എണ്ണ ഇതര മേഖല ജൂലൈയിലും വളര്‍ച്ച നിലനിര്‍ത്തി

എണ്ണ ഇതര മേഖല ജൂലൈയിലും വളര്‍ച്ച നിലനിര്‍ത്തി

ഇന്‍ഡക്‌സില്‍ 57.9 രേഖപ്പെടുത്തിയ ഹോള്‍സെയില്‍, റീട്ടെയ്ല്‍ വ്യവസായമാണ് മേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്

ദുബായ്: ദുബായ് എണ്ണ ഇതര സ്വകാര്യ മേഖലയിലെ മെച്ചപ്പെട്ട വളര്‍ച്ച ജൂലൈയിലും നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. എമിറേറ്റ്‌സ് എന്‍ബിഡിയുടെ ദുബായ് ഇക്കോണമി ട്രാക്കര്‍ ഇന്‍ഡക്‌സ് ജൂലൈയില്‍ 56.3 ലേക്ക് ചെറുതായി ഇടിഞ്ഞെങ്കിലും ദീര്‍ഘ കാല പ്രകടനമായ 55.2 ന് മുകളില്‍ നിലനിര്‍ത്തി.

ഇന്‍ഡക്‌സില്‍ 57.9 രേഖപ്പെടുത്തിയ ഹോള്‍സെയില്‍, റീട്ടെയ്ല്‍ വ്യവസായമാണ് മേഖലയിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ട്രാവല്‍ ആന്‍ഡ് ടൂറിസം (56.3), നിര്‍മാണ മേഖല (54.8) എന്നിവയാണ് ഇതിന് പിന്നിലുള്ളത്. വികസിച്ചുകൊണ്ടിരിക്കുന്ന എണ്ണ ഇതര സ്വകാര്യ മേഖലയുടെ സമ്പദ്‌വ്യവസ്ഥയാണ് 50.0 ത്തിന് മുകളില്‍ റേറ്റ് ചെയ്യുന്നത്.

വളര്‍ച്ചയില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ബിസിനസ് സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മൊത്തത്തിലുള്ള പോസിറ്റീവ് ട്രെന്‍ഡ് ഉല്‍പ്പാദനത്തില്‍ ശക്തമായ വര്‍ധനവുണ്ടാകാന്‍ കാരണമായി

എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയില്‍ ജൂലൈയില്‍ മൊത്തത്തില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് എമിറേറ്റ്‌സ് എന്‍ബിഡിയുടെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് അമേരിക്കയുടെ റിസര്‍ച്ച് മേധാവിയായ ഖാദിജ ഹക്യു പറഞ്ഞു. വില്‍പ്പന വിലയില്‍ കുറവുള്ളതിനാല്‍ കമ്പനികളുടെ പ്രകടനം ചുരുങ്ങിയെന്നും പ്രത്യേകിച്ച് വാണിജ്യ, ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ഇതുണ്ടായത്. മൊത്തത്തിലുള്ള തൊഴില്‍ മേഖലയുടെ വളര്‍ച്ചയും ദുര്‍ബലമായി തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

വളര്‍ച്ചയില്‍ ചെറിയ ഇടിവുണ്ടായെങ്കിലും ബിസിനസ് സാഹചര്യത്തില്‍ നിലനില്‍ക്കുന്ന മൊത്തത്തിലുള്ള പോസിറ്റീവ് ട്രെന്‍ഡ് ഉല്‍പ്പാദനത്തില്‍ ശക്തമായ വര്‍ധനവുണ്ടാകാന്‍ കാരണമായി. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വര്‍ധനവുണ്ടായത് സാമ്പത്തിക സാഹചര്യം അനുകൂലമാക്കുന്നതിനും കൂടുതല്‍ പദ്ധതികളുണ്ടാവാനും കാരണമായെന്ന് സര്‍വേയില്‍ പറയുന്നു. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വളര്‍ച്ചയുണ്ടായെങ്കിലും ഇതിനനുസരിച്ചുള്ള തൊഴിലുകള്‍ രൂപീകരിക്കപ്പെട്ടില്ല. എന്നാല്‍ എണ്ണ ഇതര മേഖലയുടെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്ന ഹോള്‍സെയില്‍, റീട്ടെയ്ല്‍ ഉള്‍പ്പടെയുള്ള ഉപ മേഖലകളിലെ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

മാര്‍ക്കറ്റിലേക്ക് വരുന്ന പുതിയ ബിസിനസുകളുടെ എണ്ണത്തിലെ വളര്‍ച്ച ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ്. ജൂണില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്നിരുന്ന ബിസിനസ് കോണ്‍ഫിഡന്‍സ് ജൂലൈയില്‍ വളര്‍ച്ച നേടിയെങ്കിലും ഇപ്പോഴും മോശം നിലയിലാണ്. പ്രചരണ പ്രവര്‍ത്തനങ്ങളുടെ പിന്തുണയോടെ ഡിമാന്‍ഡില്‍ വീണ്ടും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia