ഡെലിവറി സ്ഥാപനമായ വിംഗിനെ സൗക് ഏറ്റെടുത്തു

ഡെലിവറി സ്ഥാപനമായ വിംഗിനെ സൗക് ഏറ്റെടുത്തു

മുന്‍പ് വിംഗിലെ നിക്ഷേപകരായിരുന്ന സൗക് ഡോട്ട് കോം കമ്പനിയെ പൂര്‍ണമായി ഏറ്റെടുക്കാനുള്ള കരാറില്‍ ഒപ്പുവെച്ചു

ദുബായ്: ഡെലിവറി സ്ഥാപനമായ വിംഗ് ഡോട്ട് എഇയെ യുഎഇയിലെ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ സൗക് ഡോട്ട് കോം ഏറ്റെടുത്തു. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട അന്തിമകരാറില്‍ ഒപ്പുവെച്ചതായി സൗക് വ്യക്തമാക്കി. മൊബീലിനേയും വെബിനേയും അടിസ്ഥാനമാക്കിയുള്ള ഡെലിവറികളാണ് വിംഗ് ഡോട്ട് എഇ നടത്തുന്നത്.

യുഎസിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ അടുത്തിടെ ഏറ്റെടുത്ത സൗക് ഡോട്ട് കോം മുന്‍പ് വിംഗ് ഡോട്ട് എഇയില്‍ നിക്ഷേപം നടത്തിയിരുന്നു. കമ്പനിയെ പൂര്‍ണമായിട്ടാണ് സൗക് ഏറ്റെടുക്കുന്നത്. സൗക് ഡോട്ട് കോമിന്റെ ഉള്‍പ്പടെയുള്ള ഉപഭോക്താക്കളിലേക്ക് തുടര്‍ന്നും ഡെലിവറി സേവനം എത്തിക്കുമെന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന വിംഗിന്റെ മേഖലയിലെ ഡെലിവറി സേവനങ്ങളിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

യുഎസിലെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ അടുത്തിടെയാണ് സൗക് ഡോട്ട് കോമിനെ ഏറ്റെടുത്തത്

സൗക് ഡോട്ട് കോം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ഉപഭോക്താക്കള്‍ക്കാണെന്നും കൂടുതല്‍ മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം അവരിലേക്ക് എത്തിക്കുമെന്നും സൗക് ഡോട്ട് കോമിന്റെ സിഇഒ റൊണാള്‍ഡോ മൗച്ചവാര്‍ പറഞ്ഞു. വളരെ വേഗത്തില്‍ ഉപഭോക്താക്കളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സൗകിന്റെ ഉപഭോക്താക്കള്‍ക്ക് വിംഗ് ഡോട്ട് എഇയിലൂടെ കൂടുതല്‍ സൗകര്യപ്രദമായി അതേ ദിവസമോ അടുത്ത ദിവസമോ തന്നെ സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആമസോണിന്റെ പിന്തുണയോടെ മിഡില്‍ ഈസ്റ്റിലെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനുള്ള ശ്രമത്തിലാണെന്നും മൗച്ചവാര്‍ കൂട്ടിച്ചേര്‍ത്തു.

മേഖലയിലെ മുന്‍നിര ഇ കൊമേഴ്‌സ് ഹബ്ബാണ് യുഎഇയെന്നും ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന കാലതാമസം നീക്കി എത്രയും പെട്ടെന്ന് ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും വിംഗ് ഡോട്ട് എഇയുടെ സിഇഒ മുസാഫര്‍ കറാബേവ് പറഞ്ഞു. സൗക് ഡോട്ട് കോമിന്റെ പിന്തുണയോടെ വിംഗിന്റെ സാങ്കേതിക, അടിസ്ഥാനസൗകര്യം ആഭ്യന്തര വികസനം എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിച്ച് കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

31 വിഭാഗങ്ങളില്‍പ്പെടുന്ന 8.4 മില്യണില്‍ അധികം ഉല്‍പ്പന്നങ്ങളാണ് സൗക് ഡോട്ട് കോമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിമാസം 45 മില്യണ്‍ ആളുകളാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നത്. സൗദി അറേബ്യ, യുഎഇ, ഈജിപ്റ്റ് എന്നിവിടങ്ങളിലാണ് ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Arabia