ഹ്യുണ്ടായ് വെര്‍ണയുടെ നിര്‍മ്മാണം കൊറിയയില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

ഹ്യുണ്ടായ് വെര്‍ണയുടെ നിര്‍മ്മാണം കൊറിയയില്‍നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നു

കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജ്ജം പകരും

മുംബൈ : പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ ഉല്‍പ്പാദനം പൂര്‍ണ്ണമായും ഇന്ത്യയിലേക്ക് മാറ്റാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി ആലോചിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ഊര്‍ജ്ജം പകരുന്നതാണ് ഈ മിഡ്-സൈസ് സെഡാന്‍ സംബന്ധിച്ച ഇപ്പോഴത്തെ വാര്‍ത്ത. പുതിയ വെര്‍ണ നിര്‍മ്മിക്കുന്നതിന് ഹ്യുണ്ടായുടെ ചെന്നൈയിലെ മാനുഫാക്ച്ചറിംഗ് പ്ലാന്റാണ് ഉപയോഗപ്പെടുത്തുക. ജനുവരി മുതല്‍ മിക്കവാറും എല്ലാ ആഗോള വിപണികളിലേക്കും ചെന്നൈ പ്ലാന്റില്‍നിന്ന് പുതിയ വെര്‍ണ കയറ്റുമതി ചെയ്യും.

വലുതും കൂടുതല്‍ പ്രീമിയം സ്വഭാവം പുലര്‍ത്തുന്നതുമായ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാമെന്ന ദക്ഷിണ കൊറിയന്‍ കമ്പനിയുടെ ആത്മവിശ്വാസമാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിലെ ഓരോ വര്‍ഷവും 1.3 ലക്ഷം യൂണിറ്റ് വീതം ഹ്യുണ്ടായ് വെര്‍ണ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതില്‍ 60-70 ശതമാനം കയറ്റുമതി ചെയ്യുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ വൈ കെ കൂ പറഞ്ഞു.

ചെറിയ കാറുകള്‍ നിര്‍മ്മിക്കുന്ന രാജ്യമെന്ന നിലയില്‍നിന്നുമാറി വലിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യമായി ഹ്യുണ്ടായ് ഇതിനകം ഇന്ത്യയെ കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ക്രേറ്റ എസ്‌യുവിയുടെ 45,000 യൂണിറ്റാണ് ഇന്ത്യയില്‍നിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചത്.

ജനുവരി മുതല്‍ മിക്കവാറും എല്ലാ ആഗോള വിപണികളിലേക്കും ചെന്നൈ പ്ലാന്റില്‍നിന്ന് പുതിയ വെര്‍ണ കയറ്റുമതി ചെയ്യും

ഇന്ത്യയിലെ കുറഞ്ഞ നിര്‍മ്മാണ ചെലവുകള്‍ മറ്റ് വിദേശ വാഹന നിര്‍മ്മാതാക്കളും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബീല്‍സ് ഈയിടെ ജീപ്പ് കോംപസ് മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ നിര്‍മ്മിച്ചുതുടങ്ങിയിരുന്നു. എല്ലാ റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് വിപണികളിലേക്കും ജീപ്പ് കോംപസ് ഇവിടെനിന്നാണ് കയറ്റുമതി ചെയ്യുന്നത്.

ഫോക്‌സ്‌വാഗണ്‍ വെന്റോ സെഡാന്‍ ഇന്ത്യയില്‍നിന്നാണ് ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക് കപ്പല്‍ കയറ്റിവിടുന്നത്. ഫോഡ് മോട്ടോര്‍ തങ്ങളുടെ ഇക്കോ സ്‌പോര്‍ട് ഇന്ത്യയില്‍ നിര്‍മ്മിച്ച് സ്വന്തം രാജ്യമായ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറെടുത്തുകഴിഞ്ഞു.

മുന്നോട്ടുള്ള പ്രയാണത്തില്‍ ഇന്ത്യയുടെ പ്രാധാന്യമാണ് ഹ്യുണ്ടായ് മനസ്സിലാക്കിയിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക് കഴിഞ്ഞാല്‍ ഹ്യുണ്ടായ് മോട്ടോറിന് ഏറ്റവുമധികം ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന വിപണിയാണ് ഇന്ത്യ. യുഎസ്, ബ്രസീല്‍ വിപണികളേക്കാള്‍ മുന്നില്‍.

ഇന്ത്യന്‍ വിപണിയിലേക്കായി ഹ്യുണ്ടായ് വെര്‍ണയുടെ 50,000 യൂണിറ്റും കയറ്റുമതി ആവശ്യങ്ങള്‍ക്കായി 80,000 യൂണിറ്റും നിര്‍മ്മിക്കുമെന്ന് വൈ കെ കൂ വ്യക്തമാക്കി. അവിടങ്ങളിലെ ആഭ്യന്തര വിപണികള്‍ക്കായി ചൈനയിലും റഷ്യയിലും ഹ്യുണ്ടായ് വെര്‍ണ നിര്‍മ്മിക്കുന്നത് തുടരും.

Comments

comments

Categories: Auto