ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ന്യൂസ് റൂമുകളിലെ തൊഴില്‍ നഷ്ടപ്പെടുത്തുമോ?

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ന്യൂസ് റൂമുകളിലെ തൊഴില്‍ നഷ്ടപ്പെടുത്തുമോ?

നിഷാന്ത് അറോറ

കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, എഐ)യുടെ ആദ്യ ഓളങ്ങള്‍ ന്യൂസ് റൂമുകളില്‍ അലയൊലികള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ചാറ്റ്‌ബോട്ടുകള്‍, യന്ത്രസഹായത്താലുള്ള റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങളും വലിയ ഡാറ്റകളിലൂടെ ഊളിയിടുന്ന മെഷീന്‍ ലേണിംഗ് സാങ്കേതികവിദ്യകളും പ്രാഥമിക വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ തയാറാക്കാന്‍ തുടങ്ങിക്കഴിഞ്ഞു.

യന്ത്രവല്‍ക്കരണവും എഐയും മാധ്യമ വ്യവസായത്തെ ബാധിക്കില്ലെന്നു വിശ്വസിക്കുന്നവര്‍, ന്യൂസ് റൂമില്‍ എഐ നടപ്പിലാക്കുന്നതിന് മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഒന്നു പരിഗണിക്കേണ്ടതാണ്. മാധ്യമ രംഗത്ത് അടുത്ത അഞ്ച് മുതല്‍ പത്ത് വര്‍ഷങ്ങള്‍ നിര്‍ണായകമാകുമെന്ന് വ്യക്തമാണ്.

ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ പ്രസ് അസോസിയേഷന്‍ അതിനാവശ്യമായ സോഫ്റ്റ്‌വെയര്‍ തയാറാക്കുന്നതിന് 805,000 ഡോളറാണ് ഗൂഗിളിന് നല്‍കിയിരിക്കുന്നത്. ഒരു മാസത്തില്‍ 30,000 പ്രാദേശിക വാര്‍ത്തകള്‍ എഴുതുന്നതിനും യന്ത്രവല്‍ക്കരണം സാധ്യമാക്കുന്നതിനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ്‌വെയര്‍. റഡാര്‍ (റിപ്പോട്ടേഴ്‌സ് ആന്‍ഡ് ഡാറ്റ ആന്‍ഡ് റോബോട്ട്‌സ്) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും പ്രാദേശിക നിയമസംവിധാനങ്ങളില്‍ നിന്നുമുള്ള വലിയ പൊതു ഡാറ്റ ബേസുകള്‍ പ്രയോജനപ്പെടുത്തി പ്രാദേശിക റിപ്പോര്‍ട്ടിംഗിനെ യന്ത്രവല്‍ക്കരിക്കും.

ഫുട്‌ബോള്‍ മത്സരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തയാറാക്കുന്നതിന് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ഓട്ടോമേറ്റഡ് റിപ്പോര്‍ട്ടിംഗ് സംവിധാനമായ ‘സോക്കര്‍ബോട്ട്’ അവതരിപ്പിച്ചിരുന്നു.
അസോസിയേറ്റഡ് പ്രസും (എപി) തോംസണ്‍ റോയിട്ടേഴ്‌സും വാര്‍ത്തകള്‍ എഴുതുന്നതിന് മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചുവരുന്നു. ന്യൂയോര്‍ക്ക് ടൈംസും സമാന
പദ്ധതി തയാറാക്കി വരികയാണ്.

എന്നാല്‍, ന്യൂസ് റൂമുകളില്‍ എഐ പിന്തുണയോടെയുള്ള സോഫ്റ്റ്‌വെയറുകള്‍ സാധാരണകാഴ്ചയാകുമ്പോള്‍ ആരുടെയൊക്കെ തൊഴിലുകളാണ് പരുങ്ങലിലാകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള വാര്‍ത്താ റിപ്പോര്‍ട്ടിംഗിനും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും എഐ അധിഷ്ഠിത ബോട്ടുകള്‍ക്ക് തീര്‍ച്ചയായും കഴിയുമെന്നതില്‍ സംശയമേതുമില്ല. എന്നാല്‍, ഫീച്ചറുകള്‍ ചെയ്യുന്നതിന് മനുഷ്യന്റെ ഇടപെടല്‍ ആവശ്യമാണ്-ആഗോള ഗവേഷണ സ്ഥാപനമായ ഫോറെസ്റ്ററിലെ മുതിര്‍ന്ന വിശകലന വിദഗ്ധന്‍ ഷിയോഫെംഗ് വാംഗ് ചൂണ്ടിക്കാട്ടി. ബോട്ടുകള്‍ക്ക് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്ന വിഭാഗം വ്യക്തിഗത ആശയ വിനിമയമാണ്. ഗവേഷണ ആവശ്യത്തിനായുള്ള ചാറ്റ്‌ബോട്ടുകള്‍ ഇതിനോടകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പക്ഷേ, അവയ്ക്ക് മനുഷ്യര്‍ക്ക് സഹായിയായാണ് കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുക. അവ രൂപകല്‍പ്പന ചെയ്യുമ്പോള്‍, മനുഷ്യര്‍ക്ക് അവയുടെ ഉദ്ദേശം നിര്‍വചിക്കാന്‍ കഴിയും. ഒപ്പം, അവയുടെ വ്യക്തിത്വം സങ്കല്‍പ്പിക്കാനുമാകും. എങ്കിലും ഇന്നത്തെ എഐ സാങ്കേതികവിദ്യക്ക് ചില പരിമിതികളുമുണ്ട്-വാംഗ് വ്യക്തമാക്കി.

റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, എഐ, മെഷീന്‍ ലേണിംഗ് എന്നിവയുടെ കൂട്ടുകെട്ട് മറ്റുള്ളവരെ പോലെ മാധ്യമപ്രവര്‍ത്തകരെയും ബാധിക്കുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ കാള്‍ ബെനഡിക്റ്റ് ഫ്രെ, മിഷേല്‍ ഓസ്‌ബോണ്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും യാലെ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ സര്‍വെയില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിരവധി കാര്യങ്ങളില്‍ എഐ മനുഷ്യനെ കടത്തിവെട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാഷാ വിവര്‍ത്തനം (2024), ട്രക്ക് ഡ്രൈവിംഗ് (2027), മികച്ച വില്‍പ്പന നടത്തുന്ന ബുക്കിന്റെ രചന (2049), സര്‍ജന്റെ ജോലി (2053) എന്നീ മേഖലകളിലെല്ലാം എഐ ആധിപത്യമുറപ്പിക്കും.

പല തരത്തിലുള്ള ചലനാത്മകമായ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് മനസിലാക്കാന്‍ സാധിക്കും. ഭാവിയില്‍ എഐയും റോബോട്ടുകളും വാര്‍ത്തകള്‍ തയാറാക്കും-മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേഷ് മേനോന്‍ പറഞ്ഞു.

വിശദമായ രീതിയില്‍ എഴുതുന്ന പത്രപ്രവര്‍ത്തകരില്‍ നിന്നായിരിക്കും മികച്ച സ്റ്റോറികള്‍ പുറത്തുവരിക. നാടകം, സഹാനുഭൂതി, വിശകലനം, ജീവിതഗന്ധിയായ പരാമര്‍ശങ്ങള്‍ എന്നിവയെല്ലാം അവരുടെ സ്റ്റോറിയില്‍ ഉണ്ടാകും. ഇന്ന് ജേര്‍ണലിസ്റ്റുകളുടെ 80 ശതമാനം സമയവും കവരുന്ന പതിവ് സ്റ്റഫ് ചെയ്യുന്നതിന് ഭാവിയില്‍ റോബോട്ടുകളെ ഉപയോഗപ്പെടുത്താന്‍ സാധിക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതല്‍ സ്വീകാര്യതയുള്ള ന്യൂസുകള്‍ തയാറാക്കുന്നതിന് ഇത് റിപ്പോര്‍ട്ടര്‍മാരെ സഹായിക്കും.

നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ മെഷീനുകള്‍ മനുഷ്യരെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ 50 ശതമാനം സാധ്യതയുണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

യോന്‍ ഹാപ്പിന്റെ സോക്കര്‍ബോട്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എഴുതും. പത്രപ്രവര്‍ത്തനത്തില്‍ എഐയുടെ പ്രാഥമിക അനന്തരഫലം നാല് തലങ്ങളിലാണ് കാണുവാന്‍ സാധിക്കുക. കണ്ടന്റ് ശേഖരണം, കണ്ടന്റ് നിര്‍മിക്കല്‍, ക്രമീകരണം, മാനദണ്ഡങ്ങള്‍ എന്നിവയാണ് ആ നാല് തലങ്ങള്‍.
വളരെയധികം വിവരങ്ങള്‍ വന്നെത്തുന്ന സമയത്ത് എല്ലാ വിഭാഗത്തിലും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കൂടുതലായും പ്രയോജനപ്പെടുത്താം.

എന്നാല്‍, വ്യാജ വാര്‍ത്തകള്‍ തിരിച്ചറിയുകയെന്നത് മനുഷ്യരെയും റോബോട്ടുകളെയും സംബന്ധിച്ച് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മാധ്യമം എന്ന മേഖല നിരവധി ഡാറ്റകള്‍ എത്തിച്ചേരുന്നതും ശേഖരിക്കപ്പെടുന്നതും നിര്‍മിക്കുന്നതുമായ വേദിയാണ്. അതിനാല്‍ ഇത്തരം ഡാറ്റ പോയിന്റുകള്‍ സ്‌റ്റോറികള്‍ നിര്‍മിക്കാന്‍ ഉപയോഗപ്പെടുന്നത് ജോലി എളുപ്പത്തിലാക്കും. എന്നാല്‍, വാര്‍ത്തകളോ കണ്ടന്റുകളോ നിര്‍മിക്കുന്നതിലല്ല വെല്ലുവിളികള്‍ നിറഞ്ഞിരിക്കുന്നത്. മറിച്ച്, തെറ്റായ, വ്യാജ വാര്‍ത്തകളും കിംവദന്തികളും തിരിച്ചറിയുന്നതിനും അവയില്‍ നിന്ന് വാര്‍ത്തകള്‍ അരിച്ചെടുക്കുന്നതിനും മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്.

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider