പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സിയാം

പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സിയാം

ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നിയമം കൊണ്ടുവരണമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ്

ന്യൂ ഡെല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നാണ് ഇന്ത്യയെന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന് സ്ഥാനമില്ല. പരിസ്ഥിതി മലിനീകരണം ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിലൊന്നും ഇന്ത്യ തന്നെ. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള എല്ലാ വാഹനങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് (സിയാം) ആണ് രംഗത്തുവന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനോടാണ് വാഹന നിര്‍മ്മാതാക്കളുടെ സംഘടന ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇതിനായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ നിയമം കൊണ്ടുവരണമെന്നും സിയാം ആവശ്യപ്പെട്ടു.

നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സിയാം പ്രസിഡന്റും അശോക് ലെയ്‌ലാന്‍ഡ് സിഇഒ & എംഡിയുമായ വിനോദ് കെ ദസാരി ആവശ്യപ്പെട്ടു. 57 ാമത് സിയാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹന വ്യവസായവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയപരിപാടികളില്‍ ഉപദേശക സമിതിയായി പ്രവര്‍ത്തിക്കാന്‍ ഈ ബോര്‍ഡിന് കഴിയും.

നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സിയാം പ്രസിഡന്റ് വിനോദ് കെ ദസാരി ആവശ്യപ്പെട്ടു

മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയെ ശക്തിപ്പെടുത്തുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷം ഉറപ്പുവരുത്താനും നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയിലെ ജിഡിപിയുടെ അമ്പത് ശതമാനവും സംഭാവന ചെയ്യുന്നത് വാഹന നിര്‍മ്മാണ വ്യവസായമാണ്.

ഇന്ത്യ നൂറ് ശതമാനവും സീറോ എമിഷന്‍ രാജ്യമാകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ചടങ്ങില്‍ സംസാരിച്ച നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ഊന്നിപ്പറഞ്ഞു. ആന്തരിക ദഹന എന്‍ജിനുകളില്‍നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Auto