വായടപ്പിക്കാന്‍ തോക്കുകള്‍ക്കാവില്ല

വായടപ്പിക്കാന്‍ തോക്കുകള്‍ക്കാവില്ല

മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് കഴിയണം. അല്ലെങ്കില്‍ അത് നല്‍കുന്ന സന്ദേശത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും

ജനാധിപത്യപരമായി അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യ പോലൊരു രാജ്യത്തെ വേറിട്ടു നിര്‍ത്തുന്നത്. ആശയപരമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നതിന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ നാട്ടില്‍ സംജാതമായാല്‍ തകരുന്നത് ഈ രാഷ്ട്രം മുന്നോട്ടുവെച്ച മഹത്തായ ഒരു സംസ്‌കാരം കൂടിയാണ്. ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയാണ് ഭയമില്ലാതെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പറയാന്‍ സാധിക്കുന്നതിനുള്ള ആവാസ വ്യവസ്ഥ. എന്നാല്‍ പ്രമുഖ മാധ്യമ, സാമൂഹ്യ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ അക്രമികള്‍ വെടിവെച്ചുകൊന്നത് ജനാധിപത്യ സമൂഹത്തിന് ആകെ അപമാനകരമാണ്. ഭീരുത്വത്തിന്റേതാണ് ആ തോക്കുകള്‍. അതില്‍ സംശയമൊന്നുമില്ല.

ലങ്കേഷ് പത്രികയുടെ പത്രാധിപ ആയിരുന്നു ഗൗരി. വിവിധ മണ്ഡലങ്ങളില്‍ സജീവമായി വ്യാപരിച്ചിരുന്ന അവര്‍ മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടവരുന്നതിലും വലിയ പങ്കുവഹിച്ചു. അവര്‍വെച്ചുപുലര്‍ത്തിയ ചിന്താധാരയോട് വിയോജിപ്പുകള്‍ ഉളളവരുണ്ടാകാം. എന്നാല്‍ അതിനെ തോക്കുകൊണ്ടു നേരിടുന്നത് കാടത്തമാണ്. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഇതെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിപ്രായം പ്രസക്തമാണ്. എന്നാല്‍ ഇതിന് തുടര്‍നടപടികള്‍ ഉണ്ടാകുമോയെന്നതാണ് പ്രസക്തമായ ചോദ്യം. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാരിനുണ്ടാകുമോ? കല്‍ബുര്‍ഗിയുടെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഇതുവരെ സര്‍ക്കാരിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്നതും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.

എന്നാല്‍ ഗൗരിയുടെ കൊലപാതകത്തെ രാഷ്ട്രീയപരമായി മുതലെടുക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം സാഹചര്യങ്ങള്‍ വഷളാക്കാന്‍ മാത്രമേ ഉപകരിക്കൂ. ബിജെപിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റേയും കടുത്ത വിമര്‍ശക ആയിരുന്നു ഗൗരി. അതിനെതിരെ തീവ്രമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു റിപ്പോര്‍ട്ടിനെതിരെ ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇതിനര്‍ത്ഥം ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കാണെന്നല്ല. ഒരു കൊലപാതകത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാതെ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ദുഷ്ട ശക്തികളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തേണ്ടത്. അതിനുള്ള സഹകരണമാണ് രാഷ്ട്രീയ കക്ഷികള്‍ നല്‍കേണ്ടത്. അതല്ലാതെ ഒന്നും അറിയുന്നതിനു മുമ്പ്, എന്ത് നടന്നാലും പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന സോഷ്യല്‍ മീഡിയ സംസ്‌കാരത്തിന് കുടപിടിക്കുകയും എരുതീയില്‍ എണ്ണ പകരുകയുമല്ല വേണ്ടത്.

ആശയപരമായി നമ്മള്‍ എതിര്‍ക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നമ്മള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ അഭിപ്രായ സ്വാതന്ത്രമെന്ന പ്രത്യയശാസ്ത്രത്തില്‍ നമുക്ക് ഒരു തരി പോലും വിശ്വാസമില്ല എന്നാണ് അര്‍ത്ഥം. ഒരു യഥാര്‍ത്ഥ ജനാധിപത്യം നമുക്ക് തുറന്ന വിയോജിപ്പിനുള്ള അവസരമാണ് നല്‍കുന്നത്. ഏത് ഇസത്തില്‍ നമ്മള്‍ വിശ്വസിച്ചാലും വിയോജിപ്പിനുള്ള അവകാശം പരമപവിത്രമാണ്. കമ്യൂണിസ്റ്റ് ചൈനയിലോ ഉത്തര കൊറിയയിലോ മറ്റ് മതരാജ്യങ്ങളിലോ അല്ല നമ്മള്‍ ജീവിക്കുന്നതെന്ന ബോധ്യമുണ്ടാകണം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിഘടനവാദങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കും.

എന്നും തുറന്ന സമൂഹമായിരുന്നു ഭാരതം. അതുകൊണ്ടാണ് എന്തെല്ലാം അധിനിവേശങ്ങള്‍ നടന്നിട്ടും നല്ലതിനെ ഉള്‍ക്കൊള്ളാന്‍ ഈ രാജ്യത്തിനായത്. ആ ബോധ്യം വേണം. ആശയത്തെ ആശയം കൊണ്ടു നേരിടുന്നത് ഒരു സംസ്‌കാരമാണ്. ആ പ്രത്യയശാസ്ത്രമാണ് ഈ രാജ്യം ചരിത്രാതീത കാലം മുതല്‍ക്ക് പിന്തുടര്‍ന്നു പോന്നതും.

Comments

comments

Categories: Editorial, Slider