ജീവന്‍ കവരും ഭീകരനെത്തേടി

ജീവന്‍ കവരും ഭീകരനെത്തേടി

അര്‍ബുദം കവര്‍ന്നത് 25 പേരെ. ഭന്ദ്രിഗ്രാമം ആശങ്കയില്‍

നാടിനെ ഗ്രസിച്ച രോഗഭീഷണിക്കു കാരണം വെള്ളത്തില്‍ മലിനജലം കലര്‍ന്നതാണെന്ന വാദവുമായി ഉത്തര്‍പ്രദേശിലെ ഭന്ദ്രി ഗ്രാമീണര്‍ രംഗത്ത്. ആഗ്രയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഭന്ദ്രിയില്‍ 10 വര്‍ഷത്തിനിടെയാണ് 25 പേര്‍ അര്‍ബുദബാധിതരായി മരിച്ചത്. വായ്, സ്തനം എന്നിവയ്ക്കു ബാധിച്ച അര്‍ബുദമാണ് പ്രധാന മരണകാരണം. ഇത്രയും പേര്‍ ഇപ്പോഴും രോഗത്തോടു മല്ലിട്ടു കഴിയുന്നു.

കര്‍ഷകഗ്രാമമായ ഭന്ദ്രിയിലെ ജനസംഖ്യ 5000 ആണ്. ഉരുളക്കിഴങ്ങാണ് പ്രധാന വിള. ഫാക്റ്ററികളൊന്നുമില്ലാത്ത ഇവിടെ അന്തരീക്ഷമലിനീകരണമോ കാന്‍സറിനു കാരണമാകാവുന്ന രാസമാലിന്യ ഭീഷണിയോ ഇല്ല. പാരമ്പര്യമായി അര്‍ബുദബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശവുമല്ല ഇത്. ഈ സാഹചര്യങ്ങള്‍ അവരില്‍ സംശയമുണര്‍ത്തുന്നു. മിക്കവാറും ഭൂഗര്‍ഭ ജലത്തെയാണ് ഇവര്‍ ആശ്രയിക്കുന്നത്. ചാമ്പു പൈപ്പു വഴിയാണ് ജലം ശേഖരിക്കുന്നത്. തുറന്ന അഴുക്കുചാലുകളില്‍ നിന്നു വരുന്ന മലിനജലം ഭൂമിയിലേക്കിറങ്ങി ജലഉറവിടത്തില്‍ കലരുന്നതാണോ രോഗബാധയ്ക്കു കാരണമെന്ന സംശയമാണ് ഇപ്പോള്‍ ഇവരില്‍ ജനിച്ചിരിക്കുന്നത്.

എന്നാല്‍ ഇത്തരം സംശയങ്ങളെല്ലാം ഡോക്റ്റര്‍മാര്‍ തള്ളിക്കളയുകയാണ്. ഗ്രാമം സന്ദര്‍ശിച്ച ഡോക്റ്റര്‍മാര്‍ പറയുന്നത് പുരുഷന്മാരിലെ വായ് കാന്‍സറിനു കാരണം പുകയില ഉപഭോഗവും സ്ത്രീകളിലെ സ്തനാര്‍ബുദത്തിനു കാരണം നെഞ്ചില്‍ സ്വയം മുറിവേല്‍പ്പിക്കുന്നതുമാണെന്ന് ഗ്രാമത്തലവന്‍ പ്രവീണ്‍ യാദവ് പറയുന്നു. ”അങ്ങനെയെങ്കില്‍ രക്താര്‍ബുദത്തിനും തല, വൃക്ക എന്നിവയെ ബാധിക്കുന്ന അര്‍ബുദത്തിനും എന്താണു കാരണം? പുകയില നിരോധിക്കാത്തതെന്തു കൊണ്ടാണ്? ഞങ്ങളുടെ ശവത്തില്‍ നിന്നു കൊണ്ട് സര്‍ക്കാര്‍ വരുമാനമുണ്ടാക്കുന്നതെന്തിന്?” അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ നീളുന്നു.

ഇന്ത്യയില്‍ പുരുഷന്മാരില്‍ പ്രധാനമായും കാണപ്പെടുന്നത് ശ്വാസകോശം, വായ്, ചുണ്ട്, തൊണ്ട, കഴുത്ത് എന്നിവയെ ബാധിക്കുന്ന അര്‍ബുദങ്ങളാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. സ്ത്രീകളിലാകട്ടെ ഗര്‍ഭാശയ, അണ്ഡാശയ, സ്തനാര്‍ബുദങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. മുതിര്‍ന്നവരില്‍ വൃക്ക, കുടല്‍, മൂത്രാശയ അര്‍ബുദങ്ങളാണു പ്രധാനമായി കാണുന്നത്.

