രണ്ട് ഷെല്‍ കമ്പനികള്‍ക്ക് കൂടി ബിഎസ്ഇ വിലക്ക് ഏര്‍പ്പെടുത്തി

രണ്ട് ഷെല്‍ കമ്പനികള്‍ക്ക് കൂടി ബിഎസ്ഇ വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡെല്‍ഹി: സാമ്പത്തിക ക്രമക്കേടുകള്‍ക്ക് മറയായി ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന (ഷെല്‍ കമ്പനികള്‍) രണ്ട് കമ്പനികള്‍ക്ക് കൂടി വ്യാപാരം നടത്തുന്നതിന് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് വിലക്ക് ഏര്‍പ്പെടുത്തി. സാന്‍സിയ ഗ്ലോബല്‍ ഇന്‍ഫ്രാപ്രൊജക്റ്റ്‌സ്, കോയ ടൂള്‍സ് ഇന്ത്യ തുടങ്ങിയ കമ്പനികളെയാണ് ഓഹരി വിപണിയില്‍ നിന്നും വിലക്കിയിട്ടുള്ളത്. അനധികൃത ഇടപാടുകള്‍ക്ക് മറയായി ഉപയോഗിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സെബി നിര്‍ദേശത്തെ തുടര്‍ന്നാണിത്.

ബിഎസ്ഇ വിലക്കിനെ തുടര്‍ന്ന് ഇരു കമ്പനികളുടെയും ഓഹരികള്‍ ഇന്നലെ മുതല്‍ ജിഎസ്എം (ഗ്രേഡഡ് സര്‍വെയിലന്‍സ് മെഷേഴ്‌സ്) സ്‌റ്റേജ് 6ലേക്ക് മാറ്റി. ജിഎസ്എം സ്‌റ്റേജ് 6 ചട്ടപ്രകാരം മാസത്തില്‍ ഒരു തവണ മാത്രമാണ് ഈ കമ്പനികളുടെ ഓഹരികള്‍ വ്യാപാരത്തില്‍ ഉള്‍പ്പെടുത്തുക. നിലവിലുള്ള ഓഹരി വിലയിലല്ലാതെ അതിനു മുകളില്‍ വ്യാപാരം നടത്താനും സാധിക്കില്ല. വ്യാപാര മൂല്യത്തിന്റെ 200 ശതമാനം അധിക സര്‍വെയ്‌ലന്‍സ് നിക്ഷേപമായും വകയിരുത്തും.

ഇതോടെ സെബി നിര്‍ദേശമനുസരിച്ച് ഓഹരി വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കമ്പനികളുടെ എണ്ണം 169 ആയി. ഷെല്‍ കമ്പനികള്‍ എന്നു സംശയിക്കുന്ന 331 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സെബി കഴിഞ്ഞ മാസം ഓഹരി വിപണികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതില്‍ പകുതിയോളം കമ്പനികളുടെ ഓഹരി വില്‍പ്പന ഇടിനോടകം തന്നെ റദ്ദ് ചെയ്തതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

ഓഗറ്റ് ഏഴിനാണ് ഷെല്‍ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സെബി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് 162 കമ്പനികള്‍ക്കെതിരെ ബിഎസ്ഇ ഉടന്‍ നടപടി സ്വീകരിക്കുകയും വ്യാപാരം വിലക്കുകയും ചെയ്തിരുന്നു. പിന്നീട് ചില കമ്പനികളെ കൂടി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച ചില കമ്പനികള്‍ക്ക് ഓഹരി വിപണയിലെ വിലക്ക് മാറ്റിയെടുക്കാനായി. അതേസമയം ഈ കമ്പനികള്‍ക്കെതിരെ അന്വേഷണം തുടരാനും ട്രൈബ്യൂണല്‍ സെബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തില്‍ നിന്നും 331 ഷെല്‍ കമ്പനികളുടെ ലിസ്റ്റ് ലഭിച്ചതിനു ശേഷമാണ് ഓഹരി വിപണിയില്‍ ഈ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സെബി പുറപ്പെടുവിച്ചത്. അനധികൃത ഇടപാടുകളില്‍ ഈ കമ്പനികള്‍ ഉള്‍പ്പെട്ടതായാണ് ആരോപണം. അതേസമയം, ലിസ്റ്റില്‍ ഉള്‍പ്പെട്ട മിക്ക കമ്പനികളും ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം. സജീവ ബിസിനസ് താല്‍പ്പര്യങ്ങളാണ് തങ്ങള്‍ക്കുളളതെന്ന വാദവും ചില കമ്പനികള്‍ നടത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy