ഉന്നത വിജയം വരിച്ചവരുടെ വായനാശീലം

ഉന്നത വിജയം വരിച്ചവരുടെ വായനാശീലം

ലോകത്തില്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചവര്‍ക്കു പൊതുവായി ചിലകാര്യങ്ങളില്‍ സാമ്യമുണ്ട്. അവരാരും ഉയര്‍ന്ന കഝ ഉള്ളവരോ അല്ലെങ്കില്‍ അവിശ്വസനീയമാം വിധം ഭാഗ്യം കടാക്ഷിച്ചവരോ അല്ലായിരുന്നു. പകരം നല്ല വായനാശീലമുള്ളവരായിരുന്നു. ഈയൊരു പ്രത്യേകതയാണ് അവരില്‍ പൊതുവായി കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ലാഭകരമായ നിക്ഷേപമായി അവരില്‍ പലരും കണ്ടെത്തിയതു വായന എന്ന ശീലത്തിലാണ്.

രണ്ട് ഡോളറില്‍നിന്നും 20 ബില്യന്‍ ഡോളറിലേക്കുള്ള വളര്‍ച്ച

നെബ്രാസ്‌ക എന്ന യുഎസ് സംസ്ഥാനത്ത് ഒമാഹ എന്ന നഗരത്തില്‍ രണ്ട് കൗമാരക്കാരായ കുട്ടികള്‍ പലചരക്ക് കടയില്‍ തൊഴില്‍ ചെയ്തിരുന്നു. വ്യാവസായിക ലോകത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം നേരിട്ടത് 1929 മുതല്‍ 1939 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഈ മാന്ദ്യത്തെ തുടര്‍ന്നു കടക്കെണിയിലായ കുടുംബത്തില്‍പ്പെട്ട കുട്ടിയായിരുന്നു പലചരക്ക് കടയില്‍ തൊഴില്‍ ചെയ്തിരുന്നു മുതിര്‍ന്നവനായ കുട്ടി. കട ഉടമയുടെ ചെറുമകനായിരുന്നു ഇളയ കുട്ടി. ഇവന്‍ ഒഴിവ് സമയത്ത് കോളയും ചൂയിംഗവും വില്‍പ്പന നടത്തിയിരുന്നു.

ചെറിയ തൊഴിലിലൂടെ ഇരുവരും പ്രതിദിനം രണ്ട് ഡോളര്‍ അധികവരുമാനം കണ്ടെത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവര്‍ രണ്ടു പേരും പ്രതിവര്‍ഷം 20 ബില്യന്‍ ഡോളര്‍ വരുമാനം കണ്ടെത്തുന്ന നിലയിലേക്കു വളര്‍ന്നു. ബെര്‍ക്‌ഷെയര്‍ ഹാത്ത്‌വേ എന്ന ബിസിനസ് സാമ്രാജ്യം കെട്ടിയുയര്‍ത്തി. ലോകം ആരാധനയോടെ നോക്കിക്കാണുന്ന രണ്ട് ബിസിനസ് ടൈക്കൂണുകളായി മാറുകയും ചെയ്തു. അവാണ് ചാര്‍ലി മുംഗറും, വാരന്‍ ബുഫേയും.

എങ്ങനെയാണ് ഇവര്‍ അമേരിക്ക കണ്ട ഏറ്റവും വലിയ വിജയികളായ നിക്ഷേപകരായി മാറിയത് ?

ഈ ചോദ്യത്തിനുള്ള ഉത്തരത്തിനു പല ഘടകങ്ങളുണ്ട്. അവയില്‍ ഒരു ഘടകം പുസ്ത വായനയ്ക്ക് ഇവര്‍ കുറേയധികം സമയം ചെലവഴിച്ചിരുന്നു എന്നതാണ്. വാരന്‍ ബുഫേയുടെ കരിയറിന്റെ ആദ്യനാളുകളില്‍ അദ്ദേഹം ഒരു ദിവസം 600-1000 പേജുകള്‍ വരെ വായിച്ചിരുന്നു. ഇപ്പോഴും ഒരു ദിവസത്തിന്റെ 80 ശതമാനം നേരം അദ്ദേഹം വായനയ്ക്കു മാറ്റി വയ്ക്കുന്നു.

‘ചുരുങ്ങിയത് 500 പേജുകളെങ്കിലും പ്രതിദിനം വായിക്കണം. അങ്ങനെയാണ് അറിവ് പ്രവര്‍ത്തിക്കുന്നത്. അറിവ് കൂട്ട് പലിശ പോലെ ഉയര്‍ന്നു വരും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അത് ചെയ്യാനാകും, പക്ഷേ നിങ്ങളില്‍ പലരും അത് ചെയ്യുന്നില്ലെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്’ വാരന്‍ ബുഫേ ഒരിക്കല്‍ പറയുകയുണ്ടായി.അദ്ദേഹത്തിന് എല്ലാവരോടുമുള്ള ഉപദേശം ഇതാണ്; ജീവിതത്തില്‍ നമ്മള്‍ നേരിടുന്നത് ഏതു സാഹചര്യമായി കൊള്ളട്ടെ, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയാറാകണം. നിങ്ങള്‍ വിജയിക്കും. തീര്‍ച്ച.

ബില്‍ ഗേറ്റ്‌സിന്റെ വായനാശീലം

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ബില്‍ ഗേറ്റ്‌സ് പ്രതിവര്‍ഷം 50 പുസ്തകങ്ങള്‍ വായിക്കും. പക്ഷേ അദ്ദേഹം വായിക്കുന്നത് എല്ലാം നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍പ്പെട്ടവയാണ്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ആളുകളുമായി സംസാരിക്കുന്നതിനും ഗേറ്റ്‌സ് സമയം ചെലവഴിക്കാറുണ്ടെങ്കിലും യാത്രയിലും അദ്ദേഹം പുതിയ അറിവ് നേടാന്‍ പുസ്തകങ്ങള്‍ വായിക്കാറുണ്ട്.

Comments

comments

Categories: FK Special