പരസ്പര സഹകരണത്തില്‍ മുന്നോട്ടു പോകുമെന്ന് ഇന്ത്യയും ചൈനയും

പരസ്പര സഹകരണത്തില്‍ മുന്നോട്ടു പോകുമെന്ന് ഇന്ത്യയും ചൈനയും

പ്രതിരോധ, സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തേണ്ടതുണ്ട്

ഷിയാമെന്‍: മുഖാമുഖം വെല്ലുവിളിച്ച ഡോക്‌ലാം സംഘര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തി ഇരു രാജ്യങ്ങളും മുന്നോട്ട് പോകുമെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും ആവര്‍ത്തിച്ച് വ്യക്തമാക്കി. ചൈനയിലെ ഷിയാമെനില്‍ നടന്ന ഒമ്പതാം ബ്രിക്‌സ് സമ്മേളനത്തിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച.

ഒരുമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഒരുമിച്ചുള്ള മുന്നോട്ടുപോക്ക് സംബന്ധിച്ച ക്രിയാത്മകമായ സമീപനമാണ് ഇരു വിഭാഗവും ചര്‍ച്ചയില്‍ പുലര്‍ത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പറഞ്ഞു. ഭാവിയിലെ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഇന്ത്യയുടെയും ചൈനയുടെയും പ്രതിരോധ, സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തേണ്ടതുണ്ടെന്ന അഭിപ്രായവും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്നു.

അതേസമയം ഡോക്‌ലാം സംഘര്‍ഷം സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന സൂചനയാണ് ജയശങ്കര്‍ നല്‍കുന്നത്. മികച്ച നിലയില്‍ ബ്രിക്‌സ് ഉച്ചകോടി നടത്തിയ ചൈനയെ നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.

ആരോഗ്യകരവും സുസ്ഥിരവുമായ ഉഭയകക്ഷി ബന്ധത്തില്‍ ഇന്ത്യയും ചൈനയും മുന്നോട്ട് പോകണമെന്ന് ഷി ജിന്‍പിംഗ് മോദിയോട് പറഞ്ഞതായി ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സമാധാന സവര്‍ത്തിത്വത്തിത്തിനായി ഇന്ത്യയും ചൈനയും ചേര്‍ന്ന് തയാറിക്കിയിട്ടുള്ള പഞ്ചശീല തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുമായി സഹകരിക്കാന്‍ ചൈന സന്നദ്ധമാണെന്നും ജിന്‍ പിംഗ് പറഞ്ഞു. പരസ്പര സഹകരണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോക് ലാമില്‍ 73 ദിവസങ്ങളോളമാണ് ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നത്. ജൂണ്‍ 16 മുതലാണ് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഡോക്‌ലാമില്‍ മുഖാമുഖം നിലയുറപ്പിച്ചത്. ചൈനീസ് സൈന്യം അതിര്‍ത്തി പ്രദേശത്ത് നടത്തി വന്ന റോഡ് നിര്‍മാണത്തെ എതിര്‍ത്ത് ഇന്ത്യ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സമവായത്തെ തുടര്‍ന്ന് ഓഗസ്റ്റ് 28നാണ് ഡോക്‌ലാമില്‍ നിന്ന് ഇന്ത്യയും ചൈനയും സൈന്യങ്ങളെ പിന്‍വലിച്ചത്.

Comments

comments

Categories: Slider, Top Stories