അടച്ചിടപ്പെടുന്ന മുന്‍വാതിലുകള്‍;തുറക്കപ്പെടുന്ന പിന്‍വാതിലുകള്‍

അടച്ചിടപ്പെടുന്ന മുന്‍വാതിലുകള്‍;തുറക്കപ്പെടുന്ന പിന്‍വാതിലുകള്‍

എറണാകുളമോ കോഴിക്കോടോ പോലുള്ള വന്‍നഗരങ്ങളിലൊഴികെ എല്ലായിടത്തും എല്ലാവര്‍ക്കും ഒരുവിധം പരസ്പരം അറിയാം. തിരുവനന്തപുരം തലസ്ഥാന നഗരമാണെങ്കിലും ഗ്രാമാന്തരീക്ഷം കുറെയെല്ലാം അടുത്ത കാലം വരെ നിലനിന്നിരുന്നു

‘മഹാരാഷ്ട്രയിലെ ശനി ശിന്ഗ്‌നപുര്‍ എന്ന ഗ്രാമം ആരിലും അത്ഭുതം ഉണര്‍ത്തും. എന്തിനും ഏതിനും കള്ളന്മാരെ പേടിച്ച് പേടിച്ച് ജീവിക്കുന്ന ഇക്കാലത്ത് വീടുകള്‍ക്ക് മുന്‍വാതിലുകള്‍ ഇല്ലാതെ ഒരു ഗ്രാമം. ഒന്നും രണ്ടും വീടുകളുടെ കാര്യമല്ല പറയുന്നത്. ഈ ഗ്രാമത്തിലെ 90 ശതമാനത്തിനു മുകളില്‍ വീടുകള്‍ക്കും മുന്‍വാതിലുകള്‍ ഇല്ല. അതുകൊണ്ട് തന്നെ പണവും മറ്റു സ്വത്തുക്കളും സംരക്ഷിക്കുന്നതിന് യാതൊരു വിധ മറവും ഇല്ലിവിടെ’ അടുത്ത കാലത്ത് വന്ന വാര്‍ത്തയാണിത്.

പണ്ട് നമ്മുടെ നാട്ടിലും ഏകദേശം അങ്ങനെയായിരുന്നു. എന്ന് പറഞ്ഞാല്‍ വാതിലുകള്‍ ഇല്ലെന്നല്ല. അവ ഉണ്ടായിരുന്നു. രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത് മുന്‍വാതില്‍ തുറക്കുക എന്നതായിരുന്നു. മുറ്റം അടിച്ച് വാരിക്കഴിഞ്ഞാല്‍ പടിപ്പുര ഉള്ള വീടുകളില്‍ പടിപ്പുര വാതിലും തുറക്കും. കരിയില വീണ് അലങ്കോലമായി കിടക്കുന്ന മുറ്റം അന്യര്‍ കാണാതിരിക്കാനാണ് അവിടം വൃത്തിയാക്കിയ ശേഷം മാത്രം പടിപ്പുര തുറക്കുന്നത്. പിന്നീട് ആ പടിപ്പുര വാതില്‍ അടയ്ക്കുന്നത് രാത്രി പുറത്ത് അത്താഴപ്പഷ്ണിക്കാരാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ്. അനന്തരം ഉമ്മറവാതിലും ബന്ധിക്കും. പകല്‍ സമയം ഇവ രണ്ടും തുറന്ന് തന്നെ കിടക്കും.

