ആര്‍ഷഭാരതം ആള്‍ദൈവങ്ങളുടേതല്ല, ഋഷിമാരുടേത്

ആര്‍ഷഭാരതം ആള്‍ദൈവങ്ങളുടേതല്ല, ഋഷിമാരുടേത്

പ്രപഞ്ച ശക്തിയെ തിരിച്ചറിയാന്‍ ഇടനിലക്കാരന്റെ സഹായം തേടാന്‍ ഒരിക്കലും സനാതനധര്‍മ്മം പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ഷഭാരതത്തില്‍ ഒരിക്കലും ആള്‍ദൈവങ്ങള്‍ നിറഞ്ഞാടിയില്ല, മറിച്ച് ഋഷിമാര്‍ ഉള്‍ക്കാഴ്ച്ച പകരുകയാണ് ചെയ്തത്. മതവാദികളുടെ വരവുണ്ടായതോടെ യുക്തിയില്ലാത്ത ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതലത്തിലേക്ക് സമൂഹം അധഃപതിച്ചു

ദിപിന്‍ ദാമോദരന്‍

ഒന്നരപ്പതിറ്റാണ്ട് പഴക്കമുള്ള ലൈംഗിക പീഡന കേസുകളിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവവും ദേര സച്ചാ സൗദ എന്ന ‘ആത്മീയ’ സംഘത്തിന്റെ തലവനുമായ ഗുര്‍മീത് റാം റഹീമിന് സിബിഐ സ്‌പെഷല്‍ കോടതി 20 വര്‍ഷത്തെ കഠിന തടവ് വിധിച്ചത്.

വളരെ സ്‌ഫോടനാത്മകമായ വാര്‍ത്തയായിരുന്നു അത്. ലക്ഷക്കണക്കിന് അനുയായികളുള്ള ഒരു ആള്‍ദൈവത്തിന് ശിക്ഷ നല്‍കിയ വാര്‍ത്ത രണ്ട് സംസ്ഥാനങ്ങളെയാകെ നിശ്ചലമാക്കാന്‍ പോന്നതായിരുന്നു. ആള്‍ക്കൂട്ടങ്ങള്‍ തെരുവുകളില്‍ അഴിഞ്ഞാടാന്‍ ഇറങ്ങിത്തിരിക്കുമെന്നത് ഉറപ്പായിരുന്നു, നിയമത്തെ വെല്ലുവിളിക്കുമെന്നും നഗരങ്ങളെ വരിഞ്ഞുകെട്ടുമെന്നും.

അതിസംഘര്‍ഷാത്മകമായ ആ കലാപങ്ങള്‍ നമ്മുടെ ജനാധിപത്യസംവിധാനങ്ങള്‍ എത്രമാത്രം ബലം കുറഞ്ഞതാണെന്നും ഒരു സമൂഹമെന്ന നിലയിലുള്ള നമ്മുടെ ആശയപാപ്പരത്വവും തുറന്നുകാട്ടി. മാധ്യമങ്ങളുടെ ഒബി വാനുകള്‍ അടിച്ചുതകര്‍ക്കപ്പെട്ടു. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചീത്ത വിളിച്ച് ലിബറല്‍ മാധ്യമങ്ങളും ബുദ്ധിജീവി സംഘമെന്ന് സ്വയം ചമഞ്ഞ് വാര്‍ത്തകളില്‍ നിറയാന്‍ ആഗ്രഹിക്കുന്നവരും എത്തി. വോട്ട് ബാങ്ക് രാഷ്ട്രീയത്തെച്ചൊല്ലിയുള്ള ഇത്തരം വില കുറഞ്ഞ ബഹളങ്ങളും ചില സംഭവങ്ങളോടു മാത്രമുള്ള അസഹിഷ്ണുതയും തന്നെയാണ് ആ കോലാഹലങ്ങളിലും പ്രകടമായത്. എന്നാല്‍ ഈ ബാബയുടെ കേസിന് അതിനേക്കാള്‍ വലിയ മാനങ്ങളുണ്ട്. ഉച്ചത്തിലുള്ള ടെലിവിഷന്‍ റേറ്റിംഗ് ഡിബേറ്റുകള്‍ക്കപ്പുറത്ത് ആത്മീയമായും സാമൂഹ്യമായും വിവക്ഷകളുണ്ട് ഗുര്‍മീത് എന്ന ആള്‍ദൈവത്തിന്റെ പതനത്തിന്.

