍ നിസ്സാന്‍ ലീഫിന്റെ പരീക്ഷണ ഓട്ടം ഈ വര്‍ഷം

അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : പുതു തലമുറ നിസ്സാന്‍ ലീഫ് ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ ഈ വര്‍ഷം തുടങ്ങും. ഈ മാസം 6 ന് ജപ്പാനിലെ ടോക്കിയോയില്‍ അനാവരണം ചെയ്ത പുതിയ ലീഫ് ഓട്ടോണമസ് കാറാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ഭാഷയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇലക്ട്രിക് കാറിന്റെ റേഞ്ച് വളരെയധികം വര്‍ധിച്ചിട്ടുണ്ട്.

2018 നിസ്സാന്‍ ലീഫ് ഈ വര്‍ഷം ഇന്ത്യയില്‍ പരീക്ഷണ ഓട്ടം തുടങ്ങുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ പുതിയ ലീഫ് ഓട്ടോണമസ് ഇലക്ട്രിക് കാറിന്റെ പരീക്ഷണ ഓട്ടങ്ങള്‍ തുടങ്ങാനാണ് നിസ്സാന്‍ തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

തുടക്കത്തില്‍ നിസ്സാന്‍ ലീഫ് പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും

നിസ്സാന്‍ എന്ന കമ്പനിക്ക് ഇന്ത്യ പ്രധാനപ്പെട്ട വിപണിയാണെന്ന് നിസ്സാന്‍ മോട്ടോര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയേല്‍ ഷില്ലാസി വ്യക്തമാക്കി. 2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകുകയെന്ന കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യത്തെ സ്വാഗതം ചെയ്യുന്നതായും പുതിയ നിസ്സാന്‍ ലീഫിന്റെ ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങള്‍ എത്രയും വേഗം തുടങ്ങുമെന്നും ഡാനിയേല്‍ ഷില്ലാസി അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ നിസ്സാന്‍ തയ്യാറാണ്. ഇതുസംബന്ധിച്ച് അധികൃതരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും തങ്ങളുടെ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചെന്നും അദ്ദേഹം അറിയിച്ചു.

ലീഫിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍നിന്ന് നിസ്സാന്‍ വിവിധ ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. തുടക്കത്തില്‍ നിസ്സാന്‍ ലീഫ് ഓട്ടോണമസ് ഇലക്ട്രിക് കാറുകള്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്നതായിരിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

2018 നിസ്സാന്‍ ലീഫിന്റെ വില്‍പ്പന ജപ്പാനില്‍ അടുത്ത മാസം തുടങ്ങും. യുഎസ്, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് അടുത്ത വര്‍ഷം ജനുവരിയില്‍ ഡെലിവറി തുടങ്ങും. ലോകമാകെ അറുപതിലധികം വിപണികളില്‍ 2018 നിസ്സാന്‍ ലീഫ് വില്‍ക്കും.

Comments

comments

Categories: Auto