കൂട്ടുകുടുംബ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ എല്ലാ വീടുകളിലും എല്ലാ ഭാഗത്തും എപ്പോഴും ആള്‍പെരുമാറ്റം ഉണ്ടായിരുന്നു. ഉമ്മറക്കോലായയിലും പുറത്തളത്തിലും മൂത്ത പുരുഷന്മാരുടെ നര്‍മ്മമൊഴികളും അടുക്കളയിലും വടക്കിനിയിലും സ്ത്രീജനങ്ങളുടെ പാചകവും പരിഭവവും പരിവട്ടവും. വടക്കേക്കോലായയിലും മുറ്റത്തും പെണ്‍കുട്ടികള്‍ കൊത്താങ്കല്ലും തൊങ്ങിക്കളിയും കളിച്ചു. തെക്കേ മുറ്റത്ത് ആണ്‍കുട്ടികള്‍ കുട്ടിയും കോലും അല്ലെങ്കില്‍ തലപ്പന്ത് കളിച്ചു. വലിയ വീടുകളില്‍, ഇതിന് പുറമേ വടക്കിനിമുറ്റത്തും കിഴക്കിനിക്കോലായയിലും ജോലിക്കാരികളും പറമ്പില്‍ പണിക്കാരും ഉണ്ടാവും. പൊതുവില്‍ സംരക്ഷിതമായ അന്തരീക്ഷം. വാതിലുകളൊന്നും അടയ്‌ക്കേണ്ട ആവശ്യമില്ല.

മതിയായ ഒരു വീടില്ലാത്തവരുടെ കൂരകള്‍ക്കാവട്ടെ വാതിലുകള്‍ പോയിട്ട് ചോരാത്ത ഒരു മേല്‍ക്കൂര പോലും ഉണ്ടായിരുന്നതുമില്ല. അവര്‍ക്കവിടെ സൂക്ഷിക്കാന്‍ പട്ടിണിയല്ലാതെ മറ്റൊരു സ്വത്തോ സമ്പാദ്യമോ രഹസ്യമോ ഇല്ലായിരുന്നു.

എറണാകുളമോ കോഴിക്കോടോ പോലുള്ള വന്‍നഗരങ്ങളിലൊഴികെ എല്ലായിടത്തും എല്ലാവര്‍ക്കും ഒരുവിധം പരസ്പരം അറിയാം. തിരുവനന്തപുരം തലസ്ഥാന നഗരമാണെങ്കിലും ഗ്രാമാന്തരീക്ഷം കുറെയെല്ലാം അടുത്ത കാലം വരെ നിലനിന്നിരുന്നു. ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും അവിടെയുള്ളവരേയും വിരുന്ന് വരാവുന്നവരേയും അറിയാം. ഒരു ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് എന്റെ ഗ്രാമമായ കുമരംപുത്തൂര്‍ ചുങ്കത്ത് പരിചയമില്ലാത്ത ആര് വന്നിറങ്ങിയാലും കവലയിലെ കടക്കാരോ താമസക്കാരോ ‘ആരാണ്, എങ്ങോട്ടാണ്’ എന്ന് തിരക്കുമായിരുന്നു. ജോലിക്ക് പോയ സമയത്ത് വീട്ടില്‍ വിരുന്നുകാര്‍ വന്നിട്ടുണ്ടെങ്കില്‍ റോഡില്‍ വച്ചേ ഞങ്ങള്‍ വിവരം അറിയുമായിരുന്നു.

കൂട്ടുകുടുംബങ്ങള്‍ പാഴ്കഥയായി മാറുന്നത് എഴുപതുകളിലാണ്. വീട് എന്നത് മലയാളിക്ക് അഞ്ച് സെന്റ് (മലയാറ്റൂരിനെ ഓര്‍മ്മവരുന്നു) സങ്കല്‍പ്പമായി. തറവാട്ട് പറമ്പുകള്‍ കഷണം കഷണമായി; വാര്‍ക്ക വീടുകള്‍ പൊങ്ങി. ‘ഞാനും എന്റെ കെട്ട്യോളും രണ്ട് കുട്ട്യോളും ഒരു തട്ടാനും’ എന്ന വള്ളുവനാടന്‍ ശൈലീപ്രയോഗം അത് അറിയാതെ തന്നെ കളിയിക്കാവിള മുതല്‍ തലപ്പാടി വരെയുള്ള മലയാളി നടപ്പിലാക്കി. അതിരുകള്‍ ചുരുങ്ങുന്നതിനൊപ്പം മനസിന്റെ വിസ്തൃതിയും കുറഞ്ഞ് തുടങ്ങി.

