സെസ്സ് വര്‍ധന നിര്‍ഭാഗ്യകരമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍

സെസ്സ് വര്‍ധന നിര്‍ഭാഗ്യകരമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍

മിക്ക കാറുകളുടെയും വില വര്‍ധിക്കും

ന്യൂ ഡെല്‍ഹി : സെസ്സ് വര്‍ധിപ്പിക്കാനുള്ള ജിഎസ്ടി കൗണ്‍സില്‍ തീരുമാനം നിര്‍ഭാഗ്യകരമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍. മിഡ് സൈസ് കാറുകള്‍, എസ്‌യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ സെസ്സ് വര്‍ധിപ്പിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മിക്കവാറും എല്ലാ കാറുകളുടെയും വില വര്‍ധിക്കുമെന്നാണ് കാര്‍ കമ്പനികള്‍ ആശങ്കപ്പെടുന്നത്.

നിലവില്‍ ഈ മേഖലയില്‍ ഉയര്‍ന്ന നികുതി നിരക്കുകളാണെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു. കാറുകളുടെ സെസ്സ് വീണ്ടും വര്‍ധിപ്പിച്ചത് നിരാശപ്പെടുത്തുന്നതാണെന്ന് ഔഡി ഇന്ത്യാ മേധാവി റാഹില്‍ അന്‍സാരി പറഞ്ഞു.

വാഹന നിര്‍മ്മാണ മേഖലയിലെ മിക്കവരും റാഹില്‍ അന്‍സാരിയുടെ അഭിപ്രായത്തോട് യോജിച്ചു. സെസ്സ് വര്‍ധന കാറുകളുടെ വിലയില്‍ പ്രതിഫലിക്കുന്നതോടെ ഭാരം ഉപഭോക്താക്കളുടെ ചുമലിലാകും. ഉത്സവ സീസണിലെ കാര്‍ വില്‍പ്പനയെ സെസ്സ് വര്‍ധന ബാധിക്കുമോയെന്ന ആശങ്കയും വാഹന നിര്‍മ്മാതാക്കള്‍ പങ്കുവെച്ചു.

ജിഎസ്ടി നടപ്പാക്കിയ സമയത്ത് കുറച്ച വില, കാര്‍ നിര്‍മ്മാതാക്കള്‍ ഇനി എപ്പോള്‍ വര്‍ധിപ്പിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഉത്സവ സീസണ്‍ കഴിയുന്നതുവരെ സെസ്സ് വര്‍ധന നടപ്പാക്കില്ലെന്ന് കമ്പനികള്‍ കരുതുന്നു.

സെസ്സ് വര്‍ധന നിരാശപ്പെടുത്തുന്നതാണെന്ന് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യാ എംഡിയും സിഇഒയുമായ റോളണ്ട് ഫോള്‍ഗര്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ വലിയ വളര്‍ച്ചാ സാധ്യതകളാണ് ആഡംബര കാര്‍ വിപണിയില്‍ കണ്ടിരുന്നത്. കാറുകളുടെ വില വര്‍ധിക്കുന്നതോടെ ഡിമാന്‍ഡ് കുറയുമെന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയില്‍ ആഡംബര കാര്‍ സെഗ്‌മെന്റിന്റെ പങ്കാളിത്തം ഇപ്പോഴും പരിമിതമാണെന്ന് റോളണ്ട് ഫോള്‍ഗര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മറ്റ് വികസിത രാജ്യങ്ങളില്‍ ആഡംബര കാര്‍ വിപണി ക്രമാനുഗതമായ വളര്‍ച്ചയാണ് ഉറപ്പുവരുത്തുന്നത്.

മിഡ് സൈസ് കാറുകളുടെ സെസ്സ് രണ്ട് ശതമാനവും ആഡംബര കാറുകളുടേത് അഞ്ച് ശതമാനവും എസ്‌യുവികളുടെ സെസ്സ് ഏഴ് ശതമാനവുമായി വര്‍ധിപ്പിക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചത്.

Comments

comments

Categories: Auto