അനുയായികളെക്കൊണ്ട് ആള്‍ദൈവമാണെന്നും ദൈവത്തിന്റെ മെസഞ്ചര്‍ ആണെന്നും പറയിപ്പിക്കുന്ന കുടില ബുദ്ധിയാണ് അത്യാപത്ത്. അവര്‍ക്ക് നമ്മുടെ നേതാക്കള്‍ കൊടുക്കുന്ന രാഷ്ട്രീയ പരിരക്ഷയാണ് ഏറ്റവും വലിയ തെറ്റ്

ചില്ലുമേടയില്‍ നിന്ന് താഴെ വീണ ഒരു ആള്‍ദൈവത്തിനായി ജനസഞ്ചയം തെരുവിലിറങ്ങിയത് നമ്മുടെ സമൂഹത്തിന്റെ ആകെ അപചയത്തിന്റെ കൂടി പ്രതിഫലനമാണ്. കാര്യമായി ഒരു കുഴപ്പം സംഭവിച്ചിട്ടുണ്ട് നമ്മുടെ ഗുരു-ശിഷ്യ സംവിധാനത്തിന്. ലക്ഷക്കണക്കിന് പേരുടെ ‘ഗുരു’വായാണല്ലോ ഗുര്‍മീത് അറിയപ്പെടുന്നത്. ജാതിവ്യവസ്ഥയുടെ പരിണിതഫലമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അതിസാധാരണക്കാര്‍ മുതല്‍ അധികാര ഇടനാഴികളിലെ സിംഹങ്ങള്‍ വരെ ആ ശിഷ്യ ശൃംഖലയിലുണ്ട്.

കോടതി കണ്ടെത്തിയത് ഗുര്‍മീത് റാം റഹീം എന്ന മനുഷ്യന്‍ തെറ്റുകാരന്‍ ആണെന്നതാണ്. സംഭവിച്ചതാകട്ടെ സ്വാഭാവികമായ ഒരു നീതിനിര്‍വഹണ പ്രക്രിയയും. പിന്നെ എന്തിനാണ് ആള്‍ക്കൂട്ടം തെരുവിലിറങ്ങിയത്. അതില്‍ ക്ഷുഭിതരായ യുവജനങ്ങളും സാധാരണക്കാരായ വീട്ടമ്മമാരുമുണ്ടായിരുന്നു. അവര്‍ അതിക്രമങ്ങളുടെ ഭാഗമാകാന്‍ സ്വാഭാവിക നിലയ്ക്ക് ആഗ്രഹിക്കുന്നവരല്ല. എന്നിട്ടും അവര്‍ ക്രമസമാധാനനില തകര്‍ക്കാന്‍ തെരുവുകളിലേക്കിറങ്ങി. ഏത് വീക്ഷണകോണില്‍ നിന്നു നോക്കിയാലും അത് അയുക്തമായി തോന്നാം. എന്നാല്‍ ഹരിയാനയിലെയും പഞ്ചാബിലെയും ആയിരങ്ങളെ സംബന്ധിച്ചിടത്തോളം അതായിരുന്നു യുക്തി. തങ്ങളുടെ ഗുരുവിനുവേണ്ടി തെരുവിലിറങ്ങുകയെന്നതായിരുന്നു അവരുടെ ധര്‍മ്മം. അവരുടെ ശരി.