കൂട്ടുകുടുംബങ്ങള്‍ പാഴ്കഥയായി മാറുന്നത് എഴുപതുകളിലാണ്. വീട് എന്നത് മലയാളിക്ക് അഞ്ച് സെന്റ് (മലയാറ്റൂരിനെ ഓര്‍മ്മവരുന്നു) സങ്കല്‍പ്പമായി. തറവാട്ട് പറമ്പുകള്‍ കഷണം കഷണമായി; വാര്‍ക്ക വീടുകള്‍ പൊങ്ങി. ‘ഞാനും എന്റെ കെട്ട്യോളും രണ്ട് കുട്ട്യോളും ഒരു തട്ടാനും’ എന്ന വള്ളുവനാടന്‍ ശൈലീപ്രയോഗം അത് അറിയാതെ തന്നെ കളിയിക്കാവിള മുതല്‍ തലപ്പാടി വരെയുള്ള മലയാളി നടപ്പിലാക്കി. അതിരുകള്‍ ചുരുങ്ങുന്നതിനൊപ്പം മനസിന്റെ വിസ്തൃതിയും കുറഞ്ഞ് തുടങ്ങി

എണ്‍പതുകളുടെ അവസാനത്തോടെ നമ്മുടെ നാട്ടില്‍ ടെലിവിഷന്‍ ഒരുവിധം പ്രചാരത്തിലായി. ആദ്യമാദ്യം ഹിന്ദി വാര്‍ത്തയും ഹിന്ദി കൃഷിദര്‍ശനും വാപൊളിച്ച് കണ്ടിരുന്നു ജനം. മഹാഭാരതം സീരിയലായി ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് പ്രത്യക്ഷപ്പെട്ടപ്പോള്‍ വിവാഹ മുഹൂര്‍ത്തം കുറിക്കാന്‍ ജ്യോത്സ്യന്മാര്‍ പാടുപെട്ടു; ആ സമയത്ത് വരുന്ന മുഹൂര്‍ത്തമാണെങ്കില്‍ കല്യാണത്തിന് ആള് കൂടില്ല. വിഡ്ഢിപ്പെട്ടിയുടെ മായാമാന്ത്രികവിദ്യകള്‍ നമ്മളെ ഹിപ്‌നോടൈസ് ചെയ്ത് മയക്കാന്‍ തുടങ്ങി. ഇത് കണ്ടറിഞ്ഞ വ്യവസായികള്‍ സ്വകാര്യ ചാനലുകള്‍ രംഗത്തിറക്കി. പിന്നെ ഓരോ പാര്‍ട്ടിക്കും ഓരോ ഗ്രൂപ്പിനും ഒന്നും രണ്ടും ചാനലായി. ആകാശം പിളര്‍ന്ന് നിന്നിരുന്ന ടിവി ആന്റിന താമസിയാതെ സ്‌പൈറല്‍ രൂപം പ്രാപിച്ച് പിന്നീട് അകാല ചരമമടഞ്ഞു. ഇന്ന് സെറ്റ്‌ടോപ്പ് ബോക്‌സ് വഴി ലോകത്തുള്ള സകല ചാനലും സ്വീകരണമുറിയിലും കിടപ്പ് മുറിയിലും എത്തി.

പരിണാമഗതിയില്‍ നമ്മുടെ വ്യക്തിത്വത്തിന് ടിവി ആന്റിനയോട് സാമ്യമുണ്ട്. നമ്മുടെ വ്യക്തിത്വങ്ങള്‍ ടിവി വരുന്നത് വരെ നാട്ടുകൂട്ടത്തില്‍ ടിവി ആന്റിന പോലെ തലയുയര്‍ത്തി നിന്നതാണ്. പിന്നീടതൊന്ന് വളഞ്ഞ് പുളഞ്ഞു. ഇന്ന് നമ്മുടെ വ്യക്തിത്വം അടയാളപ്പെടുത്തുന്നത് സെറ്റ്‌ടോപ്പ് ബോക്‌സ് പോലെത്തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളാണ്. ടിവി വന്നതോടെ മുന്‍വാതില്‍ അടച്ച് അകത്തിരുന്നു നമ്മള്‍. പിന്നെ മൊബീല്‍ ഫോണ്‍ സ്മാര്‍ട്ടായതോടെ അത് നമ്മുടെ സ്മാര്‍ട്‌നെസും കവര്‍ന്ന് നമ്മളെ തലകുനിച്ചിരുത്തി. ‘ഇത്തിരിവെട്ടം മാത്രം കാണ്മവര്‍’ എന്നെഴുതിയ നേരത്ത് ആ വെട്ടം ഇത്രമാത്രം ‘ഇത്തിരി’യാവുമെന്ന് കവി പോലും ഉദ്ദേശിക്കുകയോ ഊഹിക്കുകയോ ചെയ്തിട്ടുണ്ടാവില്ല.

1996ല്‍ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. വര്‍ഷാവര്‍ഷം പൂര്‍വാധികം ഭംഗിയോടെ നടത്തുന്ന ഈ ഷോപ്പിംഗ് മാമാങ്കത്തിന് കൊഴുപ്പും നിറവും രുചിയും പകരാന്‍ ആ സമയത്ത് വിസ നിയമങ്ങളില്‍ ദുബായ് ഗവണ്‍മെന്റ് അയവ് വരുത്തി. അതോടെ ശരാശരി പ്രവാസിക്ക് കുറച്ച് ആഴ്ചകളെങ്കിലും കുടുംബാംഗങ്ങളെ ദുബായ് കാണിക്കാന്‍ കൊണ്ടുപോകാനായി. അവിടത്തെ അംബരചുംബികളിലെ ഫഌറ്റുകളുടെ സൗകര്യവും സ്വകാര്യതയും സുരക്ഷിതത്വവും മലയാളിയില്‍ ഫഌറ്റ് മോഹങ്ങള്‍ക്ക് വിത്തിട്ടു. ഇതേ സമയം തന്നെ വ്യോമയാന രംഗം സ്വകാര്യമേഖലക്ക് കൂടി തുറന്നിട്ടതോടെ ഇന്ത്യയില്‍ സര്‍ക്കാര്‍ കുത്തക അവസാനിക്കുകയും നിരക്ക് മത്സരം ആരംഭിക്കുകയും ചെയ്തു. എയര്‍ ഡെക്കാന്‍ എന്ന വിമാനക്കമ്പനി അകാലചരമം പ്രാപിച്ചെങ്കിലും അത് ഇന്ത്യന്‍ വ്യോമയാന രംഗത്ത് കൊണ്ടുവന്ന വിപ്ലവം വളരെ വലുതായിരുന്നു. ‘ചുമ്മാ പറക്കണം’ (simply fly) എന്നതായിരുന്നു എയര്‍ ഡെക്കാന്റെ മുദ്രാവാക്യം. ശരാശരി എഴുന്നൂറ് രൂപയ്ക്കും ചിലപ്പോള്‍ ഒരു രൂപയ്ക്കും വരെയും വിമാനടിക്കറ്റ് നല്‍കിയ ഈ എയര്‍ലൈന്‍ എല്ലാവരിലും പറക്കല്‍ മോഹം ഉദിപ്പിച്ചു. ട്രെയ്ന്‍ ടിക്കറ്റിന് മാസങ്ങള്‍ കാത്തിരുന്നാലും കിട്ടാതിരുന്ന മലയാളിക്ക് മറ്റ് ഭാരതീയരോടൊപ്പം ചിറക് മുളച്ചു. വിദൂര നഗരങ്ങള്‍ തമ്മിലുള്ള ദൂരം ഒരു മൗസ് ക്ലിക്ക് കൊണ്ടളന്ന് അവന്‍ മഹാനഗരങ്ങളിലെ ജീവിതശൈലി കണ്ടാസ്വദിച്ചു. താമസംവിനാ അവനതില്‍ അലിഞ്ഞു. അങ്ങനെ ഇന്ത്യക്ക് അകത്തും പുറത്തും ഫഌറ്റുകള്‍ കണ്ടറിഞ്ഞ മലയാളി പതിയെ അതിനെ തെങ്ങിന്റെ സ്ഥാനത്ത് പറിച്ചുനട്ടു. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മരത്തില്‍ നിന്നവന്‍ മെല്ലെ താഴെ കുതിച്ചെങ്കില്‍ ഇത് ഒരു തിരിച്ച് പോക്കിന് ലിഫ്റ്റ് കെട്ടി, വീണ്ടും വൃക്ഷസമാനമായ കെട്ടിടങ്ങളിലെ കൊമ്പുകളിലേക്ക്. മരക്കൊമ്പത്തെ കിളിക്കൂടിന് ഒരു വാതിലേ ഉള്ളൂ.

