പറക്കും ടാക്‌സി സ്റ്റാര്‍ട്ടപ്പ് ലിലിയം 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

പറക്കും ടാക്‌സി സ്റ്റാര്‍ട്ടപ്പ് ലിലിയം 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു

ഏറ്റവുമധികം ഫണ്ട് ലഭിക്കുന്ന ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് പ്രോജക്റ്റുകളിലൊന്നായി ലിലിയം മാറി

ഫ്രാങ്ക്ഫര്‍ട്ട് : പറക്കും ടാക്‌സി സ്റ്റാര്‍ട്ടപ്പായ ലിലിയം പ്രമുഖ ടെക് നിക്ഷേപകരില്‍നിന്ന് 90 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. ഇതോടെ ഏറ്റവുമധികം ഫണ്ട് ലഭിക്കുന്ന ഇലക്ട്രിക് എയര്‍ക്രാഫ്റ്റ് പ്രോജക്റ്റുകളിലൊന്നായി ഈ ജര്‍മ്മന്‍ സ്റ്റാര്‍ട്ടപ്പ് മാറി. അഞ്ച് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പറക്കും ടാക്‌സി നിര്‍മ്മിക്കുകയാണ് ലിലിയത്തിന്റെ ലക്ഷ്യം.

ഇത് രണ്ടാം തവണയാണ് ലിലിയം ഫണ്ട് സമാഹരിക്കുന്നത്. യൂറോപ്പിലെ ഹോട്ടസ്റ്റ് സ്റ്റാര്‍ട്ടപ്പുകളിലൊന്നായി ലിലിയം ഇതിനകം വളര്‍ന്നുകഴിഞ്ഞു. വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് സാധ്യമാകുന്ന, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ജെറ്റ് ഫ്‌ളൈറ്റ് നിര്‍മ്മിക്കാനാണ് കമ്പനി പരിശ്രമിക്കുന്നത്.

ചൈനീസ് ഇന്റര്‍നെറ്റ് അതികായനായ ടാന്‍സെന്റ്, ലിക്‌റ്റെന്‍സ്റ്റെയ്ന്‍ ആസ്ഥാനമായ എല്‍ജിടി, യൂറോപ്യന്‍ വെഞ്ച്വര്‍ കമ്പനിയായ ആറ്റമിക്കോ, ഇവാന്‍ വില്യംസ് സഹസ്ഥാപകനായ (ട്വിറ്ററിന്റെയും സഹസ്ഥാപകന്‍) ഒബ്‌വിയസ് വെഞ്ച്വേഴ്‌സ് എന്നിവരില്‍നിന്നാണ് പുതിയ ഫണ്ടിംഗ് സ്വീകരിച്ചതെന്ന് ലിലിയം അറിയിച്ചു.

ലോകത്തെ പല ഏവിയേഷന്‍, ടെക്‌നോളജി കമ്പനികളും പറക്കും കാറുകളെന്ന് വിശേഷിപ്പിക്കുന്ന പുതിയ തരത്തിലുള്ള ഇലക്ട്രിക് ഫ്‌ളെയിംഗ് വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രമിച്ചുവരികയാണ്. എയര്‍ബസ്, യുബര്‍ എന്നീ കമ്പനികളും ഗൂഗ്ള്‍ സഹസ്ഥാപകന്‍ ലാറി പേജ് പിന്തുണയ്ക്കുന്ന കിറ്റി ഹോക് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളും ഇപ്പോള്‍ പറക്കും കാറുകള്‍ക്ക് പിറകേയാണ്.

ഫുള്‍ സൈസ്, 2 സീറ്റ് ജെറ്റിന്റെ വിജയകരമായ പരീക്ഷണപ്പറക്കലുകള്‍ക്കുശേഷം ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് 5 സീറ്റ് പറക്കും ടാക്‌സി വികസിപ്പിക്കുന്നതായി ലിലിയം പ്രഖ്യാപിച്ചത്. ഡ്രോണുകളെപ്പോലെ ഹോവര്‍ മോഡില്‍ ആകാശത്തുവെച്ച് ചിറകുകള്‍ വിടര്‍ത്തി രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്നതായിരുന്നു നേരത്തെ വികസിപ്പിച്ച 2 സീറ്റ് ജെറ്റ്.

വെര്‍ട്ടിക്കല്‍ ടേക്-ഓഫ്, ജെറ്റ് ഫ്‌ളൈറ്റ് എന്നീ രണ്ട് സവിശേഷതകളുമുള്ള ഏക ഇലക്ട്രിക് എയര്‍ക്രാഫ്റ്റായിരിക്കും ലിലിയം എന്ന് കമ്പനി അവകാശപ്പെട്ടു

ചിറകുകള്‍ വിടര്‍ത്തി വൈദ്യുതി ഉപയോഗിച്ച് പറക്കുന്ന ഫ്‌ളൈറ്റുകള്‍ക്ക് ഡ്രോണുകളേക്കാള്‍ അഞ്ച്-ആറ് മടങ്ങ് അധികം ദൂരം പറക്കാന്‍ കഴിയുമെന്ന് ലിലിയം അധികൃതര്‍ പറഞ്ഞു. മാന്‍ഹാട്ടനില്‍നിന്ന് ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് 20 കിലോമീറ്റര്‍ ദൂരം പറക്കുന്നതിന് അഞ്ച് മിനിറ്റ് സമയം മതിയാകും.

പറക്കും ടാക്‌സി വികസിപ്പിക്കുന്നതിന് കൂടുതല്‍ വിദഗ്ധരെ നിയമിക്കുന്നതിനും 5 സീറ്റര്‍ ഇലക്ട്രിക് ജെറ്റിന്റെ അടുത്ത ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും പുതിയ ഫണ്ടുകള്‍ വിനിയോഗിക്കാനാണ് ലിലിയം ഉദ്ദേശിക്കുന്നത്. 70 പേര്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ ഏതാണ്ട് അത്രയും തസ്തികകളുണ്ട്. എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍മാര്‍, ഭൗതിക ശാസ്ത്രജ്ഞന്‍മാര്‍, കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ധര്‍, ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ വിദഗ്ധര്‍ എന്നിവരെയാണ് പുതുതായി നിയമിക്കുന്നത്.

മ്യൂണിക് സാങ്കേതിക സര്‍വ്വകലാശാലയിലെ നാല് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 2015 ലാണ് ലിലിയം സ്ഥാപിച്ചത്. 2019 ഓടെ 5 സീറ്റ് എയര്‍ക്രാഫ്റ്റില്‍ മനുഷ്യനെ ഇരുത്തി പരീക്ഷണപ്പറക്കല്‍ നടത്തുകയാണ് ലക്ഷ്യം. 2020 നുശേഷം എല്ലാവിധ അനുമതികളോടെയും പറക്കും ടാക്‌സി സര്‍വീസ് തുടങ്ങും.

ചിറകുകളില്‍ ഘടിപ്പിക്കുന്ന 36 ഇലക്ട്രിക് ജെറ്റ് എന്‍ജിനുകളാണ് ലൈറ്റ്‌വെയ്റ്റ് എയര്‍ക്രാഫ്റ്റിന് കരുത്ത് പകരുന്നത്. 300 കിലോമീറ്ററായിരിക്കും റേഞ്ച്. അതായത് ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ പറക്കാം. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ക്രൂസിംഗ് സ്പീഡ്. വെര്‍ട്ടിക്കല്‍ ടേക്-ഓഫ്, ജെറ്റ് ഫ്‌ളൈറ്റ് എന്നീ രണ്ട് സവിശേഷതകളുമുള്ള ഏക ഇലക്ട്രിക് എയര്‍ക്രാഫ്റ്റായിരിക്കും ലിലിയം എന്ന് കമ്പനി അവകാശപ്പെട്ടു. ഡ്രോണ്‍, ഹെലികോപ്റ്റര്‍ പോലുള്ള സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ജര്‍മ്മന്‍ എതിരാളി സ്റ്റാര്‍ട്ടപ്പ് വോളോകോപ്റ്റര്‍, യൂറോപ്യന്‍ എയ്‌റോസ്‌പേസ് അതികായന്‍ എയര്‍ബസ് എന്നിവയില്‍നിന്നും ലിലിയത്തെ വേറിട്ടുനിര്‍ത്തുന്നതും ഈ രണ്ട് ഫീച്ചറുകളാണ്.

ലാറി പേജിന്റെ പിന്തുണയുള്ള ‘കിറ്റി ഹോക്’ പൈലറ്റ് ലൈസന്‍സ് ഇല്ലാതെ വെള്ളപ്പരപ്പില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഇലക്ട്രിക് പേഴ്‌സണല്‍ എയര്‍ക്രാഫ്റ്റാണ്. പറക്കും ടാക്‌സി ഈ വര്‍ഷം പുറത്തിറക്കുമെന്നാണ് ‘കിറ്റി ഹോക്’ എന്ന സിലിക്കണ്‍ വാലി കമ്പനി ഏപ്രിലില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം സെല്‍ഫ്-പെലറ്റഡ് ഫ്‌ളെയിംഗ് കാറിന്റെ പരീക്ഷണപ്പറക്കല്‍ നടത്താനാണ് എയര്‍ബസ് ആലോചിക്കുന്നത്. വിവിധ നഗരങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്നതിന് ഹെലികോപ്റ്റര്‍ സ്റ്റൈല്‍ വാഹനമാണ് എയര്‍ബസ് നിര്‍മ്മിക്കുക. ഈ വര്‍ഷം ദുബായില്‍ ഓട്ടോണമസ് എയര്‍ ടാക്‌സിയുടെ പരീക്ഷണപ്പറക്കലുകള്‍ നടത്താനാണ് വോളോകോപ്റ്റര്‍ എന്ന സ്റ്റാര്‍ട്ടപ്പ് തയ്യാറെടുക്കുന്നത്. ഇലക്ട്രിക്, 2 സീറ്റ് ഹെലികോപ്റ്ററാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആകാശത്തും ഓട്ടോണമസ് ഗതാഗതം താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്ന് വോളോകോപ്റ്റര്‍ സിഇഒ ഫ്‌ളോറിയന്‍ റോയിട്ടര്‍ പറഞ്ഞു. കാല്‍നടയാത്രക്കാര്‍ ധാരാളമുള്ള റോഡുകളെ അപേക്ഷിച്ച് ആകാശത്തെ ഓട്ടോണമസ് വാഹനങ്ങള്‍ക്ക് കുറച്ച് നാവിഗേഷന്‍ ഉപകരണങ്ങളും ലളിതമായ സെന്‍സറുകളും സോഫ്റ്റ്‌വെയറും മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Auto