വ്യാപാര സമയം നീട്ടാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഒരുങ്ങുന്നു

വ്യാപാര സമയം നീട്ടാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഒരുങ്ങുന്നു

സമയം നീട്ടുന്നത് ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുമെന്ന് വിലയിരുത്തല്‍

മുംബൈ: ഓഹരി ഇടപാട് സമയം നീട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍. നിലവില്‍ ദൈനംദിന വ്യാപാര സമയം അവസാനിക്കുന്നത് ഉച്ചയ്ക്ക് 3.30നാണ്. ഇത് വൈകിട്ട് 5.30വരെയോ 7.30 വരെയോ നീട്ടാനാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ പദ്ധതിയിടുന്നത്.

2009ല്‍ വ്യാപാര സമയം വൈകുന്നേരം അഞ്ച് മണി വരെ നീട്ടാന്‍ വിപണി റെഗുലേറ്ററായ സെബി തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. ഈ സമയത്ത് തന്നെയായിരുന്നു ബിഎസ്ഇയും എന്‍എസ്ഇയും പ്രവര്‍ത്തനം ആരംഭിക്കുന്ന സമയം രാവിലെ 9.55 ല്‍ നിന്ന് 9 മണിയിലേക്ക് മാറ്റിയത്. എന്നാല്‍ പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്ന കാര്യം ഉയര്‍ത്തിക്കാട്ടി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ 3.30 എന്ന സമയം മാറ്റാന്‍ സാധിച്ചില്ല.

വ്യാപാരം അവസാനിക്കുന്ന സമയം നീട്ടുന്നതിനുള്ള ഇപ്പോഴത്തെ നീക്കത്തിനും ബ്രോക്കറേജ് സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കേണ്ടത് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ണ്ണായകമാണ്. പ്രത്യേകിച്ചും വ്യാപാരം അവസാനിപ്പിക്കുന്ന സമയം 5 മണിക്ക് അപ്പുറത്തേക്ക് നീട്ടാനാഗ്രഹിക്കുന്നുവെങ്കില്‍.

ഇന്ത്യന്‍ വിപണികള്‍ രാവിലെ 8 നും വൈകിട്ട് 7നും ഇടയ്ക്ക് വ്യാപാരം നടത്തുകയാണെങ്കില്‍ ഇന്ത്യക്ക് കൂടുതല്‍ എഫ്പിഐകളെ ആകര്‍ഷിക്കാനാവുമെന്ന് ഒരു സ്റ്റോക്ക് ബ്രോക്കര്‍ പറയുന്നു. എന്നാല്‍ വ്യാപാര സമയം നീട്ടുന്നത് ഒരു നല്ല നീക്കമാണെങ്കിലും അത് ബ്രോക്കറേജ് സമൂഹത്തിന് കൂടുതല്‍ സാമ്പത്തിക സമ്മര്‍ദം നല്‍കുമെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

വൈകുന്നേരം അഞ്ച് മണിവരെയുള്ള വിപുലീകരണം നല്ലതാണെന്നും യോജിക്കാന്‍ സാധിക്കുമെന്നുമാണ് ഐഡിബിഐ കാപിറ്റല്‍ റിസര്‍ച്ച് തലവനായ എകെ പ്രഭാകര്‍ പറയുന്നത്. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് 3.30ല്‍ നിന്ന് 5 മണഇയിലേക്ക് വ്യാപാര സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് നടപ്പാക്കിയിട്ടില്ല.

Comments

comments

Categories: Slider, Top Stories