ഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം കുറയ്ക്കും: ജയ്റ്റ്‌ലി

ഭാവിയില്‍ ജിഎസ്ടി നിരക്കുകളുടെ എണ്ണം കുറയ്ക്കും: ജയ്റ്റ്‌ലി

12 ശതമാനം, 18 ശതമാനം നിരക്കുകളുടെ സ്ലാബുകള്‍ സമീപഭാവിയില്‍ തന്നെ ഏകീകരിക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയില്‍

ന്യൂഡെല്‍ഹി: ജിഎസ്ടി (ഏകീകൃത ചരക്ക് സേവന നികുതി) നടത്തിപ്പ് രാജ്യവ്യാപകമായി പൂര്‍ണമായും സുഗമവും ക്രമാനുസൃതവും ആകുന്നതോടെ പുതിയ നികുതി സംവിധാനത്തിനു കീഴിലുള്ള നികുതി നിരക്കുകളുടെ എണ്ണം കുറയ്ക്കുന്നതു പരിഗണിക്കുമെന്ന്ന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി സൂചന നല്‍കി. ന്യൂഡെല്‍ഹിയില്‍ ദ ഇക്കണോമിസ്റ്റ് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ 12 ശതമാനം, 18 ശതമാനം നിരക്കുകളുടെ സ്ലാബുകള്‍ സമീപഭാവിയില്‍ തന്നെ ഏകീകരിക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സിലിന്റെ പരിണനയിലാണെന്നും ധനമന്ത്രി അറിയിച്ചു. നികുതി വരുമാനവും ജിഎസ്ടിയുടെ സുഗമമായ നടത്തിപ്പും ലക്ഷ്യം കണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് സംബന്ധിച്ച ഉചിതമായ തീരുമാനം ജിഎസ്ടി കൗണ്‍സിലിനു എടുക്കാന്‍ കഴിയുമെന്നാണ് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കുന്നത്. പണപ്പെരുപ്പത്തില്‍ നികുതി നിരക്കുണ്ടാക്കുന്ന ആഘാതം കൂടി കണക്കിലെടുത്തായിരിക്കുമിതെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ വിവിധ വരുമാന വിഭാഗത്തിലുള്ള ജനങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്താണ് ഒറ്റ നിരക്ക് നിശ്ചയിക്കുന്നതിനു പകരം നാല് നികുതി നിരക്കുകള്‍ ജിഎസ്ടി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. വരുമാനത്തിലെ ഈ വൈവിധ്യമാണ് ആഡംബര കാറുകള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും ഒരേ നിരക്ക് നിശ്ചയിക്കുന്നതിന് വെല്ലുവിളിയാകുന്നത്. ജിഎസ്ടി വിലക്കയറ്റത്തെ സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് നിരവധി ഉല്‍പ്പന്നങ്ങള്‍ 5, 12 എന്നീ കുറഞ്ഞ നിരക്കുകള്‍ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയതെന്നും ജയ്റ്റ്‌ലി പറഞ്ഞു.

ജിഎസ്ടിക്കു കീഴില്‍ പ്രത്യക്ഷത്തില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാല് നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. ജിഎസ്ടിക്കു കീഴില്‍ ഒറ്റ നികുതി നിരക്ക് മാത്രം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്നും ക്രമേണ നിരക്കുകള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കുമെന്നും ജയ്റ്റ്‌ലി നേരത്തേ വ്യക്തമാക്കിയിരുന്നു.

ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പില്‍ വന്നതോടെ നികുതി അടിത്തറയില്‍ വലിയ വര്‍ധനയുണ്ടായെന്നും ഇത് വികസന പദ്ധതികള്‍ക്കായുള്ള സര്‍ക്കാരിന്റെ ചെലവിടല്‍ ശേഷി ഉയര്‍ത്തിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

ജൂലൈ മാസം ജിഎസ്ടി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ള മൂന്നില്‍ രണ്ട് ഭാഗം നികുതിദായകരും ജിഎസ്ടിക്കു കീഴില്‍ റിട്ടേണ്‍ സമര്‍പ്പിച്ചതായാണ് സര്‍ക്കാരിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മാസം 91,000 കോടി രൂപ ലക്ഷ്യമിട്ട സ്ഥാനത്ത് 92,283 കോടി രൂപയുടെ നികുതി വരുമാനമാണ് ജിഎസ്ടിയിലൂടെ ആദ്യ മാസം സര്‍ക്കാരിലേക്കെത്തിയത്.

Comments

comments

Categories: Slider, Top Stories