1.8 – 2 ബില്യണ്‍ ഡോളറിന്റേതായിരിക്കും ഇടപാട്
മുംബൈ : ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ ഐഷര്‍ മോട്ടോഴ്സ് ഏറ്റെടുക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. 1.8 ബില്യണ്‍ ഡോളറിനും 2 ബില്യണ്‍ ഡോളറിനും ഇടയിലായിരിക്കും ഇടപാട്. റോയല്‍ എന്‍ഫീല്‍ഡിനെ ഏറ്റെടുത്തശേഷം ഐഷര്‍ മോട്ടോഴ്സ് നടത്തുന്ന സുപ്രധാന നീക്കമാണ് ഇപ്പോഴത്തേത്. ഐഷര്‍ മോട്ടോഴ്സിന്റെ ബ്രാന്‍ഡ് ഇക്വിറ്റിയും ആഗോള സാന്നിധ്യവും വര്‍ധിക്കുന്നതിന് ഡ്യുക്കാറ്റി ഏറ്റെടുക്കല്‍ ഉപകരിക്കും.
ഡ്യുക്കാറ്റി ഏറ്റെടുക്കുന്നതിന് ഏഷ്യയില്‍നിന്ന് ഇപ്പോള്‍ ഐഷര്‍ മോട്ടോഴ്സ് മാത്രമാണ് അവശേഷിക്കുന്നത്. ഏറ്റെടുക്കലിന്റെ സാമ്പത്തിക വശങ്ങള് സംബന്ധിച്ച് കമ്പനി വിവിധ ബാങ്കുകളുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ മാസം അവസാനത്തോടെ ഡ്യുക്കാറ്റിയുടെ വിറ്റഴിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
ഫോക്സ്വാഗണ് ഗ്രൂപ്പിന് കീഴിലെ ഔഡിയുടെ നിയന്ത്രണത്തിലാണ് ഡ്യുക്കാറ്റി. 1.5 ബില്യണ്‍ യൂറോയ്ക്കായി ഡ്യുക്കാറ്റി ബ്രാന്‍ഡ് വില്‍ക്കുന്നതിന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ എവര്‍കോര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കുമായി ചേര്‍ന്ന് ശ്രമിച്ചുവരികയാണ്. ബഹിര്‍ഗമന നിയന്ത്രണ മാനദണ്ഡങ്ങള്‍ മറികടക്കുന്നതിന് നടത്തിയ തട്ടിപ്പ് പിടിക്കപ്പെട്ടതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ് ഫോക്സ്വാഗണ് ഗ്രൂപ്പ് പുതിയ മാര്‍ഗ്ഗം സ്വീകരിച്ചത്.
ഈ മാസം 29 ന് ചേരുന്ന ഫോക്സ്വാഗന്റെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗം നിര്‍ണ്ണായകമാകും
ഡ്യുക്കാറ്റിയെ ഏറ്റെടുക്കുന്നതിന് ഹാര്‍ലി ഡേവിഡ്സണ്, സുസുകി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ് കമ്പനികള്‍ നേരത്തെ രംഗത്തുണ്ടായിരുന്നു.
ഫോക്സ്വാഗന്റെ ജര്‍മ്മനിയിലെ തൊഴിലാളി യൂണിയന് ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതോടെ ഡ്യുക്കാറ്റി വിറ്റഴിക്കാനുള്ള നീക്കം ഫോക്സ്വാഗണ് തല്ക്കാലം നിര്‍ത്തിവെച്ചിരുന്നു. ഇരുപതംഗ മാനേജ്മെന്റ് ബോര്‍ഡില്‍ പകുതി സീറ്റുകള്‍ ഫോക്സ്വാഗണ് ഗ്രൂപ്പിലെ തൊഴിലാളി യൂണിയന് പ്രതിനിധികള്‍ക്കാണ്. ഡ്യുക്കാറ്റി ബ്രാന്‍ഡ് വില്‍ക്കുന്നതിനെതിരെ ഈ ട്രേഡ് യൂണിയന് നേതാക്കളാണ് രംഗത്തുവന്നത്. 91 വര്‍ഷത്തെ പഴക്കമുള്ള ബിസിനസ് വില്‍ക്കുന്നതിന് ഈ മാസം 29 ന് ചേരുന്ന ഫോക്സ്വാഗന്റെ സൂപ്പര്‍വൈസറി ബോര്‍ഡ് യോഗം നിര്‍ണ്ണായകമാകും.
ജര്‍മ്മനിയിലെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഡ്യുക്കാറ്റി വില്‍പ്പനയ്ക്ക് അര്‍ദ്ധ വിരാമമിടുകയാണ് ഫോക്സ് വാഗണ്‍ ഗ്രൂപ്പ്. ഐഷര്‍ മോട്ടോഴ്സുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഡ്യുക്കാറ്റി വൃത്തങ്ങള്‍ അറിയിച്ചു.