ജിഡിപി വളര്‍ച്ചാ നിഗമനം കുറച്ച് ക്രിസിലിന്റെ പുതിയ റിപ്പോര്‍ട്ട്

ജിഡിപി വളര്‍ച്ചാ നിഗമനം കുറച്ച് ക്രിസിലിന്റെ പുതിയ റിപ്പോര്‍ട്ട്

മറ്റ് മിക്ക അനലിസ്റ്റുകളുടെയും പ്രവചനം ഏഴ് ശതമാനത്തില്‍ താഴെയാണ്

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച സംബന്ധിച്ച നിഗമനത്തില്‍ കുറവ് വരുത്തി ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മുന്‍പ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായിരിക്കുമെന്നായിരുന്നു ക്രിസിലിന്റെ പ്രവചനം. നിലവിലിത് ഏഴ് ശതമാനത്തിലേക്കാണ് കുറച്ചിട്ടുള്ളത്. രാജ്യം പുതിയ നികുതി സംവിധാനത്തിലേക്ക് (ജിഎസ്ടി) മാറിയതിന്റെ ഫലമായുണ്ടായ തടസങ്ങള്‍ തുടര്‍ന്നുള്ള ചില പാദങ്ങളില്‍ കൂടി സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിഡിപി വളര്‍ച്ചാ നിരക്ക് ക്രിസില്‍ വെട്ടിക്കുറച്ചത്.

ജിഎസ്ടിയുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താല്‍ക്കാലികമായി പരിമിതപ്പെടുത്തിയതായും പുതിയ നികുതി സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി നടത്തിയ ക്രമീകരണങ്ങളും തുടര്‍ന്നുണ്ടായ അനിശ്ചിതത്വങ്ങളും വരുന്ന ചില പാദങ്ങളില്‍ കൂടി തുടരുമെന്നാണ് നിരീക്ഷിക്കുന്നതെന്നും ക്രിസില്‍ റേറ്റിംഗ്‌സ് വ്യക്തമാക്കി.

ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 5.7 ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത്. ഇതിന്റെ ഫലമായി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന പെരുമയും ഇന്ത്യക്ക് നഷ്ടമായിരുന്നു. നവംബറില്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ ആഘാതങ്ങളില്‍ നിന്നും സമ്പദ്‌വ്യവസ്ഥ കരകയറുന്നതിനു മുമ്പു തന്നെ ജിഎസ്ടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തടസങ്ങള്‍ കൂടി വന്നതോടെ സമ്പദ്‌വ്യവസ്ഥയില്‍ കൂടുതല്‍ പ്രതിചലനങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ക്രിസിലിന്റെ നിരീക്ഷണം.

ശേഷിക്കുന്ന മൂന്ന് പാദങ്ങളിലും വളര്‍ച്ചാ നിരക്ക് 7.4 ശതമാനമായാലാണ് നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ചാ നിരക്കെന്ന ക്രിസിലിന്റെ നിഗമനം യാഥാര്‍ത്ഥ്യമാകുക. മറ്റ് മിക്ക അനലിസ്റ്റുകളുടെയും പ്രവചനം ഏഴ് ശതമാനത്തില്‍ താഴെയാണ്. ആഗോള വളര്‍ച്ചയും ആഭ്യന്തര നിക്ഷേപങ്ങളും ദുര്‍ബലമായിരിക്കുന്ന ഒരു പരിസ്ഥിതിയില്‍ നിന്നു മാത്രമെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വളര്‍ച്ചാ മാര്‍ഗം മെച്ചപ്പെടുത്താന്‍ നിലവില്‍ സാധിക്കുകയുള്ളൂവെന്നാണ് ക്രിസില്‍ നിരീക്ഷിക്കുന്നത്.

ആഗോള വളര്‍ച്ചാ സാധ്യതകള്‍ 2016നെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വ്യപാര വളര്‍ച്ചയിലെ ഇടിവ്, ഭൂമിശാസ്ത്രപരമായി ഉയര്‍ന്നുവരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍, വികസിത രാഷ്ട്രങ്ങളിലെ ധനനയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍, രൂപയുടെ മൂല്യം തുടങ്ങിയ ഘടകങ്ങള്‍ ജിഡിപി വളര്‍ച്ചയിലെ കയറ്റുമതിയില്‍ നിന്നുള്ള പങ്ക് പരിമിതപ്പെടുത്തുമെന്നും ക്രിസില്‍ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മാനുഫാക്ച്ചറിംഗ് വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തെ 7.9 ശതമാനത്തില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷം 7.6 ശതമാനത്തിലേക്ക് ഇടിയുമെന്നും ക്രിസില്‍ ചൂണ്ടിക്കാട്ടി.

കാര്‍ഷിക മേഖലയിലെ വളര്‍ച്ച ആശ്വാസകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപാരം, ഹോട്ടല്‍സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, സാമ്പത്തിക സേവനങ്ങള്‍, റിയല്‍റ്റി, പ്രൊഫഷണല്‍ സര്‍വീസസ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള മെച്ചപ്പെട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സേവന മേഖലയില്‍ ഭേദപ്പെട്ട പുരോഗതി നിരീക്ഷിക്കാനാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Comments

comments

Categories: Top Stories