ഡ്രൈവിംഗ് സഹായി ‘ക്രൂസര്‍’ ആപ്പ്

ഡ്രൈവിംഗ് സഹായി ‘ക്രൂസര്‍’ ആപ്പ്

വാഹനം ഓടിക്കുന്നതിനിടെയുള്ള മൊബീല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ക്രൂസര്‍. പ്രാധാന്യമുള്ള കോളുകളും സന്ദേശങ്ങളും മാത്രം തരംതിരിച്ച് നിങ്ങളിലേക്ക് എത്തിക്കുന്ന ഈ ആപ്പ് ഒരു മികച്ച ഡ്രൈവിംഗ് സഹായി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്

സ്മാര്‍ട്ട് ഫോണിന്റെ അതിപ്രസരം മൂലം റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യം ഏറിവരികയാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബീല്‍ വഴിയുള്ള സംസാരവും സന്ദേശം കൈമാറലും സെല്‍ഫി എടുക്കലും മറ്റുമായി അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായും സെല്‍ഫി സംബന്ധമായ മരണങ്ങളില്‍ 50 ശതമാനവും ഇന്ത്യയിലാണെന്നും കേന്ദ്ര റോഡ് ഗതാതഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നറുടെ പഠനം അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 170 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ് വിറ്റഴിയപ്പെട്ടത്. പ്രമുഖ നഗരങ്ങളിലായി ഏകദേശം 250 മില്ല്യണ്‍ സ്മാര്‍ട്ട് ഫോണുകളുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സിന്റെ (എസ്‌ഐഎഎം) അഭിപ്രായത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 14 ദശലക്ഷം കാറുകളും 100 ദശലക്ഷത്തോളം ഇരുചക്ര വാഹനങ്ങളും വിറ്റഴിഞ്ഞിട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി മാറുകയാണ്. അതുകൊണ്ടുതന്നെ അതിന്റെ നിരന്തര ഉപയോഗവും കൂടിവരുന്നു. ഈ പ്രവണത സുരക്ഷിതമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ അതു തുടരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കേന്ദ്ര മന്ത്രാലയത്തിന്റെ കണക്കു പ്രകാരം വാഹനമുള്ള 90ശതമാനം ആളുകളും യാത്രയ്ക്കിടയില്‍ കോളുകളും മെസേജുകളും ചെയ്യാറുള്ളതായാണ് സൂചന. വാഹനാപകടങ്ങള്‍ കുറച്ച് സുരക്ഷ ഉറപ്പു വരുത്താനുള്ള ഒരു പരിഹാര മാര്‍ഗമെന്നോണമാണ് ഐഐടി മുംബൈയിലെ (2009 ബാച്ച്) പല്ലവ് സിംഗും ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ടിലെ (2011 ബാച്ച്) ദിനേഷ് ഫത്തേപുരിയയും മുന്നിട്ടിറങ്ങിയത്.

ക്രൂസറിന്റെ പിറവി

സ്മാര്‍ട്ട് ഫോണുകളേയും കാറുകളേയും ബൈക്കുകളേയും അണിനിരത്തി പല്ലവ് സിംഗും ദിനേഷ് ഫത്തേപുരിയയും നടത്തിയ ഗവേഷണത്തിന്റെ ഫലമായാണ് ക്രൂസര്‍ എന്ന സേഫ് ഡ്രൈവ് ആപ്ലിക്കേഷന്റെ പിറവി. 2015ലാണ് അവര്‍ ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ഒരു വ്യക്തി ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പൂര്‍ണമായും ലോക്ക് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ സംവിധാനത്തിലുള്ളത്. കോള്‍ അഥവാ സന്ദേശങ്ങള്‍ വളരെയധികം പ്രാധാന്യമുളളതാണെങ്കില്‍ മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു. പ്രാധാന്യമില്ലാത്തവ യാത്ര അവസാനിപ്പിക്കുമ്പോള്‍ മാത്രമാവും നിങ്ങള്‍ അറിയുന്നത്.

ഒരു വ്യക്തി ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ പൂര്‍ണമായും ലോക്ക് ചെയ്യുന്ന സാങ്കേതിക വിദ്യയാണ് ഈ സംവിധാനത്തിലുള്ളത്. കോള്‍ അഥവാ സന്ദേശങ്ങള്‍ വളരെയധികം പ്രാധാന്യമുളളതാണെങ്കില്‍ മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു. പ്രാധാന്യമില്ലാത്തവ യാത്ര അവസാനിപ്പിക്കുമ്പോള്‍ മാത്രമാവും നിങ്ങള്‍ അറിയുന്നത്

