മഹാനഗരത്തെ ഗ്രസിച്ച് മഹാപ്രളയം

മഹാനഗരത്തെ ഗ്രസിച്ച് മഹാപ്രളയം

മുംബൈ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. കണ്ണഞ്ചിപ്പിക്കും വിധമാണു മുംബൈ വളരുന്നത്. പക്ഷേ ഈ വളര്‍ച്ച ശാസ്ത്രീയമാണോ ? ഒരു മഴ ഒന്ന് നിന്നു പെയ്താല്‍ നിശ്ചലമാകും മുംബൈ. രണ്ട് ദിവസം മുന്‍പ് പെയ്ത മഴയും അതേ തുടര്‍ന്നുണ്ടായ ദുരിതങ്ങളും ഉദാഹരണമാണ്. മഴ വെള്ളം ഊര്‍ന്ന് ഇറങ്ങേണ്ട ചതുപ്പ് നിലങ്ങളിലും, തുറസ്സായ പ്രദേശങ്ങളിലും സൗധങ്ങളും മണിമാളികകളും ഉയരുമ്പോള്‍ വെള്ളം ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങില്ല. ഈ സാഹചര്യത്തില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്യും. ഇതാണു മുംബൈ നഗരത്തിലും സംഭവിച്ചത്. ഇതു പക്ഷേ ഒരു മുംബൈ നഗരത്തിന്റെ മാത്രം പ്രശ്‌നമല്ല. പ്രകൃതിയെ മറന്ന് പ്രവര്‍ത്തിച്ചാല്‍ ഏതു നഗരത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ.

2005 ജുലൈ 26

മുംബൈ നിവാസികള്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അന്നായിരുന്നു 994 മില്ലിമീറ്റര്‍ (37.2 ഇഞ്ച്) റെക്കോഡ് മഴ മുംബൈയില്‍ പെയ്തിറങ്ങിയത്. വെറും ഇരുപത്തി നാല് മണിക്കൂറുകള്‍ കൊണ്ടാണ് ഇത്രയും വലിയ മഴ പെയ്തത്. 994 മില്ലിമീറ്ററില്‍ 709 മില്ലിമീറ്റര്‍ മഴ പെയ്തത് വെറും അഞ്ച് മണിക്കൂറുകള്‍ കൊണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ രാത്രി 7.30 വരെയുള്ള സമയത്താണു 709 മില്ലിമീറ്റര്‍ മഴ പെയ്തത്. കനത്ത മഴ പെയ്തതിനെ തുടര്‍ന്നു നിരവധി പേര്‍ക്കു ജീവഹാനിയുണ്ടായി. വീടും മറ്റ് സ്വത്തുക്കളും നഷ്ടപ്പെട്ടതിന്റെ കണക്ക് വേറെയും. ഉറക്കമില്ലാത്ത നഗരമെന്നു വിശേഷണമുള്ള മുംബൈയിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അടച്ചിടേണ്ടിയും വന്നു. സമാനമായ ഒരു അവസ്ഥയാണു മുംബൈയില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഓഗസ്റ്റ് 25-ാം തീയതി വെള്ളിയാഴ്ച മുതല്‍ മുംബൈയില്‍ മഴ പെയ്യുകയാണ്. എന്നാല്‍ 29-ാം തീയതി ചൊവ്വാഴ്ചയായപ്പോള്‍ മഴ ശക്തി പ്രാപിച്ചു. തുടര്‍ച്ചയായി നാല് ദിവസം മഴ പെയ്തതോടെ മുംബൈയിലും സമീപജില്ലകളിലും വെള്ളപ്പൊക്കം രൂപപ്പെടുകയും ചെയ്തു.

ഒഡീഷ, തെക്ക്-പടിഞ്ഞാറന്‍ മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു മീതെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ചതിന്റെ ഭാഗമായിട്ടാണു തിങ്കളാഴ്ച മുതല്‍ മുംബൈയില്‍ ഇടതടവില്ലാതെ മഴ പെയ്യാന്‍ കാരണമായതെന്നാണു കാലാവസ്ഥ വകുപ്പ് വിശദീകരിക്കുന്നത്.

