25,000 ഇലക്ട്രിക് റിക്ഷകള്‍ നിരത്തുകളിലേക്ക്

25,000 ഇലക്ട്രിക് റിക്ഷകള്‍ നിരത്തുകളിലേക്ക്

ഇന്ത്യയെ ഇലക്ട്രിക് വാഹന രാജ്യമായി പരിവര്‍ത്തനം ചെയ്യാന്‍ കച്ചകെട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി : 2030 ഓടെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ രാജ്യമായി മാറ്റിയെടുക്കുന്നതിന്റെ നാള്‍വഴികളിലാണ് കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനമായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ഈ വരുന്ന ഡിസംബറില്‍ 25,000 ഇലക്ട്രിക് റിക്ഷകള്‍ക്കായി ടെന്‍ഡര്‍ വിളിക്കുമെന്നതാണ് ഇതുസംബന്ധിച്ച ഏറ്റവും പുതിയ വിവരം. പൊതു ഗതാഗത ആവശ്യങ്ങള്‍ക്കായി ഈ വാഹനങ്ങള്‍ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ക്ക് വില്‍ക്കാനാണ് പദ്ധതി.

നാടിന്റെ ഏത് മുക്കിലും മൂലയിലും എത്താന്‍ കഴിയുമെന്നതാണ് ഓട്ടോറിക്ഷകളുടെ മേന്മ. ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിക്ക് ഏറ്റവും അനുയോജ്യമായ വാഹനം. എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് മുഖേന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കള്‍ക്ക് വാടകയ്ക്ക് നല്‍കും. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ പവര്‍ട്രെയ്ന്‍, ഭാരം, ബാറ്ററി എന്നിവ സംബന്ധിച്ച സ്‌പെസിഫിക്കേഷനുകള്‍ വിദഗ്ധ സമിതി തയ്യാറാക്കിക്കഴിഞ്ഞു. വൈദ്യുതി, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് അശോക് ജുന്‍ജുന്‍വാലയാണ് പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ലോഹിയ ഓട്ടോ, ഇലക്ട്രോതെര്‍മ്, കൈനറ്റിക് ഗ്രീന്‍ എന്നിവരാണ് പ്രോജക്റ്റുമായി സഹകരിക്കുന്നതിന് മുന്‍പന്തിയിലുള്ളത്. ആവശ്യമായ ഇലക്ട്രിക് റിക്ഷകള്‍ ഈ കമ്പനികളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ മുഖേന സംഭരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ സ്വാപ്പിംഗ് & ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ഇ-റിക്ഷകളും ഇ-ഓട്ടോകളും നല്‍കാന്‍ തയ്യാറാണെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മഹീന്ദ്രയുടെ ഇ-റിക്ഷകള്‍ പുറത്തിറക്കും.

എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് ഈ ഡിസംബറില്‍ 25,000 ഇലക്ട്രിക് റിക്ഷകള്‍ക്കായി ടെന്‍ഡര്‍ വിളിക്കും

മഹീന്ദ്ര ഇലക്ട്രിക്കിന്റെ മറ്റ് വാഹനങ്ങള്‍ ലിഥിയം-അയണ്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇ-റിക്ഷകള്‍ ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിച്ച് ഓടുന്നതായിരിക്കും. ലെഡ്-ആസിഡ് ബാറ്ററി ഉപയോഗിക്കുന്നതിനാല്‍ വാഹനത്തിന്റെ വില ഗണ്യമായി കുറയും. അതേസമയം, ഇ-റിക്ഷകള്‍ക്കായി ലിഥിയം-അയണ്‍ സ്വാപ്പബിള്‍ ബാറ്ററികള്‍ നിര്‍മ്മിച്ചുവരികയാണെന്ന് ഗോയങ്ക അറിയിച്ചു. ഹരിദ്വാറിലെ മഹീന്ദ്ര ഫാക്ടറിയിലാണ് ഇലക്ട്രിക് റിക്ഷകള്‍ നിര്‍മ്മിക്കുന്നത്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 80 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതായിരിക്കും ഇലക്ട്രിക് റിക്ഷകള്‍.

ഒരു കാലത്ത് കൈനറ്റിക് ഹോണ്ട വിപണിയിലെത്തിച്ച് ജനശ്രദ്ധ നേടിയ കൈനറ്റിക് എന്‍ജിനീയറിംഗ് ലിമിറ്റഡിന്റെ ഭാഗമായ കൈനറ്റിക് ഗ്രീന്‍ ഇപ്പോള്‍ ഇ-റിക്ഷാ സെഗ്‌മെന്റിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ വര്‍ഷം കൈനറ്റിക് ഗ്രീന്‍ 10,000 ഇലക്ട്രിക് റിക്ഷകളാണ് വിറ്റത്. കേന്ദ്ര സര്‍ക്കാരിന്റ പ്രോജക്റ്റുമായി സഹകരിക്കുന്നതിന് തയ്യാറാണെന്ന് കൈനറ്റിക് ഗ്രീന്‍ ചീഫ് എക്‌സിക്യൂട്ടീവ് സുലജ്ജ ഫിറോദിയ പറഞ്ഞു. കൈനറ്റിക് ഗ്രീന്‍ തങ്ങളുടെ വാഹനങ്ങളില്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ചാര്‍ജ് തീര്‍ന്ന ലിഥിയം അയണ്‍ ബാറ്ററി കൈമാറി ചാര്‍ജ് ചെയ്ത ബാറ്ററി വാങ്ങുന്നതിന് നിമിഷങ്ങള്‍ മതിയാകുമെന്നും അതേസമയം ലെഡ് ആസിഡ് ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മണിക്കൂറുകള്‍ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ രണ്ട് കോടി ഓട്ടോറിക്ഷകളും പത്ത് ലക്ഷം ഇലക്ട്രിക് റിക്ഷകളുമാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്. 2030 ഓടെ നൂറ് ശതമാനം ഇലക്ട്രിക് മൊബിലിറ്റിയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശരിയായ കാല്‍വെപ്പാണെന്ന് സണ്‍ മൊബിലിറ്റി വൈസ് ചെയര്‍മാന്‍ ചേതന്‍ മെയ്‌നി പറഞ്ഞു. 50-70 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍പ്പോലും ഇലക്ട്രിക് ഗതാഗത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടെ സ്ഥാനം മുന്‍നിരയിലായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: Auto