ആരാംകോയുടെ ഐപിഒയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ആരാംകോയുടെ ഐപിഒയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കായി ഗവണ്‍മെന്റ് തയാറാക്കിയ നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം പരിഷ്‌കരിക്കാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ

റിയാദ്: ഓയില്‍ ഭീമനായ സൗദി ആരാംകോയുടെ ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ മികച്ചരീതിയില്‍ മുന്നോട്ടുപോവുകയാണെന്ന് ഗവണ്‍മെന്റ് വ്യക്തമാക്കി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കായി ഗവണ്‍മെന്റ് തയാറാക്കിയ പദ്ധതി നവീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പനയുമായി (ഐപിഒ) ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് സൗദി രംഗത്തെത്തിയത്.

ഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതികള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുപോകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പത്രക്കുറിപ്പിലൂടെ പറഞ്ഞു. ആരാംകോയുടെ അഞ്ച് ശതമാനം ഓഹരികളുടെ വില്‍പ്പന അടുത്ത വര്‍ഷം നടത്താനാണ് സൗദി പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും ഇതെന്നാണ് വിലയിരുത്തുന്നത്. ഐപിഒ നടത്തുന്നതിനുള്ള നടപടികള്‍ മികച്ചരീതിയില്‍ മുന്നോട്ടുപോവുകയാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും ഉയര്‍ന്ന നിലവാരത്തിലും പൂര്‍ത്തിയാക്കാനാണ് ആരാംകോ ലക്ഷ്യമിടുന്നതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

രാജ്യത്തെ എണ്ണ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയില്‍ നിന്ന് പുറത്ത് കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ തയാറാക്കിയ നാഷണല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാമാണ് പരിഷ്‌കരിക്കുന്നത്. എന്നാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക-ഊര്‍ജ്ജ മേഖലകളുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളില്‍ മാറ്റങ്ങളുണ്ടാകില്ല. എന്നാല്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് കിരീടാവകാശി മൊഹമ്മെദ് ബിന്‍ സല്‍മാന്‍ തയാറാക്കിയിരിക്കുന്ന സൗദി വിഷന്‍ 2030- മായി പുതിയ നടപടികള്‍ യോജിക്കേണ്ടതുണ്ട്.

ആരാംകോയുടെ അഞ്ച് ശതമാനം ഓഹരികളുടെ വില്‍പ്പന അടുത്ത വര്‍ഷം നടത്താനാണ് സൗദി പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പ്പനയായിരിക്കും ഇതെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്‌

രാജ്യത്തിന്റെ നവീകരണത്തിനും വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ശക്തമായ അടിത്തറയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് എന്‍ടിപിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മുന്‍പത്തെ പദ്ധതിയിലുണ്ടായിരുന്ന പകുതിയില്‍ അധികം വരുന്ന പ്രവര്‍ത്തനങ്ങളേയും മറ്റൊരു പദ്ധതിയുടെ കീഴിലേക്ക് കൊണ്ടുവരുമെന്നും കൂട്ടിച്ചേര്‍ത്തു.

സൗദിയുടെ ഭരണസംവിധാനത്തെ അഴിച്ചുപണിയാനാണ് യഥാര്‍ത്ഥത്തിലുള്ള എന്‍ടിപിയെ രൂപകല്‍പ്പന ചെയ്തിരുന്നത്. 2020 നുള്ളില്‍ ഓരോ മന്ത്രാലയവും കൈവരിക്കേണ്ട ലക്ഷ്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. എണ്ണയ്ക്ക് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തമായി നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ളതായിരുന്നു പദ്ധതി. ആരാംകോയുടെ ഓഹരികള്‍ വില്‍ക്കുന്നതും ലോകത്തിലെതന്നെ ഏറ്റവും വലിയ സോവറൈന്‍ വെല്‍ത്ത് ഫണ്ട് രൂപീകരിക്കുന്നതും പദ്ധതിയുടെ ഭാഗമായാണ്.

എന്‍ടിപി 2.0 എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ പുനര്‍നിര്‍മാണം ഉദ്യോഗസ്ഥരും ഉപദേശകരും ജൂലൈയില്‍ ആരംഭിച്ചു. പദ്ധതിയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാന്‍ 16 ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നത്. ഒക്‌റ്റോബറിന്റെ അവസാനത്തോടെ അന്തിമ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് മുന്നില്‍ സമര്‍പ്പിക്കും.

Comments

comments

Categories: Arabia