എച്ച്‌യുഎല്ലിന്റെ അസമിലെ പുതിയ യൂണിറ്റില്‍ ഉല്‍പ്പാദനം ആരംഭിച്ചു

എച്ച്‌യുഎല്ലിന്റെ അസമിലെ പുതിയ യൂണിറ്റില്‍ ഉല്‍പ്പാദനം ആരംഭിച്ചു

1,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് അസമില്‍ എച്ച്‌യുഎല്ലിന്റെ നാലാമത്തെ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്

ടിന്‍സുകിയ: ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ലിമിറ്റഡിന്റെ 1,000 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റ് അസമിലെ ദൂംദൂമയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളും എച്ച്‌യുഎല്ലിന്റെ ആഗോള സിഇഒ പോള്‍ പോള്‍മാനും ചേര്‍ന്ന് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. എച്ച്‌യുഎല്ലിന്റെ അസമിലെ നാലാമത്തെ ഉല്‍പ്പാദന യൂണിറ്റാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് യൂണിലെവര്‍ കടപ്പെട്ടിരിക്കുന്നതായി പോള്‍മാന്‍ പറഞ്ഞു. യൂണിറ്റ് തുടങ്ങുന്നതു സംബന്ധിച്ച് ആശയം രൂപപ്പെട്ടത് മുതല്‍ 300 ദിവസത്തിനകം വാണിജ്യ ഉല്‍പ്പാദനം തുടങ്ങാന്‍ കഴിഞ്ഞെന്ന് പോള്‍മാന്‍ അവകാശപ്പെട്ടു. ലോവര്‍ അസമിലും കാച്ചാറിലും യൂണിലെവറിന്റെ പുതിയ യൂണിറ്റ് തുടങ്ങുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് യൂണിലെവര്‍ കടപ്പെട്ടിരിക്കുന്നതായി കമ്പനിയുടെ ആഗോള സിഇഒ പോള്‍മാന്‍

പുതിയ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്ന യൂണിറ്റ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുകയും കമ്പനിക്കും പങ്കാളികള്‍ക്കും തന്ത്രപ്രധാനമായ വരുമാനസ്രോതസ്സെന്ന നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുമെന്ന് എച്ച്‌യുഎല്‍ ഇന്ത്യ സിഇഒ സഞ്ജീവ് മെഹ്ത പറഞ്ഞു. ദൂംദുമയിലെ പുതിയ യൂണിറ്റ് പ്രദേശത്തെ 1750 പേര്‍ക്ക് നേരിട്ട് തൊഴിലവസരം നല്‍കുമെന്നും യുവാക്കള്‍ക്ക് നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിന് വേണ്ടി എച്ച്‌യുഎല്‍ എന്‍ജിഒകളുമായും തദ്ദേശീയ സ്ഥാപനങ്ങളിലെ അധികൃതരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2001 മുതല്‍ ദൂംദുമയില്‍ എച്ച്‌യുഎല്ലിന് സാന്നിധ്യമുണ്ട്. ഇവിടുത്തെ മൂന്ന് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഷാംപൂ, സ്‌കിന്‍ ക്രീം, ലോഷന്‍, ടൂത്ത്‌പേസ്റ്റ് തുടങ്ങിയ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

വ്യാവസായിക യൂണിറ്റുകള്‍ക്ക് ഗുണമേന്മയുള്ള തൊഴില്‍ശക്തി സംഭാവന ചെയ്യുന്നതിന് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2018 ഫെബ്രുവരിയില്‍ ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന ആഗോള ബിസിനസ് സമ്മേളനത്തില്‍ നിക്ഷേപകരെ കണ്ടെത്താന്‍ എച്ച്‌യുഎല്ലിന്റെ സഹായം അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Comments

comments

Categories: Business & Economy