നികുതി വരുമാനം വര്‍ധിച്ചാല്‍ ; നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ കുറച്ചേക്കും

നികുതി വരുമാനം വര്‍ധിച്ചാല്‍ ; നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ കുറച്ചേക്കും

ന്യൂഡെല്‍ഹി: അടുത്ത കുറച്ച് മാസത്തിനുള്ളില്‍ നികുതി വരുമാനം വീണ്ടും വര്‍ധിക്കുകയാണെങ്കില്‍ അവശ്യ സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) പ്രാബല്യത്തില്‍ വന്ന ജൂലൈ മാസത്തെ നികുതി വരുമാനം ശുഭപ്രതീക്ഷയാണ് നല്‍കുന്നതെന്നും ഇതേ പ്രവണത ഡിസംബര്‍ വരെ തുടരുകയാണെങ്കില്‍ നികുതി നിരക്ക് കുറയ്ക്കാനുള്ള സാഹചര്യമുണ്ടാകുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

അവശ്യ ഉപഭോക്തൃ സാധനങ്ങളുടെ നികുതി കുറയ്ക്കുകയോ അല്ലെങ്കില്‍ ജിഎസ്ടിക്കു കീഴിലുള്ള നികുതി നിരക്കുകളില്‍ മാറ്റം വരുത്തുകയോ ചെയ്യുമെന്നാണ് സൂചന. ജിഎസ്ടിയുടെ അനുകൂല ഫലത്തിനനുസരിച്ച് നിരക്കുകളുടെ എണ്ണം വെട്ടി കുറയ്ക്കുമെന്ന് മുന്നേ തന്നെ സര്‍ക്കാര്‍ സൂചന നല്‍കിയിരുന്നു. നവംബര്‍ മാസത്തെ നികുതി വരുമാനം കൂടി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ ജിഎസ്ടി കൗണ്‍ലില്‍ അന്തിമ തീരുമാനത്തിലെത്തുക.

ജൂലൈ മാസം 92,283 കോടി രൂപയുടെ ജിഎസ്ടി വരുമാനമാണ് സര്‍ക്കാരിലേക്കെത്തിയത്. 91,000 കോടി രൂപയുടെ നികുതി വരുമാനം പ്രതീക്ഷിച്ചിടത്താണിത്. ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പില്‍ വന്ന ശേഷമുള്ള ആദ്യ മാസത്തെ വരുമാനം കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം പകരുന്നതാണ്. മൊത്തം നികുതി വരുമാനത്തില്‍ 14,894 കോടി രൂപയാണ് കേന്ദ്ര ജിഎസ്ടി സംഭാവന ചെയ്തിട്ടുള്ളത്. 22,722 കോടി രൂപ സംസ്ഥാന ജിഎസ്ടിയില്‍ നിന്നും 47,469 കോടി രൂപ സംയോജിത ജിഎസ്ടിയില്‍ നിന്നും 7,198 കോടി രൂപ ആഡംബര വസ്തുക്കളുടെ നഷ്ടപരിഹാര സെസില്‍ നിന്നും നേടിയതാണ്. എല്ലാ നികുതിദായകരും റിട്ടേണ്‍ സമര്‍പ്പിക്കുന്നതോടെ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

Comments

comments

Categories: Business & Economy