2005-ലെ മഹാപ്രളയം നല്‍കിയ പാഠത്തില്‍നിന്നും 12 വര്‍ഷങ്ങള്‍ക്കു ശേഷവും മുംബൈയിലെ ഭരണാധികാരികള്‍ യാതൊന്നും പഠിച്ചില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
തിങ്കളാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നു റെയ്ല്‍, വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള ഒട്ടുമിക്ക ഗതാഗത സേവനങ്ങളുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച താത്കാലികമായി നിറുത്തിവച്ചിരുന്നു. 20 മണിക്കൂറുകള്‍ക്കു ശേഷമാണു സേവനം പുനരാരംഭിച്ചത്.

100 മില്ലിമീറ്ററിലേറെ മഴ പെയ്താല്‍ മുംബൈ നഗരം നിശ്ചലമാകുമെന്ന അവസ്ഥയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്തു കൊണ്ടാണു ഇത്തരം സാഹചര്യത്തെ നേരിടാന്‍ നഗരത്തിനു സാധിക്കാത്തത് എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം അത്യാര്‍ത്തി എന്നതാണ്.

മുംബൈയില്‍ മാത്രമല്ല, വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഏതൊരു നഗരത്തിന്റെയും ഭരണാധികാരികളോടു ചോദിച്ചാല്‍ അവര്‍ നല്‍കുന്ന ഉത്തരം അപ്രതീക്ഷിത മഴ, വേലിയേറ്റം എന്നിവ കാരണമാണെന്നായിരിക്കും. നഗര വികസനത്തിലെ ആസൂത്രണ പിഴവ് കൊണ്ടാണെന്നോ ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തില്‍ നടന്ന അഴിമതിയുടെ ഫലമായിട്ടാണു വെള്ളക്കെട്ട് രൂപപ്പെട്ടതെന്നു സമ്മതിച്ച ഒരു ഭരണാധികാരിയെ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നമ്മള്‍ക്കു കാണുവാന്‍ സാധിക്കില്ല.

കണ്ടല്‍ കാട് വെട്ടി നശിപ്പിച്ചതിനു ശേഷമാണു മുംബൈയില്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ബാന്ദ്ര-കുര്‍ല കെട്ടിട സമുച്ചയം നിര്‍മിച്ചത്. മിഥി നദിയെ ചുരുക്കിയാണു ബാന്ദ്ര-വര്‍ളി കടല്‍പ്പാലം നിര്‍മിച്ചത്. മുംബൈ പോലൊരു നഗരത്തെ കഴിഞ്ഞ ദിവസം മഹാപ്രളയം വിഴുങ്ങിയതിനുള്ള കാരണം തേടി വേറെ എവിടെയും പോകേണ്ടതില്ല. 12 വര്‍ഷം മുന്‍പ് മുംബൈ നഗരത്തെ നിശ്ചലമാക്കിയ പേമാരിയും പിന്നീട് രൂപപ്പെട്ട വെള്ളപ്പൊക്കവും 2017 ലും ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ഭരണാധികാരികള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