വീട്ടുപേരില്‍ അറിയപ്പെട്ടിരുന്ന നാം ഫഌറ്റ് നമ്പറുകളാല്‍ അറിയപ്പെടാന്‍ തുടങ്ങി. ഒരുവാതില്‍ക്കോട്ടയുടെ പ്രവേശന കവാടം ദ്വാരപാലകരാല്‍ ഭരിക്കപ്പെടുന്നു. അകത്ത് നിന്നും വിസ വന്നാലേ ഉള്ളിലേക്ക് പ്രവേശനം ലഭിക്കൂ. കോട്ടക്കകത്ത് എത്തിയാല്‍ അടഞ്ഞ് കിടക്കുന്ന വാതിലുകള്‍ മാത്രമുള്ള ഇടനാഴികളിലെവിടെയോ ആണ് ഫഌറ്റിലേക്കുള്ള പ്രവേശന ദ്വാരം. ഇത്രയും പുനര്‍ജ്ജനി നൂഴാന്‍ ആരും അത്ര അത്യാവശ്യമില്ലെങ്കില്‍ മെനക്കെടാറില്ല എന്നതാണ് സത്യം. അധികമാരും മൗനം ഭഞ്ജിപ്പിക്കാന്‍ എത്തേണ്ടതില്ല എന്ന് അകത്ത് താന്താങ്ങളുടെ മോഹപ്പൂമരക്കൊമ്പുകളില്‍ ചടഞ്ഞിരിക്കുന്ന ഉലൂകങ്ങളും വിചാരിക്കുമ്പോള്‍ മുന്‍വാതിലിന്റെ സാക്ഷ കൂടുതല്‍ ഘനത്തില്‍, ശക്തിയില്‍ വീഴുന്നു.

മുന്‍വാതില്‍ അടയുമ്പോള്‍ അകത്തെ വായുവും ഗന്ധവും ഘനീഭവിക്കും. കെട്ടിനില്‍ക്കുന്ന ഈ ഘനശ്യാമമേഘം പിന്നെ മഴയായ് പെയ്യിക്കാന്‍ ഉള്ളിലെ ചൂടിനോടൊപ്പം കൂട്ടുകൂടിയ വെള്ളിടികളാണ് സമൂഹ
മാധ്യമങ്ങള്‍ എന്ന പിന്‍വാതിലുകള്‍. ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂടായി പെട്ടെന്ന് മറഞ്ഞെങ്കിലും ഫേസ്ബുക്ക് ഒരു അടിവസ്ത്രം പോലെ അത്യന്താപേക്ഷിതമായി മാറിയിട്ടുണ്ട്. ട്വിറ്ററൊന്നും മലയാളിക്ക് അത്ര ഇണങ്ങിയിട്ടില്ല. എന്നാല്‍ ഒരു കമ്യൂണിക്കേറ്റര്‍ എന്ന നിലയില്‍ വാട്‌സാപ്പ് വ്യാപക പ്രചാരം നേടിയിട്ടുണ്ട്.