സാക്ഷി മഹാരാജന്‍മാര്‍ മനസിലാക്കേണ്ട, തിരിച്ചറിയേണ്ട പ്രധാന കാര്യമുണ്ട്. ആള്‍ദൈവങ്ങളുടേതോ മതവാദികളുടേതോ അല്ല ആര്‍ഷഭാരതം, യുക്തിയില്ലാത്ത ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുകയല്ല സനാതന ധര്‍മ്മത്തിന്റെ ലക്ഷ്യം. ഒരു വ്യക്തിയുടെ ആന്തരിക പരിണാമമായിരുന്നു പ്രാചീനഋഷിമാര്‍ ലക്ഷ്യമിട്ടത്, അതുവഴി അവര്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും

അപക്വമെന്ന് തന്നെ വിശേഷിപ്പിക്കാം ആ ആള്‍ക്കൂട്ടത്തെ. എന്നാല്‍ അവര്‍ക്കൊരു ധാരണയുണ്ടായിരുന്നു, യുക്തിയുടെ അപ്പുറത്തേക്കുള്ള ധാരണ. സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവര്‍ തങ്ങളുടെ ഗുരുവിനെ ലക്ഷ്യമിടുകയായിരുന്നു, അദ്ദേഹത്തെ പിന്തുണയ്ക്കുക എന്നതാണ് തങ്ങളുടെ കടമ, ഏത് സാഹചര്യത്തിലായാലും ശരി. വഴിതെറ്റിപ്പോയ ആത്മീയ ഉന്മാദാവസ്ഥയുടെ പ്രതിഫലനമായിരുന്നു അത്.

ഇതാണോ ആത്മീയത?

സമൂഹത്തിനും രാഷ്ട്രത്തിനും വേണ്ടി സര്‍വ്വവും സമര്‍പ്പിച്ച ലക്ഷക്കണക്കിന് സന്യാസിശ്രേഷ്ഠന്‍മാരുടെയും ഗുരുക്കന്‍മാരുടെയും പാരമ്പര്യം പേറുന്ന നാടാണ് ഭാരതം. ഗംഗായമുനാ തീരതലങ്ങളില്‍ പ്രപഞ്ച സത്യം തേടിയിറങ്ങിയ അവരുടെ പാരമ്പര്യത്തില്‍ ഭാരതീയര്‍ക്ക് യാതൊരുവിധ സംശയത്തിനും വകുപ്പില്ല. എന്നാല്‍ ആ പാരമ്പര്യത്തിന്റെ മറപിടിച്ചുകൊണ്ട് സാധാരണക്കാരനെ പറ്റിക്കാനിറങ്ങുന്ന അഭിനവ സന്യാസിമാരാണ് പ്രശ്‌നം.

അനുയായികളെക്കൊണ്ട് ആള്‍ദൈവമാണെന്നും ദൈവത്തിന്റെ മെസഞ്ചര്‍ ആണെന്നും പറയിപ്പിക്കുന്ന കുടില ബുദ്ധിയാണ് അത്യാപത്ത്. അവര്‍ക്ക് നമ്മുടെ നേതാക്കള്‍ കൊടുക്കുന്ന രാഷ്ട്രീയ പരിരക്ഷയാണ് ഏറ്റവും വലിയ തെറ്റ്. ഇതെല്ലാം കൂടി ചേരുമ്പോഴാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ അഴിഞ്ഞാട്ടം സംഭവിക്കുന്നത്.

ഈ ആള്‍ദൈവങ്ങള്‍ക്കുള്ള ദശലക്ഷക്കണക്കിന് അനുയായികള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. സമൂഹത്തിന് ദിശകാണിക്കേണ്ട രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ ആള്‍ദൈവങ്ങളെയും അവരുടെ ശിഷ്യഗണങ്ങളെയും അധികാരകേന്ദ്രങ്ങളിലേക്കുള്ള കുറുക്കുവഴികളായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

സനാതനധര്‍മ്മവും ഗുരുവും

2017 ഓഗസ്റ്റ് 25നാണ് പ്രത്യേക സിബിഐ കോടതി ഗുര്‍മീത് റാം റഹീം തന്റെ രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ദേര സച്ചാ സൗദയെന്ന ആത്മീയമെന്ന് പറയപ്പെടുന്ന സംഘത്തിന്റെ ആസ്ഥാനമായ ഹരിയാനയിലെ സിര്‍സയിലായിരുന്നു സംഭവം നടന്നത്. സിബിഐ കോടതിയുടെ വിധിക്കു പിന്നാലെ ബിജെപിയിലെ ഒരു എംപിയില്‍ നിന്നും വന്ന പ്രസ്താവനയിലുണ്ട് ഇത്തരം ആള്‍ദൈവങ്ങള്‍ വളര്‍ന്നു പന്തലിക്കുന്നതിനുള്ള ഉത്തരം.

ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ തെരുവുകള്‍ കത്തിയെരിയുമ്പോള്‍ ആള്‍ദൈവത്തിന് പിന്തുണയേകി സാക്ഷി മഹാരാജ് എന്ന മത-രാഷ്ട്രീയ നേതാവ് പറഞ്ഞതിങ്ങനെ, ഒരാള്‍ പറയുന്നതുകേട്ട് കോടതി ആത്മീയ നേതാവിനെതിരെ വിധി പറയുന്നു. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്ന കോടിക്കണക്കിന് പേരെ എന്തുകൊണ്ടു കേള്‍ക്കുന്നില്ല.

സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജ ദര്‍ശനങ്ങളും സ്വാമി വിവേകാനന്ദന്റെ വൈദിക ഭാരത സങ്കല്‍പ്പങ്ങളും മഹര്‍ഷി അരവിന്ദന്റെ മാതൃദര്‍ശനങ്ങളുമെല്ലാം സനാതനധര്‍മ്മത്തിന്റെ കാതല്‍ ഉള്‍ക്കൊണ്ടായിരുന്നു ഭാരതത്തെ ആവേശം കൊള്ളിച്ചത്

സാക്ഷി മഹാരാജ് പറഞ്ഞുവെക്കുന്നത് പ്രശ്‌നം ആള്‍ദൈവത്തിനല്ലെന്നാണോ? സ്വയം ഒരു മതനേതാവായി കരുതുന്ന മഹാരാജ് അംഗമായിരിക്കുന്ന പാര്‍ട്ടിയാകട്ടെ ബിജെപിയും. ആര്‍ഷഭാരതപൈതൃകത്തില്‍ അഭിമാനം പേറുന്ന പാര്‍ട്ടിയിലെ ഒരു പ്രമുഖ നേതാവിന് സുപ്രധാനമായ കേസിലുള്ള അഭിപ്രായമാണിത്. വൈദിക ഭാരതത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയിലെ ഒരു നേതാവിന് പോലും ആത്മീയതയെക്കുറിച്ചും ധര്‍മത്തെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാട് ഇതാണെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

യഥാര്‍ത്ഥ ഗുരുവും ആള്‍ദൈവവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതില്‍ നാം പരാജയപ്പെടുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ആര്‍ഷഭാരതത്തിലെ ഋഷിമാരല്ല ഇന്നത്തെ ആള്‍ദൈവങ്ങള്‍. പടിഞ്ഞാറിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ഹിന്ദു മുന്നേറ്റവും വൈദിക പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ സനാതനധര്‍മ്മവും തമ്മിലുള്ള ആശയസംഘര്‍ഷമായി വേണം ഇതിനെ കരുതാന്‍. സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യസമാജ ദര്‍ശനങ്ങളും സ്വാമി വിവേകാനന്ദന്റെ വൈദിക ഭാരത സങ്കല്‍പ്പങ്ങളും മഹര്‍ഷി അരവിന്ദന്റെ മാതൃദര്‍ശനങ്ങളുമെല്ലാം സനാതനധര്‍മ്മത്തിന്റെ കാതല്‍ ഉള്‍ക്കൊണ്ടായിരുന്നു ഭാരതത്തെ ആവേശം കൊള്ളിച്ചത്. ആ പാരമ്പര്യം പേറി രാഷ്ട്രത്തെ കെട്ടിപ്പടുക്കുക തന്നെയായിരുന്നു ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെയും ഉദ്ദേശ്യം. സാക്ഷി മഹാരാജന്‍മാരെ ചുമക്കുന്നവര്‍ അതിനുനേരെ കണ്ണടയ്ക്കരുത്.

