നല്ല തുടക്കവുമായി ജിഎസ്ടി; ജനം ഇപ്പോഴും വലയുന്നു

നല്ല തുടക്കവുമായി ജിഎസ്ടി; ജനം ഇപ്പോഴും വലയുന്നു

ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ ശേഷം പുറത്തുവരുന്ന ആദ്യ കണക്കുകള്‍ ശുഭസൂചകമാണ്. തീര്‍ച്ചയായും നല്ല തുടക്കമായി വേണം ഇതിനെ കാണാന്‍

ജൂലൈ ഒന്നിനാണ് സുപ്രധാന സാമ്പത്തിക പരിഷ്‌കരണമെന്ന നിലയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പിലാക്കിയത്. പുതുനികുതിയില്‍ നിന്നുള്ള ആദ്യമാസത്തെ വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കിയത്. ഏകദേശം 93,000 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിലേക്ക് ആദ്യമാസം എത്തിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് അന്തിമ കണക്കല്ല. എങ്കില്‍ പോലും വലിയ പ്രതീക്ഷ നല്‍കുന്ന വരുമാനസ്രോതസായി ജിഎസ്ടി മാറിയെന്നത് വലിയ കാര്യമാണ്. പുതിയ നികുതി സംവിധാനം അനുസരിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനിയും നല്ലൊരു വിഭാഗം നികുതിദായകര്‍ ബാക്കിയുള്ളപ്പോഴാണ് വരുമാനത്തിന്റെ കാര്യത്തില്‍ ജിഎസ്ടി ഇപ്പോള്‍തന്നെ സര്‍ക്കാരിന്റെ പ്രതീക്ഷകളെ കടത്തിവെട്ടിയിരിക്കുന്നത്.

ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ കണക്കുകൂട്ടിയ ജിഎസ്ടി ലക്ഷ്യം വളരെ സുഗമമായി എത്തിപ്പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. ജിഎസ്ടി സംവിധാനം സുഗമമായി മുന്നോട്ടുപോകുന്നതിന്റെ സൂചനയായാണ് ജയ്റ്റ്‌ലി ഇതിനെ കാണുന്നത്.

93,000 കോടി രൂപയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും നികുതി വരുമാനം ഉള്‍പ്പെടും. നഷ്ടപരിഹാര സെസ് ഒഴിവാക്കിയാല്‍ പോലും എല്ലാ നികുതിദായകരും റിട്ടേണ്‍ സമര്‍പ്പിക്കുന്നതോടെ നികുതി വരുമാനം ഇപ്പോഴുള്ളതിലും വര്‍ധിക്കുമെന്നാണ് ജയ്റ്റ്‌ലി ചൂണ്ടിക്കാണിക്കുന്നത്.

ഓഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് 38.38 ലക്ഷം നികുതിദായകരാണ് ജിഎസ്ടിക്കു കീഴില്‍ റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുള്ളത്. മൊത്തം 59.57 ലക്ഷം പേരാണ് ജിഎസ്ടി സംവിധാനത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജിഎസ്ടി പ്രകാരം നികുതി അടയ്‌ക്കേണ്ട എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തിന് കീഴില്‍ വന്നാല്‍ വരുമാനം ഇനിയും എത്രയോ മടങ്ങ് വര്‍ധിക്കുമെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സങ്കീര്‍ണമായ പരിണാമപ്രക്രിയയായിരിന്നിട്ടുകൂടി ഇത്ര സുഗമമായി അത് നടപ്പാക്കാന്‍ സാധിച്ചത് പ്രശംസനീയമാണ്.

എന്നാല്‍ ജിഎസ്ടി മൂലം ജനങ്ങള്‍ നേരിടുന്ന വിലക്കയറ്റം പരിഹരിക്കാന്‍ ഇതുവരെ യാതൊരുവിധ ശ്രമങ്ങളും ഉണ്ടായിട്ടില്ല എന്നത് അപലപനീയമാണ്. ഹോട്ടലുകളിലും മറ്റും ഇപ്പോഴും നടക്കുന്നത് കടുത്ത കൊള്ളയാണെന്ന അഭിപ്രായങ്ങള്‍ മുഖവിലയ്‌ക്കെടുക്കണം. ഒരു രാഷ്ട്രം, ഒരു വിപണി, ഒരു നികുതി എന്ന സങ്കല്‍പ്പം തീര്‍ച്ചയായും പുരോഗനാത്മകവും സാമ്പത്തിക കുതിപ്പിന് ആക്കം കൂട്ടുന്നതുമാണെന്ന കാര്യത്തില്‍ സംശയമില്ല. ആദ്യ ജിഎസ്ടി അവലോകന കണക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. ആധുനിക നികുതി വ്യവസ്ഥയിലേക്ക് രാജ്യം വിജയകരമായി നീങ്ങിത്തുടങ്ങുകയും ചെയ്തു. നികുതി വ്യവസ്ഥകള്‍ സുതാര്യവും സുസ്ഥിരവുമാണെന്നാണ് പ്രധാനമന്ത്രി നേരത്തെ ജിഎസ്ടിയെക്കുറിച്ച് പറഞ്ഞത്. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ജനത്തിന് അത്തരത്തിലുള്ളൊരു സുതാര്യത ഫീല്‍ ചെയ്തിട്ടില്ലെന്നത് വാസ്തവമാണ്.

ഉല്‍പ്പന്നങ്ങളുടെ വിലയില്‍ വന്ന വ്യാപകമായ വര്‍ധന എങ്ങനെയാണെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് യാതൊരു ബോധ്യവുമില്ല. ഹോട്ടലുകള്‍ ജനങ്ങളെ പിഴിയുന്ന തരത്തില്‍ തന്നെയാണ് ഇപ്പോഴും വില ഈടാക്കുന്നത്. ജിഎസ്ടിയാണ് വിലവര്‍ധനവിന് കാരണമെന്ന് അവര്‍ പറയുകയും ചെയ്യുന്നു.

അമിതലാഭ പ്രവണതകള്‍ക്കെതിരായിട്ടുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ജിഎസ്ടിക്ക് മുമ്പും ശേഷവും വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി ഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്നുമുള്ള ആവശ്യം ഇപ്പോഴും പൂര്‍ണ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ജിഎസ്ടി എന്നത് തീര്‍ത്തും അസഹ്യമായ കാര്യമായി മാറുന്നുവെന്നത് കണ്ടില്ലെന്ന് നടിക്കരുത്.

Comments

comments

Categories: Editorial, Slider

Related Articles