ജീവിച്ചിരിക്കുന്ന നമ്മുടെ ചരിത്രം രേഖപ്പെടുത്തുന്ന, മുഖലക്ഷണ ഫലശ്രുതിയും ഹസ്തരേഖാ പ്രവചനവും ചെയ്യുന്ന, സാധാരണക്കാരന്റെ ഏക പരമാവകാശമായ, തെളിഞ്ഞ പന്ത്രണ്ടക്കവും ഒളിഞ്ഞ മറ്റൊരു നാലക്കവും ചേര്‍ന്ന, എല്ലാത്തിന്റെയും ആധാരശില നമ്മുടെ സാമ്പത്തിക ഇടപാടുകളുമായി കെട്ടുപിണയുമ്പോള്‍, ആ പിരികള്‍ക്കിടയില്‍ ഒരു മൊബീല്‍ ഫോണ്‍ നമ്പര്‍ ഞെരിയുമ്പോള്‍, ആ നമ്പറില്‍ വാട്‌സാപ്പ് സാന്നിധ്യം കുടികൊള്ളുമ്പോള്‍, വാട്‌സാപ്പ് സന്ദേശങ്ങള്‍ ചോര്‍ത്താന്‍ നിരവധി സങ്കേതങ്ങള്‍ വിലയ്ക്കും വെറുതെയും ലഭിക്കുമ്പോള്‍, വാട്‌സാപ്പിനെ മുഖപുസ്തക മുതലാളി സ്വന്തമാക്കുമ്പോള്‍, മുഖപുസ്തകത്തിന്റെ പ്രവേശിക ‘സുരക്ഷിത’മാക്കാന്‍ മൊബീല്‍ നമ്പര്‍ നല്‍കുമ്പോള്‍, ഗൂഗിള്‍ അക്കൗണ്ട് വിവരങ്ങള്‍ ഫേസ്ബുക്കിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോള്‍, ആധാരശിലയുടെ അടിയില്‍ ചോര്‍ച്ച വീണ് അഷ്ടബന്ധദ്രവ്യങ്ങള്‍ ഉരുകിച്ചേരുമ്പോള്‍, ‘എന്റെ രഹസ്യങ്ങള്‍ ചോരുന്നേ’ എന്ന് പെട്ടെന്ന് ഒരു ദിവസം നമുക്ക് വെളിപാടുണ്ടാവുന്നു.

എന്താണ് നമ്മുടെ ‘രഹസ്യങ്ങള്‍’? നമ്മള്‍ ഒരു സ്ഥലത്ത് പോയാല്‍ ‘ഇറ്റ് അപ്പിയേഴ്‌സ് ദാറ്റ് യു ആര്‍ ഇന്‍ xxxxx. പ്ലീസ് ടെല്‍ അസ് മോര്‍ എബൌട്ട് ദിസ് പ്ലേസ്. ദിസ് പ്ലേസ് ഹാസ് പാര്‍ക്കിംഗ്?’ എന്നെല്ലാം ഫേസ്ബുക് നമ്മോട് ചോദിക്കുന്നതോ? അതോ നമ്മള്‍ ഒരു വഴി സഞ്ചരിക്കുമ്പോള്‍ ‘xyz ഈസ് നിയര്‍ ബൈ’ എന്ന് നമ്മുടെ എഫ്ബി സുഹൃത്തിന് സന്ദേശം വരുന്നതോ? എന്താണ് നമ്മുടെ ‘മൗലികാവകാശ പ്രശ്‌നം’?

ആധാരശിലയുടെ പഞ്ചലോഹക്കൂട്ടിളകി പേരും വയസും പത്ത് പേരറിഞ്ഞ് ‘വയസനായി’ എന്ന് മാലോകര്‍, പ്രത്യേകിച്ച് അമേരിക്കക്കാര്‍, ധരിക്കുമോ എന്നത് വലിയ വേവലാതി ആക്കേണ്ട. കാരണം, നിങ്ങള്‍ ഒരു തീവ്രവാദി അല്ലെങ്കില്‍ ഒരമേരിക്കക്കാരനും നിങ്ങളില്‍ താല്‍പ്പര്യമുണ്ടാവില്ല; അമേരിക്കക്കാരന് എന്നല്ല, ആര്‍ക്കും. എന്തിന്, മാട്രിമോണിയല്‍ സൈറ്റ് പോലും ഇതുപയോഗിച്ച് കല്യാണാലോചനക്ക് വരില്ല. ഇനി കൃഷ്ണമണിയുടെ ദീര്‍ഘദൃഷ്ടിക്കഴിവോ കൈരേഖയിലെ ഭാഗ്യദൗര്‍ഭാഗ്യങ്ങളോ മറ്റൊരാള്‍ കവര്‍ന്നെടുക്കുമെന്നാണെങ്കില്‍ ജീവശാസ്ത്രപരമായി ആ സംശയം അസാധുവാണ്, അസാധ്യവുമാണ്.

