ടെലികോം വിപണിയുടേത് ശക്തമായ വളര്‍ച്ച: അരുണ സുന്ദരരാജന്‍

 ടെലികോം വിപണിയുടേത് ശക്തമായ വളര്‍ച്ച: അരുണ സുന്ദരരാജന്‍

ടെലികോം ഉപകരണ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചു കൊണ്ടുവരിക, നെറ്റ്‌വര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, ഡാറ്റ സംരക്ഷിക്കുക എന്നിവയാണ് മന്ത്രാലയം ഊന്നല്‍ കൊടുക്കുന്ന പ്രധാന കാര്യങ്ങള്‍

ന്യൂഡെല്‍ഹി: ഏറ്റവും ദൃഢമായ വളര്‍ച്ച കൈവരിക്കുന്ന ടെലികോം വിപണി ഇന്ത്യയുടേതാണെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദരരാജന്‍. രാജ്യത്തെ ടെലികോം വിപണിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഡാറ്റ വളര്‍ച്ച അവസാനിക്കാത്തതിനാല്‍ അതിരുകളില്ലാത്ത നിക്ഷേപ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അവര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് അരുണ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

പുതിയ ടെലികോം നയം വിദേശ നിക്ഷേപം അനായാസമാക്കും. ഇത് നെറ്റ്‌വര്‍ക്കുകളിലേക്കും പശ്ചാത്തല സൗകര്യങ്ങളിലേക്കും സുസ്ഥിര നിക്ഷേപം കൊണ്ടുവരും- അരുണ സുന്ദരരാജന്‍ പറഞ്ഞു. മികച്ച നിക്ഷേപം ടെലികോം കമ്പനികളെ സേവനങ്ങള്‍ 4ജിയിലേക്ക് പുതുക്കുന്നതിനും 5ജിക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തുന്നതിനും സഹായിക്കും. ടെലികോം ഉപകരണ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചു കൊണ്ടുവരിക, നെറ്റ്‌വര്‍ക്ക് സുരക്ഷ ഉറപ്പാക്കുക, ഡാറ്റ സംരക്ഷിക്കുക എന്നിവയാണ് മന്ത്രാലയം ഊന്നല്‍ കൊടുക്കുന്ന പ്രധാന കാര്യങ്ങളെന്ന് അവര്‍ വ്യക്തമാക്കി.

ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കും

അതിവേഗം ഡിജിറ്റല്‍വല്‍ക്കരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ട്രില്ല്യണ്‍ ഡോളറിലെത്തുമെന്നാണ് കരുതുന്നത്. നിലവില്‍ ഇത് 350 ബില്ല്യണ്‍ ഡോളറിനും 370 ബില്ല്യണ്‍ ഡോളറിനും ഇടയിലാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ വളര്‍ച്ച നേടുന്ന അടിസ്ഥാന വേദി ടെലികോം ആണ്. അതിനാല്‍, മുന്നോട്ടുപോകുമ്പോള്‍ ഏറ്റവും വിശ്വാസയോഗ്യമായ വിഭാഗങ്ങളിലൊന്നായി ടെലികോം മാറും. അടുത്തിടെ ഐസിആര്‍ഐഇആര്‍ നടത്തിയ പഠനത്തില്‍ ഇന്റര്‍നെറ്റ് വ്യാപനത്തിലെ 10 ശതമാനം വര്‍ധന ജിഡിപിയില്‍ 1.3 ശതമാനം മുന്നേറ്റമുണ്ടാക്കുമെന്ന് പറയുന്നു. പ്രധാനപ്പെട്ട ഇ- കൊമേഴ്‌സ് ടൂള്‍ ബോക്‌സായി മൊബീല്‍ഫോണ്‍ മാറുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. അതിനാല്‍, ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയും മൊബീല്‍ സമ്പദ് വ്യവസ്ഥയും രാജ്യത്തിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിക്കും-അവര്‍ വിലയിരുത്തി.

ഇന്ന് ടെലികോം ഘടകങ്ങള്‍ക്ക് വേണ്ടി ഇറക്കുമതിയെയാണ് കൂടുതലായി ആശ്രയിക്കുന്നത്. എന്നാല്‍, ഭാവിയില്‍ ഇത് കുറച്ചു കൊണ്ടുവരും. ടെലികോം കമ്പനികളുമായി സഹകരിച്ച് പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിക്കും. സിസ്‌കോ ഇതിനോടകം അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നെറ്റ്‌വര്‍ക്ക്, മൊബീല്‍ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് ഐടി മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ അടുത്തഘട്ട സ്‌പെക്ട്രം ലേലം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ട്രായ് അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രതികരണം ആരായുമെന്നും അരുണ സുന്ദരരാജന്‍ മറുപടി നല്‍കി.

Comments

comments

Categories: Business & Economy