ഹ്യുണ്ടായ് ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തും

ഹ്യുണ്ടായ് ഇന്ത്യയില്‍ 5,000 കോടിയുടെ നിക്ഷേപം നടത്തും

2020 വരെ വര്‍ഷം തോറും രണ്ട് പുതിയ മോഡലുകള്‍

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായ് എല്ലായ്‌പ്പോഴും അഗ്രസീവ് സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകി ആഞ്ഞുചവിട്ടുമ്പോള്‍ വിപണിയിലെ രണ്ടാമന് കാഴ്ച്ചക്കാരനായി നോക്കിനില്‍ക്കാനാവില്ല. ഇന്ത്യയില്‍ വര്‍ഷം തോറും രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ മാസ് കാര്‍ നിര്‍മ്മാതാക്കള്‍. നിലവിലെ കാറുകളുടെ പുതിയ വേരിയന്റുകള്‍ക്കും ഫേസ്‌ലിഫ്റ്റുകള്‍ക്കും പുറമേയാണിത്. അതായത് നിലവിലെ മോഡലുകളുടെ അപ്‌ഗ്രേഡുകളെ ഇപ്പോള്‍ പ്രഖ്യാപിച്ച എണ്ണത്തില്‍ കൂട്ടില്ല.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്റ്റര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കുന്നതിനാണ് പുതിയ നിക്ഷേപം. നിലവിലെ മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകളും പുറത്തിറക്കും. ഇന്ത്യയില്‍ ഹ്യുണ്ടായ് കാറുകള്‍ നല്ല പോലെ വിറ്റുപോകുന്നു എന്നതാണ് ആത്മവിശ്വാസത്തിന് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹോദര സ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്

സഹോദര സ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഹ്യുണ്ടായ് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത്. ഇരുവരും സാന്നിധ്യമറിയിച്ചിട്ടുള്ള വിപണികളിലെല്ലാം ബദ്ധവൈരികളെന്ന പോലെയാണ് രണ്ട് കമ്പനികളും പ്രവര്‍ത്തിക്കുന്നത്. കിയ പ്രവര്‍ത്തനം തുടങ്ങുന്നതിനുമുമ്പുതന്നെ ബഹുദൂരം മുന്നിലെത്താനാണ് ഹ്യുണ്ടായ് ശ്രമിക്കുന്നത്. മാരുതി സുസുകിയുടെ വിപുലീകരണ അജണ്ടകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ തരണം ചെയ്യുകയും വേണം.

ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഇതുവരെ 70 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിച്ചതായി രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 2021 ആദ്യ പകുതിയോടെ ഒരു കോടി യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിച്ച് പുറത്തിറക്കുകയാണ് ലക്ഷ്യം. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ പുറത്തിറക്കുമെന്നും ഈ അടുത്ത കാലത്ത് ഒരു വാഹന നിര്‍മ്മാതാക്കളും ഒന്നര വര്‍ഷ കാലയളവിലേക്കായി ഇത്ര വലിയ ലക്ഷ്യം നിശ്ചയിച്ചിട്ടില്ലെന്നും രാകേഷ് ശ്രീവാസ്തവ അവകാശപ്പെട്ടു.

Comments

comments

Categories: Auto