അതിശക്തമാണ് യുഎഇ പാസ്‌പോര്‍ട്ട്

അതിശക്തമാണ് യുഎഇ പാസ്‌പോര്‍ട്ട്

മറ്റു രാജ്യങ്ങളില്‍ പാസ്‌പോര്‍ട്ടിനുള്ള സ്വീകാര്യത വിലയിരുത്തിയാണ് ആര്‍ടണ്‍ കാപ്പിറ്റലിന്റെ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പുരസ്‌കാരം നല്‍കിയത്

അബുദാബി: ജിസിസിയിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടിനുള്ള പുരസ്‌കാരം യുഎഇക്ക്. മികച്ച പാസ്‌പോര്‍ട്ടിനുള്ള പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് യുഎഇ ഗവണ്‍മെന്റ് സ്വീകരിച്ചു. ഗ്ലോബല്‍ അഡൈ്വസറി ലീഡറായ ആര്‍ടണ്‍ കാപ്പിറ്റലിന്റെ കീഴിലുള്ള സ്ഥാപനം രാജ്യങ്ങളുടെ ഇന്‍ഡക്‌സ് റാങ്ക് തയാറാക്കിയത് അതിര്‍ത്തിക്ക് പുറത്ത് പാസ്‌പോര്‍ട്ടിന് ലഭിക്കുന്ന സ്വീകാര്യത വിലയിരുത്തിയാണ്.

രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് വിസ ഇല്ലാതെയും വിസ ഓണ്‍ അറൈവലില്ലാതെയും സന്ദര്‍ശിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന വിസ ഫ്രീ സ്‌കോര്‍ അനുസരിച്ചാണ് റാങ്ക് നിശ്ചയിക്കുന്നത്. യുഎഇ പാസ്‌പോര്‍ട്ടുള്ളവരുടെ വിസ ഫ്രീ സ്‌കോര്‍ 128 ആണ്. ഇത് യുഎഇക്ക് ആഗോളതലത്തില്‍ 25 ാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

യുഎഇ പാസ്‌പോര്‍ട്ടിനെ ശക്തിപ്പെടുത്തുന്നതിനായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണം മന്ത്രാലയം പരമാവധി രാജ്യങ്ങളിലേക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബ്രസീല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ കൂടാതെ മറ്റ് 18 രാജ്യങ്ങളുമായി ഈ വര്‍ഷം മാത്രം യുഎഇ കരാറില്‍ ഏര്‍പ്പെട്ടത്.

കൂടുതല്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തി ലോകത്തിലേക്കുള്ള വാതിലുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഗവണ്‍മെന്റ്

അന്താരാഷ്ട്രതലത്തില്‍ യുഎഇ അനുഭവിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വ്യാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സുലര്‍ അഫയേഴ്‌സിന്റെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അഹ്മെദ് അല്‍ ദാഹരി പറഞ്ഞു. വിദേശകാര്യ മന്ത്രി ഷേയ്ഖ് അബ്ദുള്ള ബിന്‍ സയേദിന്റെ നേതൃത്വത്തിലുള്ള യുഎഇ നയതന്ത്രത്തിന് ലഭിച്ച പ്രധാനപ്പെട്ട ബഹുമതികളിലൊന്നാണ് യുഎഇ പാസ്‌പോര്‍ട്ടിന് ഉയര്‍ന്ന സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം.

2021 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ച് പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ രാജ്യത്തിന്റെ പാസ്‌പോര്‍ട്ടിനെ എത്തിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി അടുത്തിടെ യുഎഇ പാസ്‌പോര്‍ട്ട് ഫോഴ്‌സിന് രൂപം നല്‍കിയിരുന്നു. കൂടുതല്‍ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തി ലോകത്തിലേക്കുള്ള വാതിലുകള്‍ തുറക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഗവണ്‍മെന്റ്. മധ്യ, ദക്ഷിണ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഇപ്പോള്‍ രാജ്യം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഷേയ്ഖ് അബ്ദുള്ളയുടെ സന്ദര്‍ശനവും ബ്രസീല്‍, അര്‍ജന്റീന, ക്യൂബ എന്നീ രാജ്യങ്ങളില്‍ എംബസി ആരംഭിച്ചതും ഇതിന്റെ ഭാഗമായാണ്.

Comments

comments

Categories: Arabia