പുഴയുടെ ഘാതകര്‍ അറിയേണ്ടത്

പുഴയുടെ ഘാതകര്‍ അറിയേണ്ടത്

മണലിനു പകരം നിര്‍മാണസാമഗ്രികള്‍ ഉപയോഗിക്കേണ്ട കാലം അതിക്രമിച്ചു

ഓണക്കാലം കഴിഞ്ഞു. പുഴയും പുഴയോരത്തെ മണല്‍പ്പരപ്പും അതിലെ കളിവീടും, പുഴക്കരയിലെ കുഴികളിലും പുറത്തുമായി ഒളിച്ചുകളി നടത്തുന്ന കുഞ്ഞുഞണ്ടുകളും അവധിയാഘോഷത്തിന്റെ ഗൃഹാതുരതകളായി മാറിയിരിക്കുന്നു. മലയാളിയുടെ ഗൃഹാതുരതയായ ഭാരതപ്പുഴ ഇന്നൊരു പുഴയല്ല, മണല്‍പ്പരപ്പില്‍ അങ്ങിങ്ങു കാണുന്ന വെള്ളക്കുഴികള്‍ മാത്രം. പുഴയ്ക്കു മരണം വിധിക്കുന്നത് അടിയില്‍ തെളിയുന്ന പഞ്ചാരമണലാണ്. ഈ മണലിനു വേണ്ടിയുള്ള പരക്കംപാച്ചില്‍ ഒരിക്കലും അവസാനിക്കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനും ജലസംരക്ഷണത്തിനും വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും സ്വന്തം വീടിന്റെ നിര്‍മാണത്തിന് ഉപ്പും ചെളിയും തീണ്ടാത്ത തെളിഞ്ഞ ചരലും മണലും തന്നെ വേണം നമുക്ക്. ലോകത്തിന്റെ വികസനത്തില്‍ മണലിന്റെ പ്രസക്തിയുടെ ഉറവ വറ്റാത്തതാണ്. കാരണം നിര്‍മാണമാണ് ഓരോ രാജ്യത്തിന്റെയും വികസനത്തെ ദൃശ്യപരമായി അടയാളപ്പെടുത്തുന്നത്. കോണ്‍ക്രീറ്റ്, ഇഷ്ടിക, ചില്ല് എന്നീ നിര്‍മ്മാണവസ്തുക്കളെല്ലാം മണ്ണിനാല്‍ രൂപപ്പെടുന്നവയാണ്.

വെള്ളം കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന രണ്ടാമത്തെ വസ്തുവാണ് മണല്‍. ആഗോളവ്യാപകമായി ബില്യണ്‍ കണക്കിനു ടണ്‍ മണലാണ് ദിനം പ്രതി ഉപയോഗിക്കപ്പെടുന്നത്. 2012ല്‍ ആഗോളമായി ഉപയോഗിച്ച മണലു കൊണ്ട് ഭൂമധ്യരേഖയ്ക്കു ചുറ്റും 27 മീറ്റര്‍ ഉയരവും വീതിയുമുള്ള മതില്‍ തീര്‍ക്കാനുള്ള കോണ്‍ക്രീറ്റ് നിര്‍മിക്കാമെന്ന് ഐക്യരാഷ്ട്രസംഘടന കണക്കാക്കുന്നു

വെള്ളം കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന രണ്ടാമത്തെ വസ്തുവാണ് മണല്‍. ആഗോളവ്യാപകമായി ബില്യണ്‍ കണക്കിനു ടണ്‍ മണലാണ് ദിനം പ്രതി ഉപയോഗിക്കപ്പെടുന്നത്. 2012ല്‍ ആഗോളമായി ഉപയോഗിച്ച മണലു കൊണ്ട് ഭൂമധ്യരേഖയ്ക്കു ചുറ്റും 27 മീറ്റര്‍ ഉയരവും വീതിയുമുള്ള മതില്‍ തീര്‍ക്കാനുള്ള കോണ്‍ക്രീറ്റ് നിര്‍മിക്കാമെന്ന് ഐക്യരാഷ്ട്രസംഘടന കണക്കാക്കുന്നു. മണല്‍പ്പരപ്പു കാണാന്‍ നാം കടല്‍ത്തീരം സന്ദര്‍ശിക്കേണ്ടതില്ല. നഗരങ്ങളില്‍ ഉയര്‍ന്ന കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ തന്നെ മണ്‍ഗുഹകളാണ്, മണ്ണിന് കോണ്‍ക്രീറ്റായി വേഷപ്പകര്‍ച്ച കിട്ടിയിട്ടുണ്ടെന്നു മാത്രം. കെട്ടിട നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് പുഴമണലും കടല്‍ മണലുമാണെങ്കിലും മരുഭൂമിയിലെ മണലും കോണ്‍ക്രീറ്റ് മിശ്രിതത്തിന് ഉചിതമാണെന്നു കണ്ടെത്തിക്കഴിഞ്ഞു. വന്‍കിട പദ്ധതികള്‍ ദുബായില്‍ നിന്നുള്ള കടല്‍ മണല്‍ വിതരണം ഏറെക്കുറെ അവസാനിപ്പിച്ചു കഴിഞ്ഞു. മണല്‍ നഗരം ഇപ്പോള്‍ നിര്‍മാണവസ്തുക്കള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയയ്ക്കരുതെന്ന് ഒരു ചൊല്ലുണ്ട്. എന്നാല്‍ നിര്‍മാണമേഖല അതിദ്രുതം വളരുന്ന ദുബായ് ചെയ്യുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇതു തന്നെയാണ്.

