സൊമാറ്റോയില്‍ നിക്ഷേപത്തിനൊരുങ്ങി ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ്

സൊമാറ്റോയില്‍ നിക്ഷേപത്തിനൊരുങ്ങി ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ്

100-200 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനായുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്

ബെംഗളൂരു: ചൈനീസ് പേമെന്റ് കമ്പനിയായ ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പ്, ഭക്ഷ്യ വിതരണ, റെസ്റ്റോറന്റ് പ്ലാറ്റ്‌ഫോമായ സൊമാറ്റോ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. 100-200 മില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനായുള്ള ചര്‍ച്ചയാണ് പുരോഗമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കരാറില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും ഈ നിക്ഷേപത്തോടെ സൊമാറ്റോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂല്യം 800 മില്യണ്‍ ഡോളര്‍ മുതല്‍ 900 മില്യണ്‍ ഡോളര്‍ വരെയാകുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ വരെ ഉയരാനുള്ള സാധ്യതകളും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. നടപ്പു വര്‍ഷം ആദ്യം മുതല്‍ തന്നെ നിക്ഷേപം സ്വരൂപിക്കാനുള്ള നീക്കങ്ങള്‍ സൊമാറ്റോ നടത്തി തുടങ്ങിയിരുന്നു.

2008 മുതല്‍ 225 മില്യണ്‍ ഡോളറിന്റെ മൂലധന നിക്ഷേപമാണ് സൊമാറ്റോ സ്വരൂപിച്ചിട്ടുള്ളത്. 2015 സെപ്റ്റംബറിലാണ് അവസാനം സൊമാറ്റോ നിക്ഷേപ സമാഹരണം നടത്തിയത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീംസെക് ഹോള്‍ഡിംഗ്‌സ്, വൈ കാപിറ്റല്‍ എന്നിവയില്‍ നിന്നും 60 മില്യണ്‍ ഡോളറാണ് സൊമാറ്റോ അന്ന് സ്വരൂപിച്ചത്. സെക്കോയ കാപിറ്റല്‍, ഇന്‍ഫോ എഡ്ജ് തുടങ്ങിയ പ്രമുഖ നിക്ഷേപകരുമായും സൊമാറ്റോ കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിജയകരമായ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സൊമാറ്റോ. ഭക്ഷ്യ വിതരണ രംഗത്ത് മുഖ്യ എതിരാളിയായ സ്വിഗ്ഗിയില്‍ നിന്നും കടുത്ത മത്സരമാണ് കമ്പനി നേരിടുന്നത്. ആന്റ് ഫിനാന്‍ഷ്യലില്‍ നിന്നുള്ള നിക്ഷേപത്തോടെ സ്വിഗ്ഗിയുമായി ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിക്കും.

ചൈനയുടെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭമായ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പേമെന്റ്‌സ് ബിസിനസ് സംരംഭമാണ് ആന്റ് ഫിനാന്‍ഷ്യല്‍. സൗത്ത്ഈസ്റ്റ് ഏഷ്യ, ഇന്ത്യ, ന്യൂസ്‌ലന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ വിപണികളില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആന്റ് ഫിനാന്‍ഷ്യല്‍. ഹൈപ്പര്‍ലോക്കല്‍ ബിസിനസില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമം നടത്തുന്ന ആന്റ് ഫിനാന്‍ഷ്യലിനെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ അവസരമാണ് സൊമാറ്റോ ഒരുക്കുന്നത്.

Comments

comments

Categories: Business & Economy