ആള്‍ക്കൂട്ടങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍

നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കപട ദൈവങ്ങളുടെ സ്വത്ത് സമ്പാദനത്തിലെ ആയുധങ്ങള്‍ മാത്രമായി തീരുകയാണ് ആള്‍ക്കൂട്ടങ്ങള്‍. സാര്‍വലൗകികമായ സനാതന ധര്‍മ്മത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ജനസഞ്ചയത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഇടുങ്ങിയ ചിന്താഗതിയുള്ള ഈ മതവാദികള്‍ പ്രവര്‍ത്തിക്കുന്നത്. അനുയായികളുടെ വൈകാരികവും ശാരീരികവുമായ ദൗര്‍ബല്യങ്ങളെ മുതലെടുത്താണ് സകല ആള്‍ദൈവങ്ങളും വളരുന്നത്. സാമ്പത്തിക അരക്ഷിതാവസ്ഥ, മാനസിക സമ്മര്‍ദ്ദം, സാമൂഹികമായ പാര്‍ശ്വവല്‍ക്കരണം…ഇങ്ങനെ നിരവധി ഘടകങ്ങള്‍ ഒത്തുചേരുമ്പോള്‍ പലരുടെയും അഭയസ്ഥാനം മാന്ത്രികത അവകാശപ്പെടുന്ന ആള്‍ദൈവങ്ങളായി മാറുന്നു. അവര്‍ക്ക് പുതിയ ഗുരുക്കന്‍മാരെ കിട്ടുന്നു.

ചരിത്രാതീത കാലം മുതല്‍ക്കേ ഭാരതം ഋഷിമാരുടെയും ഗുരുക്കന്‍മാരുടെയും നാടു തന്നെയാണ്, എന്നാല്‍ ഒരിക്കലും ദൈവത്തിന്റെ ഇടനിലാക്കാരുടേതല്ല. സ്വാമി വിവേകാനന്ദന്റെ ഈ ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഈ രാഷ്ട്രത്തിന്റെ ഭാവി നിലകൊള്ളുന്നത് ഇവിടത്തെ സാധാരണക്കാരായ ആളുകളുടെ അവസ്ഥയനുസരിച്ചാണ്. അവരെ നിങ്ങള്‍ക്ക് ഉയര്‍ത്താന്‍ സാധിക്കുമോ? അവരുടെ നഷ്ടപ്പെട്ട അസ്തിത്വം തിരിച്ചു നല്‍കി അവരുടെ ആത്മീയ ഭാവത്തെ ഉണര്‍ത്തി അവരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമോ?

നിക്ഷിപ്ത താല്‍പ്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കപട ദൈവങ്ങളുടെ സ്വത്ത് സമ്പാദനത്തിലെ ആയുധങ്ങള്‍ മാത്രമായി തീരുകയാണ് ആള്‍ക്കൂട്ടങ്ങള്‍. സാര്‍വലൗകികമായ സനാതന ധര്‍മ്മത്തിന്റെ ഭാഗമാണ് തങ്ങളെന്ന് ജനസഞ്ചയത്തെ തെറ്റിദ്ധരിപ്പിച്ചാണ് ഇടുങ്ങിയ ചിന്താഗതിയുള്ള ഈ മതവാദികള്‍ പ്രവര്‍ത്തിക്കുന്നത്. അനുയായികളുടെ വൈകാരികവും ശാരീരികവുമായ ദൗര്‍ബല്യങ്ങളെ മുതലെടുത്താണ് സകല ആള്‍ദൈവങ്ങളും വളരുന്നത്