റിയല്‍ എസ്റ്റേറ്റ് പ്രമുഖരും-രാഷ്ട്രീയക്കാരും-ഭരണാധികാരികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണു നഗരങ്ങളിലെ തുറസ്സായ സ്ഥലങ്ങളെയും, ചതുപ്പ് പ്രദേശങ്ങളെയും, കണ്ടല്‍ കാടുകളെയും വാണിജ്യാവശ്യങ്ങള്‍ക്കായി രൂപപ്പെടുത്തിയെടുക്കുന്നത്. പ്രകൃതിയിലെ ആവാസവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ചതുപ്പ് പ്രദേശങ്ങളും കണ്ടല്‍ കാടുകളും നശിപ്പിച്ചതിനു ശേഷം അവിടെ കെട്ടിട സമുച്ചയങ്ങളും അംബര ചുംബികളും സൗധങ്ങളും മണിമാളികകളുമൊക്കെ നിര്‍മിക്കുന്നു. മഴയിലൂടെ പെയ്യുന്ന വെള്ളം ഇത്തരം പ്രദേശങ്ങളിലൂടെയാണു ഭൂമിയിലേക്കു താഴ്ന്ന് ഇറങ്ങുന്നത്. എന്നാല്‍ അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടൈലുകള്‍ പാകിയ മുറ്റവുമൊക്കെ നിരന്നതോടെ വെള്ളം ഭൂമിയിലേക്ക് ആഴ്ന്ന് ഇറങ്ങാതെയായി. ഇതാകട്ടെ വെള്ളക്കെട്ടിനു കാരണമാവുകയും ചെയ്തു. കണ്ടല്‍ കാട് വെട്ടി നശിപ്പിച്ചതിനു ശേഷമാണു മുംബൈയില്‍, മുംബൈ മെട്രോപൊളിറ്റന്‍ റീജ്യന്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ ഉടമസ്ഥതയില്‍ ബാന്ദ്ര-കുര്‍ല കെട്ടിട സമുച്ചയം നിര്‍മിച്ചത്. മിഥി നദിയെ ചുരുക്കിയാണു ബാന്ദ്ര-വര്‍ളി കടല്‍പ്പാലം നിര്‍മിച്ചത്.

മുംബൈ പോലൊരു നഗരത്തെ കഴിഞ്ഞ ദിവസം മഹാപ്രളയം വിഴുങ്ങിയതിനുള്ള കാരണം തേടി വേറെ എവിടെയും പോകേണ്ടതില്ല. 12 വര്‍ഷം മുന്‍പ് മുംബൈ നഗരത്തെ നിശ്ചലമാക്കിയ പേമാരിയും പിന്നീട് രൂപപ്പെട്ട വെള്ളപ്പൊക്കവും 2017 ലും ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ ഭരണാധികാരികള്‍ അല്ലാതെ പിന്നെയാരാണ് ? പക്ഷേ അവരാകട്ടെ, അപ്രതീക്ഷിത മഴയെയും വേലിയേറ്റത്തിനെയും പ്രകൃതിയിലുണ്ടാകുന്ന മറ്റ് പ്രതിഭാസങ്ങളെയുമാണു കുറ്റപ്പെടുത്തുന്നത്. ഇതിലൂടെ സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ അവര്‍ക്കു സാധിക്കുന്നു.

ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) പ്രതിവര്‍ഷം മഴക്കാല പൂര്‍വ ശുചീകരണ പ്രവൃത്തികള്‍ക്കായി കോടിക്കണക്കിന് രൂപയാണു ചെലവിടുന്നത്. ഈ വര്‍ഷം ബിഎംസി നൂറ് കോടി രൂപയാണു മണ്‍സൂണ്‍ തയാറെടുപ്പിനായി ചെലവഴിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിഎംസി നഗരത്തിലെങ്ങും പമ്പിംഗ് സ്റ്റേഷനായി ചെലവഴിച്ചതാകട്ടെ 400 കോടി രൂപയും. എന്നിട്ടും മഴവെള്ളം വറ്റിച്ചു കളയാന്‍ ഇപ്പോഴും ബിഎംസി 240 അധിക പമ്പുകള്‍ വാടകയ്ക്ക് എടുക്കേണ്ട ഗതികേടിലാണ്. ശതകോടികളാണു മഴക്കാല പൂര്‍വ ശൂചീകരണത്തിനും തയാറെടുപ്പുകള്‍ക്കുമായി ചെലവഴിക്കുന്നതെങ്കിലും പ്രശ്‌നപരിഹാരം ഇപ്പോഴും വിദൂരമാണ്.

