ടാറ്റ നെക്‌സോണിന്റെ ബുക്കിംഗ് തുടങ്ങി

ടാറ്റ നെക്‌സോണിന്റെ ബുക്കിംഗ് തുടങ്ങി

ഈ മാസം അവസാനത്തോടെ ടാറ്റ നെക്‌സോണ്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണിന്റെ ബുക്കിംഗ് തുടങ്ങി. രാജ്യമെമ്പാടുമുള്ള ടാറ്റ ഡീലര്‍ഷിപ്പുകളില്‍ 11,000 രൂപ ടോക്കണ്‍ തുക നല്‍കി കാര്‍ ബുക്ക് ചെയ്യാം. ഈ മാസം അവസാനത്തോടെ ടാറ്റ നെക്‌സോണ്‍ പുറത്തിറക്കിയേക്കും. 7 ലക്ഷത്തിനും 10 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോഡ് ഇക്കോ സ്‌പോര്‍ട്, ഹോണ്ട ഡബ്ല്യുആര്‍-വി, മാരുതി സുസുകി വിറ്റാര ബ്രെസ്സ എന്നിവര്‍ക്കിടയിലേക്കാണ് ടാറ്റ നെക്‌സോണ്‍ വരുന്നത്. പെട്രോള്‍, ഡീസല്‍ വകഭേദങ്ങളിലായി എക്‌സ്ഇ, എക്‌സ്ടി, എക്‌സ്ഇസഡ് വേരിയന്റുകളിലായിരിക്കും ടാറ്റ നെക്‌സോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

ടാറ്റയുടെ ഇംപാക്റ്റ് ഡിസൈന്‍ ഫിലോസഫിയുടെ അടിസ്ഥാനത്തിലാണ് നെക്‌സോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ്രോജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാംപുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഫോഗ് ലാംപുകള്‍, ക്രോം ഫിനിഷ്ഡ് ‘ഹ്യുമാനിറ്റി ലൈന്‍’ ഫ്രണ്ട് ഗ്രില്ല് എന്നിവ ടാറ്റ നെക്‌സോണിന്റെ സവിശേഷതകളാണ്. ഫ്‌ളെയേഡ് വീല്‍ ആര്‍ച്ചുകള്‍, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ കൂടാതെ 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ശ്രദ്ധേയമാണ്. പിന്നില്‍ എല്‍ഇഡി ടെയ്ല്‍ ലാംപുകളും റിയര്‍ സ്‌പോയ്‌ലറും കാണാം. ടാറ്റ നെക്‌സോണിന്റെ ഡിസൈന്‍ തികച്ചും ഫ്യൂച്ചറിസ്റ്റിക്കാണെന്ന് പറയാം.

7 ലക്ഷത്തിനും 10 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും എക്‌സ് ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്

പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ടാറ്റ നെക്‌സോണ്‍ എന്ന സബ്‌കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് നല്‍കും. 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍ വേരിയന്റുകള്‍ പരമാവധി 108 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 1.5 ലിറ്റര്‍ റെവോടോര്‍ക് ഡീസല്‍ എന്‍ജിന്‍ 108 എച്ച്പി പവറാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ ടോര്‍ക്ക് 260 എന്‍എം ആയിരിക്കും. 5 സീറ്റര്‍ എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് 350 ലിറ്ററാണ്. പിന്നിലെ സീറ്റ് മടക്കിവെച്ചാല്‍ ഇത് 690 ലിറ്ററായി വര്‍ധിപ്പിക്കാം.

ഹാര്‍മന്റെ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യും. റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി എന്നിവയാണ് സുരക്ഷാ സംവിധാനങ്ങള്‍. സെഗ്‌മെന്റില്‍ ഇതാദ്യമായി ഇക്കോ, സ്‌പോര്‍ട്, സിറ്റി എന്നീ ഡ്രൈവിംഗ് മോഡുകള്‍ ടാറ്റ നെക്‌സോണില്‍ കാണാം.

Comments

comments

Categories: Auto