സിപിഐ പണപ്പെരുപ്പം 3.2ശതമാനമായി ഉയര്‍ന്നേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

സിപിഐ പണപ്പെരുപ്പം 3.2ശതമാനമായി ഉയര്‍ന്നേക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

കറന്റ് എക്കൗണ്ട് കമ്മി 11.2 ബില്യണ്‍ ഡോളറായി ഉയരും

മുംബൈ: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ഓഗസ്റ്റിലെ പണപ്പെരുപ്പം 3.2 ശതമാനമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി. ഭക്ഷ്യ, എണ്ണ വിലയിലുണ്ടായ വര്‍ധന കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തിയേക്കുമെന്നാണ് പറയുന്നത്.

ജൂലൈയില്‍ 2.4 ശതമാനമായിരുന്നു ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം.
ഭക്ഷ്യ സാധനങ്ങളുടെയും എണ്ണയുടെയും വിലക്കയറ്റം ഓഗസ്റ്റ് മാസത്തെ മൊത്ത വില സൂചിക(ഡബ്ല്യുപിഐ)യിലും പ്രതിഫലിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. ജൂലൈയില്‍ 1.9 ശതമാനമായിരുന്ന മൊത്ത വില സൂചിക ഓഗസ്റ്റില്‍ 2.9 ശതമാനത്തിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യവിലക്കയറ്റം വാര്‍ഷികാടിസ്ഥാനത്തില്‍ 1.7 ശതമാനമായിരിക്കുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകൂട്ടല്‍. ജൂലൈയില്‍ ഇത് -0.3 ശതമാനമായിരുന്നു.

ഭക്ഷ്യ, ഇന്ധന വില ഒഴിച്ചുനിര്‍ത്തിയുള്ള പണപ്പെരുപ്പം (വാര്‍ഷികാടിസ്ഥാനത്തില്‍) 4.1 ശതമാനത്തില്‍ തന്നെ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഏപ്രില്‍-ജൂണ്‍ പാദത്തിലെ ഇന്ത്യയുടെ കറന്റ് എക്കണ്ട് കമ്മി, മുന്‍ പാദത്തിലെ 3.5 ബില്യണ്‍ ഡോളറില്‍ നിന്നും (മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 0.6 ശതമാനം) 11.2 ബില്യണ്‍ ഡോളറായി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.9 ശതമാനം) വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. എങ്കിലും കറന്റ് എക്കൗണ്ട് കമ്മി റിസര്‍വ് ബാങ്കിന്റെ കംഫര്‍ട്ട് സോണില്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റില്‍ വ്യാപാര കമ്മി ചുരുങ്ങുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ജൂലൈ മാസത്തെ 11.5 ബില്യണ്‍ ഡോളറില്‍ നിന്നും വ്യാപാര കമ്മി 10.3 ശതമാനമായി ഇടിയുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണം. എണ്ണ വിലയിലുണ്ടായ വര്‍ധനയും അടിസ്ഥാന തലത്തിലെ പ്രതികൂലാന്തരീക്ഷവും കയറ്റുമതി-ഇറക്കുമതി രംഗത്തെ വാര്‍ഷിക വളര്‍ച്ചയില്‍ മാന്ദ്യം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: Business & Economy