മുംബൈയില്‍ മാത്രമല്ല, വെള്ളക്കെട്ട് രൂപപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഏതൊരു നഗരത്തിന്റെയും ഭരണാധികാരികളോടു ചോദിച്ചാല്‍ അവര്‍ നല്‍കുന്ന ഉത്തരം അപ്രതീക്ഷിത മഴ, വേലിയേറ്റം എന്നിവ കാരണമാണെന്നായിരിക്കും. നഗര വികസനത്തിലെ ആസൂത്രണ പിഴവ് കൊണ്ടാണെന്നോ ഉദ്യോഗസ്ഥ-രാഷ്ട്രീയ തലത്തില്‍ നടന്ന അഴിമതിയുടെ ഫലമായിട്ടാണു വെള്ളക്കെട്ട് രൂപപ്പെട്ടതെന്നു സമ്മതിച്ച ഒരു ഭരണാധികാരിയെ പോലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ നമ്മള്‍ക്കു കാണുവാന്‍ സാധിക്കില്ല.

പ്രളയത്തില്‍പ്പെട്ടു മാധവനും അനുപം ഖേറും

മുംബൈയില്‍ തിങ്കളാഴ്ച വൈകുന്നേരം മുതല്‍ പെയ്ത കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് തീര്‍ത്തത് നിസാര ദുരിതമല്ല. ഗതാഗത സംവിധാനങ്ങളെ താറുമാറാക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു പേമാരി. വെള്ളക്കെട്ടിനെ തുടര്‍ന്നു നിരത്തുകളില്‍ രൂപപ്പെട്ട ട്രാഫിക് കുരുക്കില്‍ ബോളിവുഡ് നടന്മാരായ മാധവനും അനുപം ഖേറും പെട്ടു. അനുപം ഖേറിന്റെ കാര്‍ മുംബൈയിലെ സാന്റക്രൂസിലുണ്ടായ ഗതാഗത കുരുക്കിലകപ്പെട്ടു. ഇതേ തുടര്‍ന്നു യാത്ര മതിയാക്കുകയും ബാന്ദ്രയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്തു.
മുംബൈയിലെ വീടിനു സമീപം വച്ചു കാര്‍ തകരാറിലായതിനെ തുടര്‍ന്നു നടന്‍ മാധവനു വീട്ടിലെത്താന്‍ വെള്ളക്കെട്ടുള്ള നിരത്തിലൂടെ നീന്തി നടക്കേണ്ടി വന്നു. ഇതിന്റെ വീഡിയോ മാധവന്‍ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.

പ്രാര്‍ഥനകളും മുന്നറിയിപ്പുമായി ബോളിവുഡ് താരങ്ങളും

കനത്ത മഴ സൃഷ്ടിച്ച പ്രളയത്തിന്റെ കെടുതിയനുഭവിച്ചു കൊണ്ടിരിക്കുന്ന മുംബൈ നിവാസികള്‍ക്ക് പ്രാര്‍ഥയാശംസിച്ചു കൊണ്ടു ബോളിവുഡ് താരങ്ങള്‍ രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രാര്‍ഥനാശംസകള്‍ താരങ്ങള്‍ നേര്‍ന്നത്. എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ദീപിക പദുക്കോണ്‍ ട്വീറ്റ് ചെയ്തു. മുംബൈയോട് സ്വയം ശക്തിയാര്‍ജ്ജിക്കാനാണു നടിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഗുല്‍ പനാഗ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തത്. പൂജാ ഭട്ട്, മഹേഷ് ഭട്ട്, ഹുമ ഖുറേഷി, ദിലീപ് കുമാര്‍, പ്രിയങ്ക ചോപ്ര, അഭിഷേക് ബച്ചന്‍, ലാറാ ദത്ത തുടങ്ങിയവരും മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പും പ്രാര്‍ഥനകളും അറിയിച്ചു കൊണ്ടു ട്വീറ്റ് ചെയ്തു.

മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 29നു പെയ്ത മഴയുടെ അളവ്

അന്ധേരി 297 മില്ലിമീറ്റര്‍

ബൈക്കുള 227 മില്ലിമീറ്റര്‍

ബോറിവല്ലി 211 മില്ലിമീറ്റര്‍

സാന്റക്രൂസ് 304 മില്ലിമീറ്റര്‍

വര്‍ളി 280 മില്ലിമീറ്റര്‍

(2017 ഓഗസ്റ്റ് 30 രാവിലെ 8.30ക്ക് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തുവിട്ട കണക്ക്)

Comments

comments

Categories: FK Special, Slider
Tags: mumbai flood