പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ബാദ്ഷാഹോ

പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ബാദ്ഷാഹോ

ബാദ്ഷാഹോ
സംവിധാനം: മിലന്‍ ലുത്രിയ
അഭിനേതാക്കള്‍: അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, വിദ്യുത് ജാംവല്‍, ഇല്യാന ഡിക്രൂസ്, ഇഷ ഗുപ്ത, സഞ്ജയ് മിശ്ര
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 16 മിനിറ്റ്

മിലന്‍ ലുത്രിയ-അജയ് ദേവഗണ്‍ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണു ബാദ്ഷാഹോ. കച്ചേ ദാഗേ, ചോരി ചോരി, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടിയാണ് ഇതിനു മുന്‍പ് ഇരുവരും ഒന്നിച്ചത്. ഇരുവരും ഒരുമിച്ച ചിത്രങ്ങള്‍ ഭൂരിഭാഗവും ത്രില്ലര്‍ കഥകള്‍ക്കു വേണ്ടിയായിരുന്നു. ബാദ്ഷാഹോ എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും ത്രില്ലര്‍ അനുഭവം പ്രേക്ഷകര്‍ക്കു നല്‍കാനാണ് ശ്രമിച്ചിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകന് അതിഭാവുകത്വം നിറഞ്ഞ അഭിനയമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാനും സംവിധായകന്‍ ലുത്രിയ ശ്രമിച്ചിരിക്കുന്നു.

ഓരോ പൗരനു മേലും സമ്പൂര്‍ണ നിയന്ത്രണം ഉറപ്പാക്കാന്‍ (പ്രത്യേകിച്ച് വരുമാന സ്‌ത്രോതസിന്റെ കാര്യത്തില്‍) സര്‍ക്കാര്‍ ശ്രമിച്ചിരുന്ന അടിയന്തരാവസ്ഥ കാലത്തിലേക്കാണു ചിത്രം പ്രേക്ഷകനെ കൊണ്ടുപോകുന്നത്.
രാജസ്ഥാനിലെ ഒരു നാടുവാഴിയായ മഹാറാണി ഗീതാഞ്ജലിക്ക് (ഇല്യാന) പ്രിവി പഴ്‌സ് നഷ്ടപ്പെടുന്നു.

നാട്ടുരാജാക്കന്മാര്‍ക്കു സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ആനുകൂല്യമാണ് പ്രിവി പെഴ്‌സ്. 1975-ല്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു ശേഷം മഹാറാണിയില്‍നിന്നും സര്‍ക്കാര്‍ സ്വര്‍ണ ശേഖരം പിടിച്ചെടുക്കുന്നു.
പ്രതാപമൊക്കെ നഷ്ടപ്പെട്ടു നാശത്തിന്റെ വക്കിലെത്തിയ ഒരു രാജകുടുംബാംഗമാണു മഹാറാണി ഗീതാഞ്ജലി. സര്‍ക്കാര്‍ പിടിച്ചെടുത്ത സ്വര്‍ണം തിരികെ ലഭിച്ചാല്‍ അവരുടെ മാത്രമല്ല, രാജപരമ്പരയുടെ വിധി തന്നെ മാറ്റിമറിക്കാന്‍ സാധിക്കും. നഷ്ടപ്പെട്ട സ്വര്‍ണം എങ്ങനെയും തിരിച്ചുപിടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ഉദ്യമം നിറവേറ്റുന്നതിനായി കൃതഹസ്തത കൈവരിച്ച കുറ്റവാളികളെ അവര്‍ക്ക് ആവശ്യമായി വരുന്നു. ഈ സാഹചര്യത്തിലാണു ഭവാനി സിങ് (അജയ് ദേവഗണ്‍), ദാലിയ (ഇമ്രാന്‍ ഹാഷ്മി) തിക്ല (സഞ്ജയ് മിശ്ര), സഞജന(ഇഷ) തുടങ്ങിയ കഥാപാത്രങ്ങള്‍ അവതരിക്കുന്നത്. ഇൗ നാല്‍വര്‍ സംഘം രാജസ്ഥാനില്‍നിന്നും ഡല്‍ഹിയിലേക്കു സൈനിക കാവലില്‍ സഞ്ചരിക്കുന്ന ട്രക്കിനെ കൊള്ളയടിക്കുകയാണ്.

കഥ കേള്‍ക്കുമ്പോള്‍ ഹോളിവുഡ് ത്രില്ലര്‍ ഓഷ്യന്‍ ഇലവന്‍ എന്ന ചിത്രവുമായി സാമ്യം തോന്നും. എന്നാല്‍ ബാദ്ഷാഹോ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടുണ്ടോ എന്നതു സംശയമാണ്. പുതുമ കൊണ്ടുവരുന്നതില്‍ ചിത്രം പരാജയപ്പെട്ടിട്ടുണ്ട്.

തീക്ഷ്ണതയുള്ള അഭിനയത്തിലൂടെ അജയ് ദേവ്ഗണ്‍ സ്‌ക്രീനിനെ തീ പിടിപ്പിച്ചിരിക്കുന്നു. മഹാറാണിയുടെ വേഷം ഇല്യാന ഗംഭീരമാക്കിയിരിക്കുന്നു. സണ്ണി ലിയോണുമൊത്തുള്ള നൃത്തരംഗങ്ങളിലൂടെ ഇമ്രാന്‍ ഹാഷ്മി പ്രേക്ഷകനെ രസിപ്പിക്കുന്നുണ്ട്. സുനിത റാഡിയയുടെ ക്യാമറ മരുഭൂമിയുടെ വിസ്താരം സാമര്‍ത്ഥ്യത്തോടെ ഒപ്പിയെടുത്തിരിക്കുന്നു. ആ കാഴ്ചകള്‍ പ്രേക്ഷകന്റെ ഓര്‍മയില്‍ തങ്ങി നില്‍ക്കുമെന്ന കാര്യം ഉറപ്പ്. മേരേ രഷ്‌കേ ഖമര്‍ എന്ന പാട്ടിലൂടെ നുസ്‌റത്ത് ഫത്തേ അലി ഖാന്റെയും റാഹത്ത് ഫത്തേ അലി ഖാന്റെയും മാന്ത്രിക ശബ്ദം തിരികെയെത്തിയിരിക്കുന്നു. ആക്ഷന്‍ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നിങ്ങള്‍ക്കു തീര്‍ച്ചയായും ബാദ്ഷാഹോയ്ക്കു ടിക്കറ്റെടുക്കാം.

Comments

comments

Categories: FK Special, Slider
Tags: baadshaho