ക്ലാസിക് 350, 500 മോഡലുകള്‍ പുതിയ ലുക്കില്‍ പുറത്തിറക്കും

ക്ലാസിക് 350, 500 മോഡലുകള്‍ പുതിയ ലുക്കില്‍ പുറത്തിറക്കും

പുതിയ സുരക്ഷാ ഫീച്ചറുകളും ; വില അല്‍പ്പം വര്‍ധിക്കും

ന്യൂ ഡെല്‍ഹി : റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, 500 മോഡലുകള്‍ പുതിയ ഡിസൈന്‍ നല്‍കി പരിഷ്‌കരിക്കുന്നു. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകളും സൈക്കിള്‍ പാര്‍ട്‌സുകളും നല്‍കിയാണ് റോയല്‍ എന്‍ഫീല്‍ഡ് കാലത്തിനൊത്ത് സഞ്ചരിക്കുന്നത്. എന്നാല്‍ എന്‍ജിന്‍ മാറാനിടയില്ല. എതിരാളി ബ്രാന്‍ഡുകള്‍ പുതിയ ഡിസൈനുകളുമായി രംഗത്തെത്തുമ്പോള്‍ സ്വയംനവീകരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

പുതിയ ഗണ്‍മെറ്റല്‍ ഗ്രേ കളര്‍ സ്‌കീമിലാണ് ക്ലാസിക് 350 വരിക. പിന്നില്‍ ഡിസ്‌ക് ബ്രേക്കും തണ്ടര്‍ബേഡില്‍നിന്ന് കടമെടുത്ത പരിഷ്‌കരിച്ച സ്വിംഗ്ആമും ഒപ്പം കാണാന്‍ കഴിയും. അതേസമയം, പുതിയ ബ്ലാക്ക് പെയിന്റിലാണ് ക്ലാസിക് 500 വിപണിയിലെത്തുക. പുതിയ ലുക്കിനൊപ്പം റിയര്‍ ഡിസ്‌ക് ബ്രേക്കും തണ്ടര്‍ബേഡിലെ അതേ സ്വിംഗ്ആമും ക്ലാസിക് 500 ന് ലഭിക്കും.

5,250 ആര്‍പിഎമ്മില്‍ 27.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 41.3 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നതാണ് ക്ലാസിക് 500 ലെ 499 സിസി ട്വിന്‍-സ്പാര്‍ക് എയര്‍ കൂള്‍ഡ് എന്‍ജിന്‍. 1,95,500 രൂപയാണ് നിലവില്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബജാജ് ഡോമിനര്‍ 400 ല്‍നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ കടുത്ത മത്സരമാണ് നേരിടുന്നത്

ക്ലാസിക് 350 ലെ 346 സിസി ട്വിന്‍ സ്പാര്‍ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 5,250 ആര്‍പിഎമ്മില്‍ 19.8 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ഘടിപ്പിച്ചിരിക്കുന്നത്. 1,26,300 രൂപയാണ് നിലവില്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ക്ലാസിക് മോഡലുകള്‍ക്ക് പുതിയ സ്മാര്‍ട്ട് ലുക്ക് നല്‍കുന്നതും ബ്രേക്കുകള്‍ പരിഷ്‌ക്കരിക്കുന്നതും സംബന്ധിച്ച് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. ബജാജ് ഡോമിനര്‍ 400 ല്‍നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ഈയിടെ കടുത്ത മത്സരമാണ് നേരിടുന്നത്.

Comments

comments

Categories: Auto