കര്‍ഷകഗ്രാമമായ ഭന്ദ്രിയിലെ ജനസംഖ്യ 5000 ആണ്. ഉരുളക്കിഴങ്ങാണ് പ്രധാന വിള. ഫാക്റ്ററികളൊന്നുമില്ലാത്ത ഇവിടെ അന്തരീക്ഷമലിനീകരണമോ കാന്‍സറിനു കാരണമാകാവുന്ന രാസമാലിന്യ ഭീഷണിയോ ഇല്ല. പാരമ്പര്യമായി അര്‍ബുദബാധ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശവുമല്ല ഇത്. ഈ സാഹചര്യങ്ങള്‍ അവരില്‍ സംശയമുണര്‍ത്തുന്നു

ചീഫ് മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് പ്രകാരം പുകയില ഉപഭോഗത്തിനെതിരേ ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയതായി ജില്ലാ മജിസ്‌ട്രേറ്റ് നേഹ ശര്‍മ അറിയിച്ചു. ദരിദ്ര കുടുംബങ്ങളെ രോഗബാധ വളരെയധികം കഷ്ടത്തിലാക്കുന്നതായി ഗ്രാമീണര്‍ സാക്ഷ്യപ്പെടുത്തുന്നു. വീടുകളില്‍ ഗൃഹനാഥന്മാരെയും വീട്ടമ്മമാരെയും രോഗം കവരുന്നത് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ അനാഥരാക്കുന്നു. രോഗത്തിന്റെ അന്തിമഘട്ടത്തില്‍ ചികില്‍സ തേടുന്നത് ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ സാമ്പത്തികബാധ്യത കൂട്ടാന്‍ മാത്രമാണ് ഉപകരിക്കാറ്. വളരെ കുറച്ചു പേര്‍ക്കേ ചികില്‍സാചെലവ് വഹിക്കാനാകുന്നുള്ളൂ.

രോഗബാധിതരുള്ള വീടുകളില്‍ മറ്റംഗങ്ങള്‍ക്കും അസുഖം ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ട്. അതില്‍ രക്തബന്ധമില്ലാത്തവര്‍ക്കും പരമ്പരാഗത ജനിതക ഘടകങ്ങളില്ലാത്തവര്‍ക്കും രോഗബാധയേല്‍ക്കുന്നു. അനില്‍കുമാറിന്റെ അമ്മയും സഹോദരപത്‌നിയും 2015-ല്‍ അര്‍ബുദരോഗം ബാധിച്ചു മരിച്ചു. സഹോദരപത്‌നിക്ക് ആദ്യം രോഗം കണ്ടെത്തി ശസ്ത്രക്രിയ നടത്തി. എന്നാല്‍ നാലു വര്‍ഷം കഴിഞ്ഞ് അവര്‍ മരിച്ചു. ഒരു മാസം കഴിഞ്ഞപ്പോള്‍ അമ്മയും രോഗം ബാധിച്ചു മരണമടഞ്ഞെന്ന് അദ്ദേഹം പറയുന്നു. സോംപ്രകാശിന്റെ സഹോദരന്‍ കാന്‍സര്‍ ബാധിച്ചു മരിച്ചിട്ട് ഏറെ വര്‍ഷങ്ങളായി. സഹോദരഭാര്യയും ഏതാനും മാസം മുമ്പു യാത്രയായി. അവരുടെ ചികില്‍സയ്ക്കായി ഒരുപാട് പണം ചെലവിട്ടു. ഇപ്പോള്‍ അവരുടെ മകള്‍ക്ക് വിവാഹപ്രായമായി. എന്തും ചെയ്യണമെന്ന് ഒരു എത്തുംപിടിയും കിട്ടുന്നില്ലെന്നാണ് സോംപ്രകാശ് പറയുന്നത്.

രോഗകാരണം സംബന്ധിച്ച് ഇപ്പോഴും ഇരുട്ടില്‍ത്തപ്പുകയാണ് ഗ്രാമീണര്‍. ഡോക്റ്റര്‍മാരുടെ അഭിപ്രായപ്രകടനങ്ങളില്‍ അവര്‍ക്ക് അത്ര കണ്ട് വിശ്വാസമില്ല. മറ്റൊരു സാധ്യതയുമില്ലാത്തതിനാലാണ് കുടിവെള്ളത്തെ സംശയിക്കുന്നത്. ഇപ്പോള്‍ വീട്ടില്‍ വരുന്ന അതിഥികള്‍ക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാന്‍ പോലും ഭയക്കുകയാണെന്ന് റാണി യാദവ് എന്ന വീട്ടമ്മ പറയുന്നു. ഞങ്ങളുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍പ്പോലും രോഗം പകരുമെന്ന ഭയക്കുന്നവരുണ്ട്. അയല്‍ ഗ്രാമങ്ങളില്‍ നിന്ന് പെണ്‍മക്കളെ ഇവിടേക്ക് കെട്ടിച്ചുവിടാന്‍ പോലും വിമുഖത കാട്ടുന്ന സ്ഥിതിവിശേഷമുണ്ടെന്ന് അവര്‍ പറയുന്നു.

Comments

comments

Categories: FK Special