നവീകരിച്ച ജെബെല്‍ അലി ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

നവീകരിച്ച ജെബെല്‍ അലി ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

പുതിയ ഭക്ഷണശാലകളും ആഘോഷവേദികളുമാണ് ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ദുബായ്: ദുബായ് നിര്‍മാതാക്കളായ നഖീലിന്റെ നവീകരിച്ച വിനോദ ഔട്ട്‌ലെറ്റായ ജെബെല്‍ അലി ക്ലബ്ബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഭക്ഷണശാലകളും ആഘോഷവേദികളും ക്ലബ്ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ ജെബെല്‍ അലി ക്ലബ്ബിന് സമീപം സ്ഥിതിചെയ്യുന്ന പുതിയ ഔട്ട്‌ലെറ്റ് ജെബെല്‍ അലി വില്ലേജ് കമ്യൂണിറ്റിയിലെ അഞ്ച് ലക്ഷം സ്‌ക്വയര്‍ ഫൂട്ടിന്റെ ഡൈനിംഗ് ഡെസ്റ്റിനേഷന്റെ ഭാഗമാണ്.

40 വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ക്ലബ്ബ് ഇപ്പോള്‍ രണ്ട് ഭാഗങ്ങളായാണ്് പ്രവര്‍ത്തിക്കുന്നത്. ഒരു ഭാഗം പഴയ രീതിയില്‍ തന്നെ സംരക്ഷിച്ചിരിക്കുകയാണ്. രണ്ടാമത്തെ ഭാഗം ഭക്ഷണശാലയ്ക്കും വിനോദത്തിനുമായാണ് നീക്കിവെച്ചിരിക്കുന്നത്.

13,000 സ്‌ക്വയര്‍ ഫീറ്റില്‍ വ്യാപിച്ച് കിടക്കുന്ന ക്ലബ്ബില്‍ 350 പേര്‍ക്ക് ഭക്ഷണം വിളമ്പാനാകും. 1977 ല്‍ ക്ലബ്ബ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇവിടെ സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവര്‍ നിരവധിയാണെന്നും അതിനാല്‍ കെട്ടിടത്തിന്റെ യഥാര്‍ഥ ഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് കൂടുതല്‍ സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കുന്ന രീതിയില്‍ പുനര്‍ നിര്‍മിച്ചതെന്നും നഖീല്‍ ഹോസ്പിറ്റാലിറ്റിയുടെ മാനേജിംഗ് ഡയറക്്റ്റര്‍ തോര്‍സെന്‍ റീസ് പറഞ്ഞു.

പുതിയ ജെബെല്‍ അലി വിനോദ കേന്ദ്രത്തില്‍ കൂടുതല്‍ റെസ്‌റ്റോറന്റുകളും ഡൈന്‍-ഇന്‍ സിനിമ കോംപ്ലക്‌സുകളും ഉടനെ തുറക്കുമെന്നും നഖീല്‍ വ്യക്തമാക്കി. റീല്‍ സിനിമാസിന്റെ നാല് സ്‌ക്രീനുകളുള്ള ഡൈന്‍ – ഇന്‍ സിനിമ കോംപ്ലക്‌സ്, സീഫുഡ് കിച്ചണ്‍, സി ഹൗസ് മിലാനോ, അന്‍ഡലൂസിയ എന്നിവയാണ് ഹബ്ബില്‍ വരാന്‍ പോകുന്നത്. എല്ലാ റസ്‌റ്റോറന്റുകള്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഡൈനിംഗ് സ്‌പേയ്‌സും 55,000 സ്‌ക്വയര്‍ ഫീറ്റിലെ മനോഹരമായ ടെറസും വിനോദസൗകര്യത്തിനുള്ള സ്ഥലവും ഉണ്ടാകും. മൊത്തം 1,500 പേരെ ഉള്‍ക്കൊള്ളാന്‍ കോംപ്ലക്‌സിന് സാധിക്കും.

റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, അസറ്റ് മാനേജ്‌മെന്റ് സര്‍വീസുകളുടെ വികസനത്തിനാണ് നിലവില്‍ നഖീല്‍ പ്രാധാന്യം കൊടുക്കുന്നത്. ഈ മേഖലകളില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 2010 ല്‍ 800 മില്യണ്‍ ദിര്‍ഹത്തില്‍ നിന്ന് 2017 ല്‍ 2.5 ബില്യണ്‍ ദിര്‍ഹമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5,800 മുറികള്‍ ഉള്‍പ്പെട്ട 18 ഹോട്ടലുകളും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. പാം ജുമൈറ, ദെയ്‌റ ഐലന്‍ഡ്, ഇബ്‌ന് ബത്തൂത്ത മാള്‍, ജുമൈറ വില്ലേജ്, ഡ്രാഗണ്‍ സിറ്റി എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികള്‍ ഒരുങ്ങുന്നത്.

Comments

comments

Categories: Arabia