എന്നാല്‍ മണലിന്റെ അവശ്യകത സൃഷ്ടിക്കുന്ന ദുരന്തം നിസാരമല്ല. ആള്‍നാശത്തിനു വഴിവെക്കുക മാത്രമല്ല പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്ക്കും ഉപജീവനത്തിനും വരെ അത് ഭീഷണിയാണ്. ഇന്ത്യയില്‍ മണല്‍ വിതരണത്തിന് സുസംഘടിതമായ കരിഞ്ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലടക്കം മണല്‍മാഫിയയുടെ പ്രവര്‍ത്തനം നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. നമ്മുടെ ഭാരതപ്പുഴയുടെ അവസ്ഥയിലാണ് ചൈനയിലെ ശുദ്ധജല തടാകം പോയാംഗിന്റെയും അവസ്ഥ. മണലൂറ്റുകാര്‍ ഈ ജലാശയത്തെ ഊഷരഭൂമിയാക്കി മാറ്റിയിരിക്കുന്നു. ആയിരക്കണക്കിനു പ്രദേശവാസികള്‍ മല്‍സ്യബന്ധത്തിന് ആശ്രയിച്ചിരുന്ന പോയാംഗ് നദി ദേശാടനപക്ഷികളുടെ സങ്കേതം കൂടിയായിരുന്നു. ഇതിനെല്ലാം അറുതി വരുത്തിക്കൊണ്ട് മണലൂറ്റ് നദിയെ വറ്റിച്ചു കളഞ്ഞു.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കുടിവെള്ളം വരെ മുട്ടിച്ചുകൊണ്ടാണ് മണല്‍മാഫിയയുടെ വിളയാട്ടം. മണലൂറ്റ് മകുവെനി പോലുള്ള ഗ്രാമങ്ങളിലെ നദികള്‍ വറ്റിച്ചതിനെത്തുടര്‍ന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ആളുകള്‍ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്തു. വരുന്ന 40 വര്‍ഷത്തിനുള്ളില്‍ കെനിയയില്‍ ജനസംഖ്യ ഇരട്ടിയാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ റെയില്‍വേ അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനപദ്ധതികള്‍ സാധ്യമാക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് ടണ്‍ കണക്കിനു മണല്‍ ആവശ്യം വരും. കെനിയന്‍ തീരങ്ങളുടെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും അസ്ഥിവാരം മണലൂറ്റ് ഇപ്പോള്‍ത്തന്നെ തകര്‍ത്തിരിക്കുകയാണ്. ഇത് രാജ്യത്തെ രൂക്ഷമായ വരള്‍ച്ചയിലേക്കു തള്ളിവിടുന്നു.

ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ കുടിവെള്ളം വരെ മുട്ടിച്ചുകൊണ്ടാണ് മണല്‍മാഫിയയുടെ വിളയാട്ടം. മണലൂറ്റ് മകുവെനി പോലുള്ള ഗ്രാമങ്ങളിലെ നദികള്‍ വറ്റിച്ചതിനെത്തുടര്‍ന്ന് ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ആളുകള്‍ മറ്റിടങ്ങളിലേക്ക് പാലായനം ചെയ്തു

വര്‍ഷം മുഴുവന്‍ മകുവേനിയിലെ താപനില 35ഡിഗ്രി സെല്‍ഷ്യസ് എന്ന ഉയര്‍ന്ന നിലയിലാണ്. മണല്‍ക്കൂമ്പാരമായി മാറിയ നദികളിലെ നീര്‍ച്ചാലുകള്‍ പാമ്പുകളെപോലെ വളഞ്ഞു പുളഞ്ഞ് ഉണങ്ങിവരണ്ട ഭൂമിയിലേക്കു വഴി തെളിക്കുന്നു. മഴക്കാലത്ത് വെള്ളം അടിത്തട്ടിലൂറുന്നു. വേനലില്‍ ഈ വെള്ളം ഊറ്റിയെടുക്കാന്‍ ഒരു ലക്ഷത്തോളം വരുന്ന ജനം കുഴികുത്തുന്നു. അതിജീനത്തിനുള്ള അവരുടെ ഏകപോംവഴിയാണിത്. എന്നാല്‍ വലിയ തോതിലുള്ള മണലൂറ്റ് ഭൂമിയില്‍ ഇപ്പോള്‍ അവശേഷിപ്പിച്ചിരിക്കുന്നത് പാറക്കെട്ടുകള്‍ മാത്രമാണ്. മണ്ണില്ലാത്തതിനാല്‍ മഴവെള്ളം ഭൂമിയില്‍ സംഭരിക്കപ്പെടുന്നില്ല. മകുവേനിയിലെ കൈലോം ഇകല്യ നദിയില്‍ ചുവന്ന പാറക്കെട്ടുകളാണ് ഇപ്പോള്‍ കാണാനാകുന്നത്. രണ്ടുകൊല്ലം മുമ്പ് വരെ ആഴം കുറഞ്ഞ നദിയായിരുന്നു ഇത്. എന്നാലിന്ന് നദീതീരത്തു നിന്ന് 10 മീറ്റര്‍ താഴെ അടിത്തട്ടു കാണാവുന്ന രീതിയില്‍ കീഴ്ക്കാംതൂക്കായ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നു. വറ്റിവരണ്ട നദിയുടെ അടിത്തട്ടിലെ പാറകള്‍ പൊട്ടിച്ചു മുളച്ച മരങ്ങളുടെ വേരുകള്‍ സൂര്യപ്രകാശത്തെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇങ്ങെ പറയുന്നതായി തോന്നും ”ഇവിടെ ആര്‍ക്കും വെള്ളം കിട്ടുന്നില്ല”

ചിലര്‍ക്കു മണല്‍ ജീവന്‍ തന്നെയാകുമ്പോള്‍ മറ്റു ചിലര്‍ക്ക് അതു പണം മാത്രമാണ്. പരിമിതമായ തൊഴിലവസരങ്ങള്‍ മാത്രമുള്ള ഒരു ദരിദ്രപ്രദേശത്ത് നിരാശരായ മനുഷ്യര്‍ക്ക് നിഷ്പ്രയാസം ചെയ്യാനാകുന്ന ജോലിയാണ് മണല്‍ഖനനം. ഇതിനു വേണ്ടി എന്തും ചെയ്യുന്ന, ഏതറ്റം വരെയും പോകുന്ന സ്ഥിതിവിശേഷമുണ്ട്. ജ്യോഫ്രി കസ്യോക്കി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാര്യം ഉദാഹരണം. മകുവെനിയിലെ മണല്‍മാഫിയയ്‌ക്കെതിരേ ശക്തമായി നിലപാടെടുത്ത അദ്ദേഹത്തെ 2011ല്‍ കൊലപ്പെടുത്തിയത് നിന്ദ്യവും പൈശാചികവുമായ രീതിയിലാണ്. പട്ടാപ്പകല്‍ വിഷ അമ്പുകള്‍ എയ്ത് കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ തല തല്ലിപ്പൊളിക്കുകയും തൊലി ഉരിഞ്ഞെടുക്കുകയും ചെയ്തു.

പുഴ പോലെ മണലും ഇനി അനതിവിദൂരഭാവിയില്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഓര്‍മ്മയായി മാറിയേക്കാം. എന്നാല്‍ മണലൂറ്റുകാര്‍ക്ക് ഇതൊരു ജോലി മാത്രം. മണല്‍വാരല്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ ഇവിടെ കക്ഷികളും സംഘടനകളുമുണ്ട്. നാടിന്റെ വികസനത്തിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടത് അനിവാര്യവുമാണ്. എന്നാല്‍ മണലൂറ്റല്‍ ഭൂമിയുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാകുമ്പോള്‍ ഇതിനു ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുക തന്നെ വേണം. എം സാന്റ്, സിന്തറ്റിക് എന്നിവ പോലുള്ള മാര്‍ഗങ്ങള്‍ ഇപ്പോള്‍ത്തന്നെ പ്രചാരത്തിലുണ്ട്. ഇനിയും കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ ഈ മേഖലയില്‍ നടക്കേണ്ടിയിരിക്കുന്നു.

Comments

comments

Categories: FK Special, Slider