ഫ്രഞ്ച് കുടുംബത്തിന് അഭയമേകി ഗുരുദ്വാര

ഫ്രഞ്ച് കുടുംബത്തിന് അഭയമേകി ഗുരുദ്വാര

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷണമുള്ള മുംബൈ നഗരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കം ഏവരേയും ദുരിതത്തിലാക്കിയ ഒന്നായിരുന്നു. ട്രെയ്ന്‍, വിമാന, ബസ് സര്‍വീസുകള്‍ വരെ നിറുത്തിവയ്‌ക്കേണ്ട സാഹചര്യവും പ്രളയം മൂലമുണ്ടായി. മുംബൈ നിവാസികള്‍ക്കൊപ്പം ദുരിതമനുഭവിച്ചവരില്‍ വിദേശകളുമുണ്ടായിരുന്നു. ഫ്രാന്‍സില്‍നിന്നും മുംബൈ സന്ദര്‍ശിക്കാനെത്തിയ ഫ്രഞ്ച് കുടുംബത്തിന് നേരിട്ട ഒരു മഴക്കാല അനുഭവം പക്ഷേ ഹൃദ്യാനുഭവമായി മാറി.

തിങ്കളാഴ്ച രാത്രി മുതല്‍ മുംബൈയില്‍ ശക്തമായ മഴയായിരുന്നു. ഇതേ തുടര്‍ന്നു നഗരം നിശ്ചലമായി. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ ദുരിതമനുഭവിച്ചവര്‍ക്കു താല്‍കാലിക പാര്‍പ്പിട സൗകര്യമൊരുക്കി മാതൃകയായി. പ്രളയത്തെ തുടര്‍ന്നു മുംബൈയില്‍ ഗുരുദ്വാരയില്‍ 750-ാളം പേരാണു അഭയം തേടിയെത്തിയത്. ഇവര്‍ക്ക് താമസ സൗകര്യത്തോടൊപ്പം ഗുരുദ്വാരയുടെ ഭാരവാഹികള്‍ ഭക്ഷണവും നല്‍കുകയുണ്ടായി. ഫ്രഞ്ചുകാരന്‍ ഏരി ബോളേസ്‌വാസ്‌കിയും ഭാര്യയും മൂന്നു പെണ്‍മക്കളും ഇത്തരത്തില്‍ സിഖ് സമുദായത്തിന്റെ ആതിഥ്യമേറ്റു വാങ്ങി. ഇവര്‍ താമസസൗകര്യം തേടി മുംബൈയിലെ ദാദറില്‍ മൂന്നു ഹോട്ടലുകളെ സമീപിച്ചെങ്കിലും അവിടെയൊന്നും മുറി ലഭിച്ചില്ല. പിന്നീട് ഒരു ഹോട്ടല്‍ ഉടമയാണ് ഫ്രഞ്ചുകാരന്‍ ഏരിയോടു ഗുരുദ്വാരയിലേക്കു പോകാന്‍ നിര്‍ദേശിച്ചത്. അവിടെ ചെന്ന ഏരിക്കും കുടുംബത്തിനും ഗുരുദ്വാരയിലെ ഭാരവാഹികള്‍ ഊഷ്മളമായ സ്വീകരണമാണു നല്‍കിയത്. ഇവര്‍ക്ക് പ്രത്യേക മുറികള്‍ അനുവദിക്കുകയും രാത്രി ധാല്‍ കിച്ചടി ഭക്ഷണമായി നല്‍കുകയും ചെയ്തു.തങ്ങള്‍ക്ക് ലഭിച്ച ഗംഭീര സ്വീകരണത്തില്‍ മനംനിറഞ്ഞ ഏരി, പക്ഷേ പ്രത്യേക പരിഗണനയൊന്നും തനിക്കോ കുടുംബാംഗങ്ങള്‍ക്കോ വേണ്ടെന്നു ഗുരുദ്വാര ഭാരവാഹികളെ അറിയിച്ചു. പിറ്റേ ദിവസം നിറഞ്ഞ മനസോടെയാണു ഏരി മുംബൈ വിട്ട് പാരീസിലേക്കു പറന്നത്.

മുംബൈയോടു യാത്ര പറയും മുന്‍പ് എഴുതിയ പോസ്റ്റ് കാര്‍ഡില്‍ ഇങ്ങനെ കുറിച്ചു; ‘ഇന്ത്യയിലെ ഞങ്ങളുടെ ഏറ്റവും മോശമായ അനുഭവം ഏറ്റവും മികവുള്ളതായി മാറി. ഞങ്ങള്‍ക്ക് അതില്‍ നിന്നും ഒരുപാട് പാഠം ഉള്‍ക്കൊള്ളാനായി. ഇരുളില്‍ വെളിച്ചമേകിയ ലൈറ്റ് ഹൗസാണ് ഗുരുദ്വാര. ഞങ്ങള്‍ക്കു കൂടാരം ഒരുക്കാന്‍ മാത്രമല്ല, നിറഞ്ഞ മനസോടെ ഞങ്ങളെ സ്വീകരിക്കാനും ഗുരുദ്വാരയിലെ ഭാരവാഹികള്‍ തയാറായി’

Comments

comments

Categories: FK Special, Slider