പ്രശ്‌നങ്ങളെ കുടഞ്ഞെറിയൂ

പ്രശ്‌നങ്ങളെ കുടഞ്ഞെറിയൂ

ഒരു ഗ്രാമത്തില്‍ ഒരു കൃഷിക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് വയസായ ഒരു കഴുതയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ കൃഷിക്കാരന്‍ നോക്കുമ്പോള്‍ കഴുതയെ കാണുന്നില്ല. കഴുതയെ അന്വേഷിച്ചു നടന്ന കൃഷിക്കാരന്റെ ചെവിയില്‍ കഴുതയുടെ ദയനീയമായ കരച്ചില്‍ പതിച്ചു.

കൃഷിക്കാരന്റെ പുരയിടത്തില്‍ വളരെ ആഴമുള്ള ഒരു പൊട്ടക്കിണറുണ്ട്. അതില്‍ നിന്നാണ് കരച്ചില്‍ കേള്‍ക്കുന്നത്. പൊട്ടക്കിണറില്‍ എത്തിനോക്കിയ കൃഷിക്കാരന്‍ അതില്‍ വീണ് കിടക്കുന്ന കഴുതയെ കണ്ടു.
ഈ വയസായ കഴുതയെ കൊണ്ട് എന്ത് പ്രയോജനം. ഇനി അതിനെ ഇതിനുള്ളില്‍ നിന്ന് പുറത്തെത്തിക്കുവാന്‍ ഒരുപാട് പണവും ചെലവഴിക്കണം. ഏതായാലും ഈ കിണര്‍ മൂടാനുള്ളതാണ്. ഇപ്പോഴേ മൂടിയേക്കാം. കഴുതയേയും അതിലിട്ട് മൂടാം. കൃഷിക്കാരന്‍ ചിന്തിച്ചു.

കൃഷിക്കാരന്‍ തന്റെ പണിക്കാരനെ വിളിച്ചു. രണ്ടുപേരും കൂടി കിണര്‍ മണ്ണിട്ട് മൂടാന്‍ തുടങ്ങി. കിണര്‍ ഏകദേശം പകുതിയോളം നിറഞ്ഞു. കിണറിന്റെ ഉള്ളിലേക്ക് നോക്കിയ കൃഷിക്കാരന്‍ ഞെട്ടിപ്പോയി. പകുതിയോളം നിറഞ്ഞ മണ്ണില്‍ ചവിട്ടി നില്‍ക്കുകയാണ് കഴുത. തന്റെ മുതുകില്‍ വീഴുന്ന മണ്ണ് കുടഞ്ഞ് കളഞ്ഞ് അതില്‍ ചവിട്ടി കഴുത മുകളിലേക്ക് കയറുകയാണ്. കിണര്‍ മുഴുവനും നിറഞ്ഞു. തന്റെ ചുമലില്‍ വീഴുന്ന മണ്ണ് കുടഞ്ഞ് കുടഞ്ഞ് കളഞ്ഞ് കഴുത കിണറിന് പുറത്തു കടന്നു.

ജീവിതപ്രശ്‌നങ്ങളും പ്രാരാബ്ധങ്ങളും ഇങ്ങനെ നമ്മുടെ ചുമലില്‍ വീഴുന്ന മണ്ണാണ്. അതിനെ കുടഞ്ഞെറിഞ്ഞ് ജീവിതത്തില്‍ മുകളിലേക്കുയരാന്‍ നമുക്കാവണം. ഈ പ്രശ്‌നങ്ങളിലും പ്രാരാബ്ധങ്ങളിലും ചവിട്ടിയാവണം നാം മുകളിലേക്ക് കയറേണ്ടത്.

നമ്മില്‍ പതിക്കുന്ന ഓരോ പ്രശ്‌നവും അവിടെ തന്നെ നിലനിര്‍ത്തിയാല്‍ ആ പ്രശ്‌നങ്ങളാല്‍ നാം മൂടപ്പെടും. ചുമലൊന്നു കുലുക്കി പ്രശ്‌നങ്ങളെ കുടഞ്ഞ് തെറിപ്പിക്കാന്‍ നമുക്കാവണം. ഓരോ പ്രശ്‌നം താത്ക്കാലികമാണെന്നും തന്റെ വളര്‍ച്ചയ്ക്ക് അത് തന്നെ പ്രാപ്തനാക്കുന്നുവെന്നും തിരിച്ചറിഞ്ഞാല്‍ നാം ആ പ്രശ്‌നവും പേറി ഏറെ ദൂരം യാത്ര ചെയ്യുകയില്ല.

ഏത് ദുര്‍ഘടമായ പ്രശ്‌നത്തിനും പരിഹാരം ഉണ്ട്. അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് കണ്ടെത്തുകയാണ് നമ്മുടെ കടമ. ജീവന്‍ മണ്ണിട്ട് മൂടപ്പെടേണ്ട അവസ്ഥയില്‍ അതേ മണ്ണ് രക്ഷയ്ക്കായി വിനിയോഗിച്ച കഴുതയുടെ ബുദ്ധി നമുക്കും തുണയാകട്ടെ.

Comments

comments

Categories: FK Special
Tags: problems