ടിം ലെവേര്‍ട്ടണ്‍ ടാറ്റ മോട്ടോഴ്‌സ് വിടുന്നു

ടിം ലെവേര്‍ട്ടണ്‍ ടാറ്റ മോട്ടോഴ്‌സ് വിടുന്നു

കമ്പനിയെ മാറ്റിമറിച്ച ലെവേര്‍ട്ടണിന്റെ രാജി അപ്രതീക്ഷിതം

മുംബൈ: രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹനങ്ങളുടെ പുനരുജ്ജീവനത്തിന് ചുക്കാന്‍ പിടിച്ച ടിം ലെവേര്‍ട്ടണ്‍ കമ്പനി വിടുന്നു. അതേസമയം, അപ്രതീക്ഷിതമായുള്ള അദ്ദേഹത്തിന്റെ രാജി ഇന്‍ഡസ്ട്രിയിലെ നിരവധിയാളുകളെ അത്ഭുതപ്പെടുത്തി.

ടാറ്റ മോട്ടോഴ്‌സിന്റെ പ്രസിഡന്റും ചീഫ് ടെക്‌നിക്കല്‍ ഓഫീസറുമായിരുന്ന തിമോത്തി (ടിം) ലെവേര്‍ട്ടണ്‍ അദ്ദേഹത്തിന്റെ കമ്പനിയിലെ സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം യുകെയിലേക്ക് മടങ്ങി പോകുകയാണ്-ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച ലെവേര്‍ട്ടണ്‍ പടിയിറങ്ങുന്നത് ടാറ്റ മോഴ്‌സിന് വലിയ നഷ്ടമാണെന്നാണ് വിലയിരുത്തല്‍

കമ്പനിയുടെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് കാര്യങ്ങളില്‍ ടിം അങ്ങേയറ്റം സജീവമായാണ് പ്രവര്‍ത്തിച്ചത്. കമ്പനിയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി അറിയിക്കുന്നു. അദ്ദേഹത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഒക്‌റ്റോബര്‍ 31 വരെ അദ്ദേഹം പദവിയില്‍ തുടരും-പ്രസ്താവനയില്‍ വ്യക്തമാക്കി.

പൂനെയിലെ ടാറ്റ മോട്ടോഴ്‌സ് എന്‍ജിനീയറിംഗ് റിസേര്‍ച്ച് സെന്ററില്‍ 2010 മുതല്‍ ലെവേര്‍ട്ടണ്‍ പ്രവര്‍ത്തിച്ചു വരുന്നു. ലെവേര്‍ട്ടണ്‍ കമ്പനി വിടാന്‍ തീരുമാനിച്ചത് ടാറ്റ മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടമാണെന്ന് ടാറ്റ മോട്ടോഴ്‌സ് എംഡി ഗ്വന്റര്‍ ബട്ട്‌സ്‌ചെക്ക് പ്രതികരിച്ചു. ലെവേര്‍ട്ടന്റെ പിന്‍ഗാമിയെ വൈകാതെ തന്നെ കമ്പനി പ്രഖ്യാപിച്ചേക്കുമെന്ന് കരുതുന്നു. കമ്പനിയ്ക്ക് വേണ്ടി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉത്തരവാദിത്തമാണ് ടാറ്റ മോട്ടോഴ്‌സില്‍ ലെവേര്‍ട്ടണ്‍ വഹിച്ചിരുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയില്‍ വലിയ മാറ്റങ്ങള്‍ കാണപ്പെട്ടു. ഇന്‍ഡിക്ക (എക്‌സ്0), വിസ്റ്റ (എക്‌സ്1) എന്നിവയ്ക്ക് പുതിയ മുഖം സൃഷ്ടിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.

Comments

comments

Categories: Business & Economy