സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഗമനം കുറച്ച് റേറ്റിംഗ് ഏജന്‍സികള്‍

സാമ്പത്തിക വര്‍ഷത്തേക്കുള്ള നിഗമനം കുറച്ച് റേറ്റിംഗ് ഏജന്‍സികള്‍

നോട്ട് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്നു കരകയറും മുമ്പ് ജിഎസ്ടി എത്തിയത് വിപണിയെ ഉലച്ചു

ന്യൂഡെല്‍ഹി: പ്രവചനങ്ങളെ തകിടം മറിച്ച് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ജൂണ്‍ പാദത്തില്‍ 5.7 ശതമാനത്തിലെത്തിയ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. നോട്ട് നിരോധനത്തിന്റെ ആഘാതം തീരാത്തതും ജൂലൈ 1ന് ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് സ്റ്റോക്ക് ഇല്ലാതാക്കാന്‍ നടത്തിയ നീക്കങ്ങളുമാണ് വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചതെന്നാണ് വിലയിരുത്തല്‍. 2014ലെ ജനുവരി-മാര്‍ച്ച് പാദത്തിന് ശേഷം അനുഭപ്പെടുന്ന ഏറ്റവും കുറഞ്ഞ വേഗതയിലുള്ള ജിഡിപി വളര്‍ച്ചയാണിത്.

ജിഡിപി വളര്‍ച്ച 6.5 ശതമാനത്തിലെത്തുമെന്നാണ് നിരവധി സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വളര്‍ച്ചാ നിരക്ക് ഇതിലും കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തെ മൊത്തം വളര്‍ച്ച സംബന്ധിച്ച തങ്ങളുടെ നിഗമനങ്ങളില്‍ പുനര്‍ നിര്‍ണയം നടത്തുകയാണ് ഇവര്‍. ഈ സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിഗമനം 7.2 ശതമാനമെന്നത്തില്‍ നിന്ന് 6.6 ശതമാനമാക്കി ഐഡിഎഫ്‌സി ബാങ്ക് പുനര്‍നിശ്ചയിച്ചു. നിക്ഷേപം ദുര്‍ബലമായി തുടരുന്നതിനാല്‍ പ്രതികൂലാവസ്ഥ തുടരുമെന്നാണ് ഐഡിഎഫ്‌സി ബാങ്കിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ ഇന്ദ്രനീല്‍ പാന്‍ പറയുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് 7.0 ജിഡിപി വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന നിഗമനം ഒന്നാം പാദ റിപ്പോര്‍ട്ടിന് ശേഷം ചുരുക്കിയെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പറയുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.4 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്ന തങ്ങളുടെ പ്രവചനത്തില്‍ പുനര്‍നിര്‍ണയം നടത്തുമെന്ന് ഇന്ത്യ റേറ്റിംഗും പറയുന്നു.

മുന്‍പാദത്തില്‍ 6.1 ശതമാനമായിരുന്ന ജിഡിപിയാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 5.7 ശതമാനമായി കുറഞ്ഞത്. എന്നാല്‍ ജൂണിലെ 0.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈയില്‍ 2.4 ശതമാനം വളര്‍ച്ച നേടിയ കോര്‍ സെക്റ്റര്‍ തിരിച്ചുവരവിന്റെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പ്രകൃതിവാതകം, സ്റ്റീല്‍, വൈദ്യുതി, കല്‍ക്കരി എന്നിവയുടെ ഉല്‍പ്പാദനം ജൂലൈയില്‍ വര്‍ധിച്ചു.

വന്‍തോതിലുള്ള ഇടിവ് കാണിക്കുന്ന പ്രധാന മേഖല വ്യവസായമാണെന്ന് മുതിര്‍ന്ന സാമ്പത്തിക വിദഗ്ധര്‍ ടിസിഎ ആനന്ദ് വ്യക്തമാക്കി. ജിഡിപി ഇടിവില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും ജിഎസ്ടിയുമായി പൊരുത്തപ്പെടുന്നതോടെ ജിഡിപി തിരിച്ചുവരവ് പ്രകടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരുമാന പ്രവണത അനുകൂലമായതിനാല്‍ ആഭ്യന്തര പൊതു നിക്ഷേപം ഉയര്‍ച്ച നേടും. ജിഎസ്ടി നടപ്പാക്കിയിരിക്കുന്നതിനാല്‍ നില മെച്ചപ്പെടുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്.

‘വരും പാദങ്ങളില്‍ നയത്തിലും നിക്ഷേപത്തിലും കൂടുതല്‍ ശ്രദ്ധയോടെ നമ്മള്‍ പ്രവര്‍ത്തിക്കണം. കാര്‍ഷിക ജിഡിപി 2 ശതമാനം എന്ന സാധാരണഗതിയിലാണ്. നിക്ഷേപ സേവനങ്ങള്‍ മെച്ചപ്പെട്ടുവെങ്കിലും മാനുഫാക്ചറിംഗ് മേഖലയില്‍ ക്ഷീണം അനുഭവപ്പെട്ടു. ജിഎസ്ടി സംവിധാനത്തിലേക്കുള്ള പരിവര്‍ത്തനം മാനുഫാക്ചറിംഗ് മേഖലയെ ബാധിച്ചു’, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ഡാറ്റയില്‍ പറയുന്നു. 2018 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ മൊത്തം മൂല്യ വര്‍ധനവ് (ജിവിഎ) 5.6 ശതമാനമാണ്. മുന്‍ വര്‍ഷത്തിലിത് 7.6 ശതമാനമായിരുന്നു.

മാനുഫാക്ചറിംഗ് വളര്‍ച്ച (ജിവിഎ) നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മുന്‍വര്‍ഷത്തെ 10.7 ശതമാനത്തില്‍ നിന്ന് 1.2 ശതമാനം ഇടിഞ്ഞു. എന്നിരുന്നാലും സ്ഥായിയായ സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.6 ശതമാനം ഉയര്‍ന്നത് ഇന്ത്യന്‍ നിക്ഷേപ നിരക്കില്‍ ഒരു നേരിയ മെച്ചപ്പെടലിനെ ചൂണ്ടിക്കാട്ടുന്നു. മുന്‍പാദത്തിലെ 2.1 ശതമാനം ഇടിവില്‍ നിന്ന് മാറി 1.6 ശതമാനം ജിഎഫ്‌സിഎഫ് വളര്‍ച്ച നേടിയത് പ്രോത്സാഹനം നല്‍കുന്നതാണെന്ന് ഐസിആര്‍എയിലെ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അദിതി നായര്‍ പറയുന്നു.

രണ്ടാം പാദത്തില്‍ മാനുഫാക്ചറിംഗ് തിരിച്ചുവരവ് നടത്തുമെന്ന ആത്മ വിശ്വാസമാണ് ടിസിഎ ആനന്ദ് പ്രകടിപ്പിക്കുന്നത്. നോട്ട് നിരോധനം മൂലമല്ല മൊത്ത വില സൂചികയുടെ ക്രമീകരണത്തിന്റെ ഫലമായാണ് ജിഡിപി വളര്‍ച്ചയില്‍ മാന്ദ്യമുണ്ടായതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

Comments

comments

Categories: Business & Economy