സ്മാര്‍ട്ട് ഫോണിലെ ക്രൂസര്‍ സോഫ്റ്റ്‌വെയര്‍, അവയില്‍ സ്ഥാപിച്ചിരിക്കുന്ന ഗൈറോസെന്‍സര്‍ (മനുഷ്യന്റെ ചലനം തിരിച്ചറിയുന്ന ഉപകരണങ്ങള്‍) വഴി ഒരു വ്യക്തി വാഹനം ഓടിക്കുകയാണോ അല്ലയോ എന്നു കൃത്യമായി മനസിലാക്കുന്നു. ക്രൂസറില്‍ സാധ്യമാക്കിയിരിക്കുന്ന സാങ്കേതിക വിദ്യയിലൂടെ സെന്‍സറുകള്‍ക്ക് ഒരു വ്യക്തിയുടെ ചലനത്തിന്റെ വേഗത ആസ്പദമാക്കി വാഹനം ഓടിക്കുകയാണോ, നടക്കുകയാണോ, ഓടുകയാണോ എന്നു വിലയിരുത്താന്‍ കഴിയും. ശരീരത്തിലും കൈകാലുകളിലുമുണ്ടാകുന്ന വിവിധ ചലനങ്ങളിലൂടെയാണ് ഇവ നിര്‍ണയം നടത്തുന്നത്. അതുപോലെതന്നെ ഡ്രൈവ് ചെയ്യാത്ത സാഹചര്യങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന അല്‍ഗോരിതങ്ങള്‍ നിരവധി തവണ പരീക്ഷണ വിധേയമാക്കിയതായും പല്ലവ് സിംഗ് ചൂണ്ടിക്കാട്ടി.

സാങ്കേതികവിദ്യ

രണ്ടു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ക്രൂസറിനു പിന്നിലെ സാങ്കേതിക വിദ്യ രൂപം കൊണ്ടത്. ഒരു ഡ്രൈവിംഗ് സഹായി എന്ന നിലയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഒരു വ്യക്തി വാഹനം ഓടിക്കുമ്പോള്‍ അവരുടെ ഫോണില്‍ വരുന്ന കോളുകളും മെസേജുകളും ക്രൂസര്‍ ഏറ്റെടുക്കുന്നു. നിങ്ങള്‍ വാഹനം ഓടിക്കുകയാണെന്നും കോള്‍ അത്ര പ്രാധാന്യമുണ്ടെങ്കില്‍ മാത്രം തുടരാനുമുള്ള നിര്‍ദേശം നല്‍കപ്പെടുന്നു. ഫോണിലെ സ്മാര്‍ട്ട് ചാറ്റ്‌ബോട്ട് സംവിധാനമാണ് ആ വ്യക്തിക്കു വരുന്ന എസ്എംഎസ്, വാട്‌സാപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം സന്ദേശങ്ങളും കൈകാര്യം ചെയ്യുന്നത്. സന്ദേശങ്ങള്‍ പ്രാധാന്യമേറിയതാണെങ്കില്‍ മാത്രം അവ നിങ്ങളിലേക്ക് റെക്കോര്‍ഡ് ചെയ്ത് എത്തിക്കും, എന്നാല്‍ ഈ സന്ദേശം നിങ്ങള്‍ തൊട്ടടുത്ത് എപ്പോഴെങ്കിലും വാഹനം നിര്‍ത്തിയാല്‍ മാത്രമേ കാണാന്‍ കഴിയൂ. പ്രാധാന്യമില്ലാത്ത സന്ദേശങ്ങള്‍ യാത്ര പൂര്‍ണമായും അവസാനിപ്പിക്കുമ്പോള്‍ ഈ സംവിധാനം നിങ്ങള്‍ക്കു കൈമാറും.

”ബൈക്ക് അഥവാ കാര്‍ ഓടിക്കുമ്പോള്‍ പൂര്‍ണമായും ലോക്ക് ആകുന്ന ഫോണ്‍ ഒരുതരത്തിലും കോള്‍, മെസേജ് ചെയ്യാന്‍ കഴിയാത്ത സംവിധാനത്തിലാണുള്ളത്. എന്നാല്‍ കോള്‍ പ്രാധാന്യമുള്ളതാണങ്കില്‍ വിളിക്കുന്ന ആള്‍ 1 എന്ന അക്കം അമര്‍ത്തണം. നിങ്ങള്‍ വാഹനം ഓടിക്കുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ക്രൂസര്‍ നിങ്ങള്‍ക്ക് ആ കോള്‍ കണക്റ്റ് ചെയ്യും,” പല്ലവ് പറയുന്നു.

ക്രൂസര്‍ പ്ലാറ്റ്‌ഫോമിലെത്തുന്ന 95 ശതമാനം കോളുകളും അത്ര പ്രാധാന്യമില്ലാത്തവയാണെന്നാണ് കണക്കുകള്‍. 50 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ക്രൂസര്‍ ഇതിനോടകം 10,000 ത്തോളം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

Comments

comments

Categories: FK Special, Slider