സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഒര്‍ക്കല

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഒര്‍ക്കല

ബെംഗളൂരു: എംടിആര്‍ ഫുഡ്‌സിന്റെ മാതൃകമ്പനിയായ ഒര്‍ക്കല ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രാരംഭഘട്ട നിക്ഷേപം നല്‍കുന്നതിനായി 50 കോടി രൂപയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടിന് രൂപം നല്‍കി. എംടിആര്‍ സീഡ് ഫണ്ട് എന്ന നിക്ഷേപത്തിലൂടെ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്നൊവേറ്റീവ് ഭക്ഷ്യഉല്‍പ്പന്ന നിര്‍മാണം, പ്രൊഡക്ഷന്‍ ടെക്, പാക്കേജിംഗ് ടെക്‌നോളജി, വിതരണം തുടങ്ങിയ ഫുഡ് ടെക് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. സ്‌കാന്‍ഡിനേവിയയ്ക്കു പുറത്ത് ഒര്‍ക്കല ഗ്രൂപ്പ് ആരംഭിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഫണ്ടാണിത്.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്തുകൊണ്ട് നിലവിലെ കമ്പനിയുടെ ബിസിനസിന് ഇന്ത്യയില്‍ തുടക്കം കുറിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ‘ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമീപനമാണ് കമ്പനിക്കുള്ളത്, 20 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനാണ് പദ്ധതി. എന്താണ് കമ്പനിയെ ആകര്‍ഷിക്കുന്നത് എന്നതിനയനുസരിച്ച് എക്‌സിറ്റ് നയത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുക്കുകയോ പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് വില്‍ക്കുകയോ ചെയ്യും.

‘ ഒര്‍ക്കല ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ എ റുസിക്കാ പറഞ്ഞു. നിക്ഷേപത്തിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ 26 മുതല്‍ 49 ശതമാനം വരെ ഓഹരികള്‍ കമ്പനി ഏറ്റെടുത്തേക്കും. ഒര്‍ക്കല ഗ്രൂപ്പിന്റെ നിക്ഷേപം ലഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഭക്ഷ്യ മേഖലയില്‍ എംടിആര്‍ ഫുഡ്‌സ് റിസര്‍ച്ച് ആന്‍ഡ് ഡിസ്‌കഷന്‍ ടീമിന്റെയും കമ്പനിയുടെ പാചക വിദഗ്ധരുടെയും സഹായം, ബ്രാന്‍ഡിംഗ്, നിയമ സഹായം, എക്കൗണ്ടിംഗ് തുടങ്ങിയ സേവനങ്ങളും ലഭ്യമാകും.

വീട്ടമ്മമാരെ മാത്രം ലക്ഷ്യമിട്ടിരുന്ന കമ്പനി ഇപ്പോള്‍ 20 വയസു മുതല്‍ 35 വയസു വരെയുള്ള ഉപഭോക്താക്കളിലേക്ക് ശ്രദ്ധമാറ്റിയിട്ടുണ്ട്. ഈ വിഭാഗത്തെ ലക്ഷ്യം വെച്ചാണ് ഏപ്രില്‍ മാസത്തില്‍ ത്രീ-മിനുറ്റ് ബ്രേഫാസ്റ്റ് വിഭാഗം എംടിആര്‍ ഫുഡ്‌സ് ആരംഭിച്ചത്. പെട്ടെന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഉപ്പുമാവ്, ഓട്ട്‌സ്, പോഹ തുടങ്ങിയ ഇന്ത്യന്‍ പ്രഭാതഭക്ഷണമാണ് ഇതു വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

Comments

comments

Categories: Entrepreneurship