ഇതാണ് ശിഷ്യഗണങ്ങളെ സൃഷ്ടിക്കുന്ന ഉള്‍ക്കാഴ്ച്ചയുള്ള ഒരു ഋഷിയുടെ കടമ. ആള്‍ക്കൂട്ടത്തെ ഉയര്‍ത്താനുള്ള, ഉണര്‍ത്താനുള്ള, ഉള്‍ക്കാഴ്ച്ചയുള്ളവരാക്കി തീര്‍ക്കാനുള്ള ശേഷിയുണ്ടാകണം ഋഷിക്ക്. എന്നാള്‍ ആള്‍ക്കൂട്ടത്തെ യുക്തിയില്ലാത്ത വെറും കൂട്ടമായി നിര്‍ത്തിയതാണ് ഭാരതത്തിന്റെ അധഃപതനത്തിലേക്ക് നയിച്ചത്. യാതൊരു യുക്തിയുമില്ലാതെ തന്റെ ഏത് പ്രവൃത്തിയെയും പിന്തുണയ്ക്കുന്ന ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുകയില്ല ഒരു നല്ല ആചാര്യന്‍. മറിച്ച് അവരെ സ്വയം കണ്ടെത്താനുള്ള, വൈകാരികമായും ശാരീരികമായും ആരെയും ആശ്രയിക്കാതെ, സ്വതന്ത്രമായി ജീവിക്കാനുള്ള ഉള്‍ക്കാഴ്ച്ച പകരുകയാണ് അദ്ദേഹം ചെയ്യുക.

എന്നാല്‍ ഇവിടെ നമ്മുടെ ബാബമാര്‍ ചെയ്യുന്നത് അനുയായികള്‍ക്ക് അവരുമായി വൈകാരികമായ ഒട്ടല്‍ സൃഷ്ടിക്കുകയാണ്. ശാക്തീകരണമെന്ന മിഥ്യയിലാണ് അവര്‍ അത് സാധിച്ചെടുക്കുന്നത്. അപ്പോള്‍ അവര്‍ക്കായി തെരുവിലിറങ്ങാന്‍ ഒരു ശിഷ്യനും മടികാണിക്കില്ല. സാക്ഷി മഹാരാജന്‍മാര്‍ മനസിലാക്കേണ്ട, തിരിച്ചറിയേണ്ട പ്രധാന കാര്യമുണ്ട്. ആള്‍ദൈവങ്ങളുടേതോ മതവാദികളുടേതോ അല്ല ആര്‍ഷഭാരതം, യുക്തിയില്ലാത്ത ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുകയല്ല സനാതന ധര്‍മ്മത്തിന്റെ ലക്ഷ്യം. ഒരു വ്യക്തിയുടെ ആന്തരിക പരിണാമമായിരുന്നു പ്രാചീനഋഷിമാര്‍ ലക്ഷ്യമിട്ടത്, അതുവഴി അവര്‍ക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും.

പ്രപഞ്ച ശക്തിയെ തിരിച്ചറിയുന്നതിന് ഇടനിലക്കാരുടെ സഹായം തേടാന്‍ ഒരിക്കലും പഠിപ്പിച്ചിട്ടില്ല ഈ ധര്‍മ്മം. വൈവിധ്യത്തിലും സകലതിനെയും ഉള്‍ക്കൊള്ളുന്ന കാഴ്ച്ചപ്പാടിലും അധിഷ്ഠിതമായിരുന്നു അത്. മനസിന്റെ പടിപടിയായുള്ള പരിണാമത്തിലൂടെ സാര്‍വലൗകികമായ കാഴ്ച്ചപ്പാടാണ് അവരിലൂടെ ഉണര്‍ന്നുവന്നത്. അതുകൊണ്ടാണ് പല ‘ഇസ’ങ്ങള്‍ ഇങ്ങോട്ട് അധിനിവേശം നടത്തിയിട്ടും സനാതന ധര്‍മ്മം തകരാതെ നിലകൊള്ളുന്നത്. സനാതന ധര്‍മ്മത്തിന്റെ ഭൗതികവും ആത്മീയവുമായ ആ പാരമ്പര്യം ഭാരതം പൂര്‍ണ അര്‍ത്ഥത്തില്‍ തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിക്കുകയാണ്. വൈദിക ഭാരതമെന്ന സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെ അതിന് വിഘാതം സൃഷ്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെടരുത്.

 

Comments

comments