ഓട്ടോമേഷന്‍ വികസനം വഴി ഭാവി വരുമാനം ലക്ഷ്യമിട്ട് ടെക് മഹിന്ദ്ര

ഓട്ടോമേഷന്‍ വികസനം വഴി ഭാവി വരുമാനം ലക്ഷ്യമിട്ട് ടെക് മഹിന്ദ്ര

ഓട്ടോമേഷന്‍ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകര വര്‍ധിക്കുന്നുവെന്ന് അതുല്‍ കുന്‍വര്‍

ന്യൂഡെല്‍ഹി: ഓട്ടോമേഷന്‍ വഴി ബിസിനസ് വിഹിതം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടെക് മഹിന്ദ്ര. ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങള്‍, ഓട്ടോമേഷന്‍ പ്ലാറ്റ്‌ഫോം എന്നിവ വികസിപ്പിച്ച് കൂടുതല്‍ ക്ലൈന്റ്‌സിലേക്കെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. മഹിന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി തങ്ങളുടെ ഓട്ടോമേഷന്‍ ചട്ടക്കൂടായ എക്യുടി, സ്വന്തം ആര്‍ട്ടിഫിഷല്‍ എന്‍ജിന്‍ ടിഎസിടിഐഎക്‌സ് എന്നിവ വികസിപ്പിച്ചെടുക്കുന്നതിന് ശ്രമങ്ങള്‍ നടത്തി വരികയാണ്. ഇവയിലെ നിക്ഷേപങ്ങള്‍ ലക്ഷ്യം കണ്ടു തുടങ്ങിയിരിക്കുന്നുവെന്നാണ് സൂചനകള്‍.

‘എസ്എപി വണ്ണില്‍ നടത്തിയ ഒരു ഓട്ടോമേഷന്‍ പരീക്ഷണ പദ്ധതിയുടെ ഫലമായി കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഒരു വശത്ത് ബിസിനസ് അവസരങ്ങള്‍ വര്‍ധിക്കുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമായി,’ ടെക് മഹിന്ദ്ര സിടിഒ അതുല്‍ കുന്‍വര്‍ പറഞ്ഞു. തുടക്കത്തില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായാണ് ഓട്ടോമേഷന്‍ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് വിശാലമായ സാധ്യതകള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോമേഷന്‍ പ്രോജക്ടുകളില്‍ അനുഭവമുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ സംബന്ധിച്ച് ഭയക്കേണ്ടതില്ലെന്നും മറ്റ് ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വിന്യസിക്കപ്പെടുമെന്നും അതുല്‍ കുന്‍വര്‍ പറയുന്നു. ഓട്ടോമേഷന്‍ വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ആവശ്യകത വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അഞ്ച് മുന്‍നിര ഐടി കമ്പനികളില്‍ മൂന്നെണ്ണം ജീവനക്കാരെ കുറച്ചിരുന്നു. സമാന കാലയളവില്‍ ടെക് മഹിന്ദ്രയുടെ ജീവനക്കാരുടെ എണ്ണത്തില്‍ 1700ലധികം കുറവുണ്ടായി. കൊഗ്നിസെന്റിലെ ജീവനക്കാരുടെ എണ്ണത്തില്‍ 4000ത്തോളം ഇടിവാണ് വന്നത്. വിപണിയിലെ പോരാട്ടത്തില്‍ നിലനില്‍ക്കുന്നതിന് ഐടി കമ്പനികള്‍ക്ക് ഓട്ടോമേഷന്‍ വേണമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ലയനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ടെക് മഹിന്ദ്രയുടെ പ്രവര്‍ത്തന വരുമാനം ഇപ്പോള്‍ 13 ശതമാനത്തിലും താഴെയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യമുള്ള കൂടുതല്‍ ജീവനക്കാരെ സൃഷ്ടിക്കാന്‍ പരിശീലന പരിപാടികള്‍ വിപുലമാക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിന് ടെക് മഹിന്ദ്ര ഇതിനകം തുടക്കമിട്ടിട്ടുണ്ട്. ഡിജിറ്റലിലുള്ള അടിസ്ഥാന പരിശീലനം എല്ലാ ജീവനക്കാര്‍ക്കും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിദഗ്ധരാകുന്നതിന് ജീവനക്കാര്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള പരിശീലനവും പ്രോജക്റ്റ് അനുഭവങ്ങളും ആവശ്യമാണ്. ഇതുവരെ മൂന്ന് തലത്തിലുള്ള പരിശീലനങ്ങള്‍ കമ്പനി നടപ്പാക്കിയെന്നും നാലാമത്തെ തലം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിച്ച് വരികയാണെന്നും കുന്‍വര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy