നിസ്സാന്‍ ലീഫ് ഇനി ഓട്ടോണമസ് ; റേഞ്ച് 400 കിമീ

നിസ്സാന്‍ ലീഫ് ഇനി ഓട്ടോണമസ് ; റേഞ്ച് 400 കിമീ

പുതിയ പതിപ്പ് ആഗോളതലത്തില്‍ അനാവരണം ചെയ്തു

യോകോഹാമ : കോംപാക്റ്റ് 5 ഡോര്‍ ഹാച്ച്ബാക്ക് ഇലക്ട്രിക് കാറായ നിസ്സാന്‍ ലീഫ് ഓട്ടോണമസ് ആകുന്നു. പുതു തലമുറ നിസ്സാന്‍ ലീഫിന് 400 കിലോമീറ്ററാണ് റേഞ്ച്. പുതിയ പതിപ്പ് ആഗോളതലത്തില്‍ അനാവരണം ചെയ്തു. വമ്പിച്ച പരിഷ്‌കാരങ്ങളുമായാണ് 2018 നിസ്സാന്‍ ലീഫ് വിപണിയിലെത്തുന്നത്. പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ഭാഷയില്‍ അണിയിച്ചൊരുക്കുന്ന പുതിയ ലീഫ് ഓട്ടോണമസ് വാഹനമായിരിക്കും. മുന്‍ഗാമിയേക്കാള്‍ ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ചും ലഭിക്കും.

ഇലക്ട്രിക് വാഹന സെഗ്‌മെന്റിലെ അഗ്രഗാമിയെന്ന വിശേഷണത്തോടെ 2010 ലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസ്സാന്‍, ലീഫ് എന്ന ഇലക്ട്രിക് കാര്‍ അവതരിപ്പിച്ചത്. ശേഷം ഇതുവരെ ആഗോളതലത്തില്‍ ആകെ 2.8 ലക്ഷത്തിലധികം ലീഫ് കാറുകളാണ് വിറ്റുപോയത്. ഷെവര്‍ലെ വോള്‍ട്ട്, ടൊയോട്ട പ്രയസ് പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഈ രംഗത്തെ ഇളമുറക്കാരനായ ബിഎംഡബ്ല്യു ഐ3 എന്നിവ ഉയര്‍ത്തിയ വെല്ലുവിളികളെ മറികടന്നാണ് ലീഫ് വിജയകരമായ വില്‍പ്പന തുടരുന്നത്. എന്നാല്‍ ലീഫ് എന്ന ഇലക്ട്രിക് കാറിനെ ഇപ്പോള്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് നിസ്സാന്‍.

മെച്ചപ്പെട്ട എയ്‌റോഡൈനാമിക് ഡിസൈനിലാണ് രണ്ടാം തലമുറ നിസ്സാന്‍ ലീഫ് അഭിമാനം കൊള്ളുന്നത്. ജനപ്രീതിയാര്‍ജ്ജിച്ച ഇലക്ട്രിക് കാറിന് ഒറ്റ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതിന് മെച്ചപ്പെട്ട ഡ്രൈവിംഗ് ഡൈനാമിക്‌സ് സഹായിക്കും. പുതിയ ഡിസൈന്‍ നിസ്സാന്‍ ലീഫിന് കൂടുതല്‍ എയ്‌റോഡൈനാമിക്‌സും അതുവഴി മികച്ച സ്റ്റബിലിറ്റിയും സമ്മാനിക്കും. പുതു തലമുറ നിസ്സാന്‍ മൈക്രയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്ന 2018 നിസ്സാന്‍ ലീഫിന്റെ ഡിസൈന്‍ മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ അഗ്രസീവ് ആണ്.

പുതിയ നിസ്സാന്‍ ലീഫ് ഇന്ത്യയിലുമെത്തും. എന്നാല്‍ അതിനുമുമ്പ് മതിയായ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം

ഈ സെഗ്‌മെന്റില്‍ ഇതാദ്യമായി അവതരിപ്പിച്ചിരിക്കുന്ന ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയാണ് പുതിയ നിസ്സാന്‍ ലീഫിന്റെ ഏറ്റവും വലിയ സവിശേഷത. പ്രോപൈലറ്റ് പാര്‍ക് സിസ്റ്റം ലഭിച്ചിരിക്കുന്ന ആദ്യ നിസ്സാന്‍ വാഹനമാണ് ലീഫ്. ചെറു ഇടങ്ങളില്‍പ്പോലും കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് ഈ ഫീച്ചര്‍ ഡ്രൈവറെ സഹായിക്കും. ആംഗിള്‍, പാരലല്‍, സ്‌ട്രെയ്റ്റ് തുടങ്ങി എല്ലാവിധ പാര്‍ക്കിംഗ് സ്ഥലങ്ങളിലും തനിയെ ഡ്രൈവ് ചെയ്തുവന്ന് പാര്‍ക്ക് ചെയ്യുന്നതിന് വാഹനത്തിലെ സോണാര്‍ സാങ്കേതികവിദ്യയും കാമറകളും പുതിയ നിസ്സാന്‍ ലീഫ് ഉപയോഗിക്കും. പാര്‍ക്കിംഗ് കൂടാതെ പ്രോപൈലറ്റ് സംവിധാനത്തിന് സെമി-ഓട്ടോണമസ് ഡ്രൈവിംഗ് കഴിവുകളുമുണ്ട്. വിപണിയില്‍ ലഭ്യമാകുന്ന തങ്ങളുടെ ഏറ്റവും നൂതന ഓട്ടോണമസ് മോഡലായിരിക്കും പുതു തലമുറ ലീഫ് എന്ന് നിസ്സാന്‍ അവകാശപ്പെട്ടു.

വണ്‍ പെഡല്‍ ഡ്രൈവിംഗ് സാങ്കേതികവിദ്യയാണ് എടുത്തുപറയേണ്ട മറ്റൊരു ഫീച്ചര്‍. പുതിയ ഇ-പെഡല്‍ സിസ്റ്റം ആക്‌സലറേറ്റ്, ഡീസെലറേറ്റ്, സ്റ്റോപ്, ഹോള്‍ഡ് എന്നിവ ‘ബുദ്ധിപൂര്‍വ്വം’ കൈകാര്യം ചെയ്യും. ഗതാഗതക്കുരുക്കുകളില്‍പ്പെടുമ്പോള്‍ വണ്‍-പെഡല്‍ ഫംഗ്ഷന്‍ വലിയ തോതില്‍ ഉപകരിക്കും.

40 കിലോവാട്ട് അവര്‍ ബാറ്ററിയാണ് കാറിന് നല്‍കിയിരിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. 148 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും സമ്മാനിക്കുന്നതാണ് ബാറ്ററി. 50 കെഡബ്ല്യുഎച്ച്, 75 കെഡബ്ല്യുഎച്ച് ബാറ്ററി ഓപ്ഷനുകളുള്ള ടെസ്‌ല മോഡല്‍ 3, 350 മുതല്‍ 500 കിലോമീറ്റര്‍ വരെയാണ് റേഞ്ച് അവകാശപ്പെടുന്നത്. പുതിയ നിസ്സാന്‍ ലീഫ് ഇന്ത്യയിലുമെത്തും. എന്നാല്‍ അതിനുമുമ്പ് മതിയായ ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.

Comments

comments

Categories: Auto