അതിര്‍ത്തിക്കുള്ളിലും അതിര്‍ത്തി കടന്നുമുള്ള തീവ്രവാദം ലോകത്ത് എല്ലായിടത്തും അര്‍ബുദം പോലെ വ്യാപിക്കുമ്പോള്‍ ചില റേഡിയേഷന്‍ ചികിത്സകള്‍ ആവശ്യമാണ്. അക്രമസംഭവത്തിലുള്‍പ്പെട്ട ആളുകളുടെ ഒരു വിരലടയാളമോ ദൃഷ്ടി പതിഞ്ഞ ഒരു കാമറയോ അക്രമിയെ പേരും നാളും സഹിതം തിരിച്ചറിയിച്ച് തരുമെങ്കില്‍ കുറ്റാന്വേഷണവും കുറ്റകൃത്യം തടയലും എത്ര എളുപ്പമാവും എന്ന് ഓര്‍ക്കുക. അതുപോലെ, അതിലുള്‍പ്പെടാത്തവര്‍ക്ക് നിരപരാധിത്വം തെളിയിക്കാനും മറ്റെന്തുണ്ട് ഇത്രയും എളുപ്പ വഴി? ഒരു ഫേസ്ബുക്കുകാരന്‍ ഒരിടത്ത് ഒരു കുറ്റം ചെയ്താല്‍ അയാളുടെ കാലടിപ്പാടുകള്‍ എഫ്ബി സെര്‍വറില്‍ നിന്ന് ലഭിക്കും; എവിടെയെല്ലാം പോയി, ആരെയെല്ലാം കണ്ടു എന്നെല്ലാം. കുറ്റാന്വേഷണത്തിന് ഇത്ര കുറ്റമറ്റ രീതി വേറെ കാണില്ല. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും എല്ലാ പൗരന്മാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു ആഗോള ഡയറക്റ്ററി എല്ലാ രാജ്യങ്ങള്‍ക്കും പ്രാപ്യമാവുംവിധം വികസിപ്പിക്കണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

നമ്മള്‍ കുറ്റകരമായ കാര്യങ്ങള്‍ സംസാരിക്കുന്നില്ലെങ്കില്‍ അഥവാ ആശയവിനിമയം ചെയ്യുന്നില്ലെങ്കില്‍, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നില്ലെങ്കില്‍, പൊതു സമൂഹത്തിന് ദോഷകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നില്ലെങ്കില്‍, സാമാന്യ മര്യാദയുടെ സീമകള്‍ ലംഘിക്കുന്നില്ലെങ്കില്‍, നമ്മുടെ സമ്പത്ത് നേരായ വഴിയില്‍ നേടിയതാണെങ്കില്‍, നമ്മുടെ വ്യക്തിവിവരങ്ങളോ യാത്രകളോ സമ്പര്‍ക്കങ്ങളോ ആര് വേണമെങ്കിലും കണ്ടോട്ടെ. മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഒരു പേടിയും വേണ്ട. മുന്‍വാതിലുകള്‍ അടച്ച് തഴുതിട്ട നമുക്ക് ഒരല്‍പ്പം ശുദ്ധവായു അകത്ത് വരാന്‍ ഇത്തരം പിന്‍വാതിലുകളെങ്കിലും കൂടിയേ തീരൂ. അതിനെ വെറുതെ സംശയിക്കണ്ട.

(മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനും സ്വതന്ത്ര സാമ്പത്തിക, സാമൂഹ്യ, ശാസ്ത്ര, വിദേശകാര്യ നിരീക്ഷകനുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special, Slider