യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ 3.2% വര്‍ധന

യുഎഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ 3.2% വര്‍ധന

ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ട വിവരം അനുസരിച്ച് സൗദി അറേബ്യയാണ് ഈ വര്‍ഷം ആദ്യ പാദത്തിലെ യുഎഇയുടെ പ്രധാന വാണിജ്യ പങ്കാളി

അബുദാബി: 2017ന്റെ ആദ്യ പാദത്തില്‍ യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 3.2 ശതമാനം വര്‍ധിച്ച് 401 ബില്യണ്‍ ദിര്‍ഹത്തില്‍ (109.1 ബില്യണ്‍ ഡോളര്‍) എത്തി. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ 388 ബില്യണ്‍ ദിര്‍ഹത്തിന്റെ വ്യാപാരമാണ് നടന്നതെന്നും ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു.

യുഎഇയുടെ മൊത്തം വ്യാപാരത്തിന്റെ 68 ശതമാനവും പ്രതിനിധീകരിക്കുന്ന നേരിട്ടുള്ള വിദേശ വ്യാപാരത്തിന്റെ ആദ്യ പാദത്തിലെ മൂല്യം 272 ബില്യണ്‍ ദിര്‍ഹമായിരുന്നു. അതുപോലെ 32 ശതമാനം വരുന്ന ഫ്രീ സോണ്‍ ട്രേഡ് 129 ബില്യണ്‍ ദിര്‍ഹം നേടിയെന്നും സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയായ ഡബ്ല്യൂഎഎം റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഫലമായി വ്യാപാരത്തില്‍ സ്ഥിരതയാര്‍ന്ന നേട്ടം കൈവരിച്ചെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി മേധാവി അലി അല്‍ കാബി

സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെ ഫലമായി വ്യാപാരത്തില്‍ സ്ഥിരതയാര്‍ന്ന നേട്ടം കൈവരിച്ചെന്ന് ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി മേധാവി അലി അല്‍ കാബി പറഞ്ഞു. ആദ്യ പാദത്തിലെ റീ എക്‌സ്‌പോര്‍ട് 7.4 ശതമാനം വര്‍ധിച്ച് 110 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. 46 ബില്യണ്‍ ദിര്‍ഹമായിരുന്നു ഈ കാലയളവിലെ കയറ്റുമതി മൂല്യം. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ 5.2 ശതമാനം വര്‍ധിച്ച് 245 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയെന്നും അല്‍ കാബി കൂട്ടിച്ചേര്‍ത്തു.

ആദ്യ പാദത്തിലെ മൊത്തം വാണിജ്യത്തിന്റെ 11 ശതമാനവും നടന്നത് യുഎഇയുടെ പ്രധാന വാണിജ്യ പങ്കാളികളായ ജിസിസി രാജ്യങ്ങളുമായാണ്. 19.9 ബില്യണ്‍ ദിര്‍ഹത്തിന്റെ എണ്ണ ഇതര കച്ചവടം നടത്തിയ സൗദി അറേബ്യയാണ് ആദ്യ സ്ഥാനത്ത്. യുഎഇയിലേക്ക് കൂടുതല്‍ ഇറക്കുമതി ചെയ്തത് സ്വാര്‍ണമാണ്. മൊത്തം ഇറക്കുമതിയുടെ 14 ശതമാനവും കൈയടക്കിയിരിക്കുന്നത് സ്വര്‍ണമായിരുന്നു (34.7 ബില്യണ്‍ ദിര്‍ഹം). മൊബീല്‍ ഫോണ്‍, വാഹനങ്ങള്‍ എന്നിവയാണ് തൊട്ടുപിന്നില്‍ വരുന്നത്.

Comments

comments

Categories: Arabia