ഇതാ…രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റെയ്ല്‍ പദ്ധതി

ഇതാ…രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ റെയ്ല്‍ പദ്ധതി

പ്രതിരോധ മേഖലയ്ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്ന ബിലാസ്പൂര്‍-ലേ റെയ്ല്‍ പദ്ധതി ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാകുമെന്ന് ചീഫ് എന്‍ജിനീയര്‍

റായ്പൂര്‍: ബിലാസ്പൂര്‍-മണാലി-ലേ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള റെയ്ല്‍വേ പദ്ധതി രാജ്യത്ത് നടപ്പിലാക്കുന്നതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണെന്ന് നോര്‍ത്തേണ്‍ റെയ്ല്‍വേയുടെ നിര്‍മാണം, സര്‍വെ വിഭാഗം ചീഫ് എന്‍ജിനീയറിന്റെ ചുമതല വഹിക്കുന്ന ദേശ് രത്തന്‍ ഗുപ്ത.

കശ്മീരിലെ ഉദംപൂര്‍-ബാരാമുള്ള റെയ്ല്‍ പദ്ധതിയേക്കാള്‍ നടപ്പിലാക്കാന്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്.

ബിലാസ്പൂര്‍-മണാലി-ലേ റൂട്ട് റോഡ് മാര്‍ഗം 650 കിലോമീറ്റര്‍ ഉണ്ട്. വര്‍ഷത്തില്‍ അഞ്ച് മാസത്തോളം മണാലി-ലേ റൂട്ട് അടച്ചിടും. ഇത് ജനങ്ങള്‍ക്കും സൈനികകര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ലേയിലേക്കുള്ള റെയ്ല്‍വേ പദ്ധതിയെപ്പറ്റി ആലോചിച്ചത്. അതിനുവേണ്ടി നോര്‍ത്തേണ്‍ റെയ്ല്‍വേ അന്തിമ ലൊക്കേഷന്‍ സര്‍വെ നടത്തി കൊണ്ടിരിക്കുകയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട സമഗ്ര വശങ്ങളും മനസിലാക്കാനുള്ള വിശദമായ പഠനമാണിത്.

ചെലവ് കുറഞ്ഞതും ഏറ്റവും ചുരുങ്ങിയതുമായ ദൂരപരിധിയാണ് തെരഞ്ഞെടുക്കുന്നത്. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) 2019 ആകുമ്പോഴേക്കും സര്‍ക്കാരിന് സമര്‍പ്പിക്കും

ബിലാസ്പൂര്‍ മുതല്‍ മണാലി വരെയുള്ള ദൂരം താരതമ്യേന എളുപ്പമാണ്. എന്നാല്‍, മണാലി മുതല്‍ ലേ വരെയുള്ള ദൂരം (ഏകദേശം 300 കിലോമീറ്റര്‍) എല്ലാ സമയവും മഞ്ഞ് മൂടികിടക്കുകയായിരിക്കും. നാല് കുന്നുകള്‍ക്കിടയിലൂടെയാണ് റെയ്ല്‍വേ ലൈന്‍ കടന്നു പോകുന്നത്. ഓരോന്നിനും അതിന്റേതായ വെല്ലുവിളികള്‍ ഉണ്ട്. താംഗ് ലാഗി ലായിലെ 5300 മീറ്ററാണ് ഏറ്റവും അധികം പ്രതിസന്ധിയുള്ള സ്ഥലം. കൂടാതെ മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പ്ലസ് 30 ഡിഗ്രി സെഷ്യസിലേക്കുള്ള താപനിലയിലെ മാറ്റവും വലിയ വെല്ലുവിളിയാണ്-അദ്ദേഹം വ്യക്തമാക്കി.

2016 സെപ്റ്റംബറില്‍ തുടങ്ങിയ സര്‍വെ തീരാന്‍ മൂന്നു വര്‍ഷത്തെ സമയമെടുക്കും. മൂന്ന് ഘട്ടങ്ങളായാണ് സര്‍വെ പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ടം വൈകാതെ തന്നെ പൂര്‍ത്തിയാക്കുന്നതായിരിക്കും. ചെലവ് കുറഞ്ഞതും ഏറ്റവും ചുരുങ്ങിയതുമായ ദൂരപരിധിയാണ് തെരഞ്ഞെടുക്കുന്നത്. വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപിആര്‍) 2019 ആകുമ്പോഴേക്കും തയാറാകുമെന്ന് കരുതുന്നു. ഡിപിആറിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചാല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ആരംഭിക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും-ഗുപ്ത വിശദീകരിച്ചു.

ഉദംപൂര്‍-ബാരാമുള്ള പാതയില്‍ നിന്ന് ബിലാസ്പൂര്‍-ലേ പാത എന്തുമാത്രം വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന ചോദ്യത്തിന് ഇന്ത്യന്‍ റെയ്ല്‍വേയെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ പദ്ധതിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ഹിമാലയന്‍ അതിരുകളിലൂടെയാണ് പാത കടന്നു പോകുന്നത്. ഉദംപൂര്‍ പദ്ധതിയില്‍ ഒരെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ, താപനില മൈനസ് 30 ഡിഗ്രി രേഖപ്പെടുത്തുന്ന അവസ്ഥ ഉദംപൂര്‍-ബാരാമുള്ള പദ്ധതി പ്രദേശത്ത് ഉണ്ടായിരുന്നില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ചെലവ് സംബന്ധിച്ചുള്ള വിലയിരുത്തലുകള്‍ ഇപ്പോള്‍ പറയുന്നത് വളരെ നേരത്തെയാകും. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമെ താല്‍ക്കാലികമായുള്ള രൂപം കിട്ടുകയുള്ളു. പദ്ധതിയുടെ ആകെ ചെലവ് 2019ല്‍ ഡിപിആര്‍ സമര്‍പ്പിച്ചതിനു ശേഷം മാത്രമെ അറിയാന്‍ കഴിയുകയുള്ളു-ദേശ് രത്തന്‍ ഗുപ്ത പറഞ്ഞു.

Comments

comments

Categories: Top Stories