2020 മുതല്‍ എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ജെഎല്‍ആര്‍

2020 മുതല്‍ എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ജെഎല്‍ആര്‍

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ടെക് ഫെസ്റ്റിലാണ് ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയത്

ന്യൂ ഡെല്‍ഹി : 2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. മെഴ്‌സിഡസ് ബെന്‍സ്, ഔഡി, ബിഎംഡബ്ല്യു കമ്പനികളുടെ ചുവടുപിടിച്ചാണ് ജെഎല്‍ആര്‍ 2020 എന്ന ഡെഡ്‌ലൈന്‍ നിശ്ചയിച്ചിരിക്കുന്നത്.

വൈദ്യുത വാഹനങ്ങളിലാണ് ഭാവിയെന്ന വസ്തുത അംഗീകരിച്ച് എല്ലാ പരമ്പരാഗത കാര്‍ നിര്‍മ്മാതാക്കളും കാലത്തിനൊത്ത് മുന്നേറുന്നതിന്റെ ഒടുവിലത്തെ പ്രത്യക്ഷ ഉദാഹരണമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ പ്രഖ്യാപനം. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ടെക് ഫെസ്റ്റിലാണ് കമ്പനി ശ്രദ്ധേയമായ പ്രഖ്യാപനം നടത്തിയത്.

ആദ്യ ഫുള്ളി ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസ് അടുത്ത വര്‍ഷം വിപണിയിലെത്തും

2020 മുതല്‍ പുറത്തിറക്കുന്ന എല്ലാ പുതിയ മോഡലുകളും ഇലക്ട്രിക് ആയിരിക്കുമെന്ന് ജെഎല്‍ആര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ റാല്‍ഫ് സ്‌പേത് വ്യക്തമാക്കി. ജെഎല്‍ആറിന്റെ ആദ്യ ഫുള്ളി ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഐ-പേസ് കൂടാതെ, ഇലക്ട്രിക് ജാഗ്വാര്‍ ഇ-ടൈപ്പ് സീറോയുടെ നിര്‍മ്മാണത്തിലാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. 1968 സീരീസ് 1.5 റോഡ്‌സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഇ-ടൈപ്പ് സീറോ നിര്‍മ്മിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ കാറിന് 5.5 സെക്കന്‍ഡ് മതിയാകും. ജാഗ്വാര്‍ ഫ്യൂച്ചര്‍-ടൈപ്പും ജെഎല്‍ആറിന്റെ പരിഗണനയിലുണ്ട്. ഈ കാര്‍ ഫുള്ളി ഓട്ടോണമസ് ആയിരിക്കും. ഇന്റലിജന്റ് സ്റ്റിയറിംഗ് ആയിരിക്കും പ്രധാന സവിശേഷത.

Comments

comments

Categories: Auto

Related Articles