ഒലയെയയും യുബറിനെയും ഇന്ത്യയില്‍ ഒന്നിപ്പിക്കാന്‍ സോഫ്റ്റ്ബാങ്കിന്റെ നീക്കം

ഒലയെയയും യുബറിനെയും ഇന്ത്യയില്‍ ഒന്നിപ്പിക്കാന്‍ സോഫ്റ്റ്ബാങ്കിന്റെ നീക്കം

നിക്ഷേപം നടത്തുന്നതിനായി ഇന്ത്യന്‍ ടെലികോം മേഖലയില്‍ നിരീക്ഷണം നടത്തിവരികയാണ് സോഫ്റ്റ് ബാങ്ക്

മുംബൈ: ഇന്ത്യയിലെ ആപ്പ് അധിഷ്ഠിത ടാക്‌സി സേവന ദാതാക്കളായ ഒലെേയയും മുഖ്യ എതിരാളിയായ യുബര്‍ ഇന്ത്യയെയും ഒന്നിച്ചുകൊണ്ടുപോകാന്‍ ജപ്പാന്‍ ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കിന്റെ നീക്കം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബറില്‍ തങ്ങളുടെ നിക്ഷേപം സാധ്യമാകുകയാണെങ്കിലാണ് ഈ നീക്കവുമായി സോഫ്റ്റ്ബാങ്ക് മുന്നോട്ടു പോവുക.

സെക്കന്‍ഡറി ഓഹരികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുബറുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സോഫ്റ്റ്ബാങ്കിന്റെ വിഷന്‍ ഫണ്ട് സിഇഒ രാജീവ് മിശ്ര പറഞ്ഞു. ഇടപാട് സമാപ്തിയിലെത്തുകയാണെങ്കില്‍ അത് ഹ്രസ്വകാലത്തേക്ക് ചില വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലത്തില്‍ ആനൂകൂല്യത്തിലേക്ക് നയിക്കും. കാരണം അത് ലോക വ്യാപകമായി ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളിലെ ആഗോള മേധാവിത്തത്തിലേക്ക് സോഫ്റ്റ് ബാങ്കിനെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒലയില്‍ 30 ശതമാനം ഓഹരികള്‍ സോഫ്റ്റ്ബാങ്കിനുണ്ട്. യുബറിലും ഏതാനും ഓഹരികള്‍ സ്വന്തമാക്കും. 2014 മുതല്‍ ഒലയുമായി പങ്കാളിത്തമുണ്ടെന്നും പുതിയ നിക്ഷേപനീക്കം വലിയ വെല്ലുവിളിയാകുമെന്ന് കരുതുന്നില്ലെന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ആദ്യത്തെ അഭിമുഖത്തില്‍ മിശ്ര പറഞ്ഞു.

2014 മുതല്‍ ഒലയ്ക്ക് പിന്തുണ നല്‍കുന്നതിന് പുറമെ ഏഷ്യയിലെ യുബറിന്റെ മുഖ്യ എതിരാളികളായ ചൈനയുടെ ദിദി ചക്‌സിംഗ്, തെക്കുകിഴക്കന്‍ ഏഷ്യയിലെ ഗ്രാബ് എന്നിവയിലും വന്‍ പങ്കാളിത്തമാണ് സോഫ്റ്റ്ബാങ്കിനുള്ളത്. നിലവിലുള്ള നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ വാങ്ങുക വഴി യുബറില്‍ ഒരു വലിയ പങ്ക് ഓഹരി സ്വന്തമാക്കാന്‍ സോഫ്റ്റ്ബാങ്ക് ശ്രമിക്കുന്നതായി നേരത്തേ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി ഡ്രൈവര്‍ ഇന്‍സെന്റിവ് , ഡിസ്‌കൗണ്ടുകള്‍ എന്നിവയ്ക്കായി ചെലവിടല്‍ വര്‍ധിപ്പിച്ചതിലൂടെ പ്രതിമാസം കോടിക്കണക്കിന് രൂപയാണ് ഒലയും യുബര്‍ ഇന്ത്യയും നഷ്ടം അഭിമുഖീകരിക്കുന്നത്. ഒല ഇതുവരെ 1.75 ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണം നടത്തിയപ്പോള്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി യുബര്‍ നിക്ഷേപിച്ചത് 1 ബില്യണ്‍ ഡോളറാണ്.

ഇ-കൊമേഴ്‌സ് കമ്പനിയായ സ്‌നാപ്ഡീലിനെ ഫഌപ്കാര്‍ട്ടില്‍ ലയിപ്പിക്കാന്‍ സോഫ്റ്റ്ബാങ്ക് നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞമാസം പരാജയപ്പെട്ടിരുന്നു. എന്നാല്‍ മറ്റ് പോര്‍ട്ട്‌ഫോളിയോ കമ്പനികളെ ഭാവിയില്‍ ഏകീകരിക്കാന്‍ തന്നെയാണ് സോഫ്റ്റ്ബാങ്കിന്റെ ലക്ഷ്യം. സ്‌നാപ്ഡീലിന്റെ വാലറ്റ് സബ്‌സിഡിയറിയായ ഫ്രീചാര്‍ജിനെ രാജ്യത്തെ ഏറ്റവും വലിയ മൊബില്‍ പേമെന്റ് കമ്പനിയായ പേടിഎമ്മുമായി ലയിപ്പിക്കുന്നതിന് സോഫ്റ്റ്ബാങ്ക് നടത്തിയ നീക്കങ്ങളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഈ ഏകീകരണ നടപടികളില്‍ പരാജയപ്പെട്ടിട്ടും 2.5 ബില്യണ്‍ ഡോളര്‍ ഫഌപ്കാര്‍ട്ടിലും 1.4 ബില്യണ്‍ ഡോളര്‍ പേടിഎമ്മിലും നിക്ഷേപിക്കുമെന്ന് സോഫ്റ്റ്ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

വിഷന്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോ കമ്പനികളുടെ കൂട്ടായ പ്രവര്‍ത്തനം അവരെ ആഗോള തലത്തില്‍ വികസിക്കുന്നതില്‍ സഹായിക്കുമെന്നും ഓയോ റൂംസ് ഇതിന് ഉദാഹരണമാണെന്നും സോഫ്റ്റ്ബാങ്ക് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യപരിപാലനം, നിര്‍മാണം തുടങ്ങിയവയിലും സോഫ്റ്റ്ബാങ്ക് കൂടുതല്‍ നിക്ഷേപം നടത്തിയേക്കും. നിക്ഷേപം നടത്തുന്നതിനായി ഇന്ത്യന്‍ ടെലികോം മേഖലയിലെ അന്തരീക്ഷത്തില്‍ നിരീക്ഷണം നടത്തിവരികയാണ് മിശ്ര. ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് എന്നിവയിലും നിക്ഷേപങ്ങള്‍ നടത്തുന്ന കാര്യം പരിഗണനയിലാണ്.

Comments

comments

Categories: Business & Economy