വിഷന്‍ ഇക്യു ഫോര്‍ടു : സ്റ്റിയറിംഗ് വീലും പെഡലുകളുമില്ലാത്ത ഡയ്മ്‌ലര്‍ കാര്‍

വിഷന്‍ ഇക്യു ഫോര്‍ടു : സ്റ്റിയറിംഗ് വീലും പെഡലുകളുമില്ലാത്ത ഡയ്മ്‌ലര്‍ കാര്‍

പൂര്‍ണ്ണ ഇലക്ട്രിക് കാറില്‍ നൂതന ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്

സ്റ്റുട്ട്ഗാര്‍ട്ട് : ഡയ്മ്‌ലറിന്റെ ‘സ്മാര്‍ട്ട്’ ഡിവിഷന്‍ ഏറ്റവും പുതിയ കണ്‍സെപ്റ്റ് കാര്‍ അനാവരണം ചെയ്തു. ‘വിഷന്‍ ഇക്യു ഫോര്‍ടു’ (42) എന്ന് പേരിട്ട കണ്‍സെപ്റ്റ് കാര്‍ ഈ മാസം 14 ന് തുടങ്ങുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന പൂര്‍ണ്ണ ഇലക്ട്രിക് കാറായ ‘വിഷന്‍ ഇക്യു ഫോര്‍ടു’ സിറ്റി ഡ്രൈവിംഗിന് അനുയോജ്യമായിരിക്കും. പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ എന്നതിലുപരി ഈ വാഹനത്തില്‍ നൂതന ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം ഉള്‍ക്കൊള്ളിച്ചു എന്നതാണ് സവിശേഷത. ഫുള്ളി ഓട്ടോണമസ് ! അതുകൊണ്ടുതന്നെ ‘വിഷന്‍ ഇക്യു ഫോര്‍ടു’ വിന് കമ്പനി പെഡലുകളോ സ്റ്റിയറിംഗ് വീലോ നല്‍കിയിട്ടില്ല. ഈ വക കാര്‍ കണ്‍ട്രോള്‍ സംവിധാനങ്ങളില്ലാത്ത ഡയ്മ്‌ലറിന്റെ ആദ്യ കാറാണ് ‘വിഷന്‍ ഇക്യു ഫോര്‍ടു’.

സ്മാര്‍ട്ട് ലുക്ക് നല്‍കുന്നതാണ് വൃത്താകൃതിയിലുള്ള ബോഡി. കാറില്‍ അവിടെയും ഇവിടെയുമായി ചില ഗിമിക്കികള്‍ നല്‍കിയിരിക്കുന്നു. 2030 കളില്‍ ഒരു കാര്‍ എങ്ങനെയിരിക്കുമോ അതാണ് ‘വിഷന്‍ ഇക്യു ഫോര്‍ടു’. സാധാരണ ഹെഡ്‌ലൈറ്റുകളും ടെയ്ല്‍ലൈറ്റുകളും ഈ കാറില്‍ കാണാന്‍ കഴിയില്ല. പകരം എല്‍ഇഡി സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. ഒന്നിലധികം മെസ്സേജുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന വലിയ ഡിജിറ്റല്‍ പാനലാണ് ഗ്രില്ലിന്റെ സ്ഥാനത്ത്. റോഡിലെ മറ്റ് കാറുകളുമായി ആശയവിനിമയം നടത്തുന്നതിന് ഈ ഡിജിറ്റല്‍ പാനല്‍ കാറിനെ സഹായിക്കും. വശങ്ങളിലെ വിന്‍ഡോകളില്‍ പ്രത്യേക ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനകത്തുനിന്ന് എന്തെങ്കിലും വിവരം പുറത്തറിയിക്കണമെങ്കില്‍ ഈ വിന്‍ഡോയില്‍ പ്രദര്‍ശിപ്പിക്കാം.

ഒന്നിലധികം മെസ്സേജുകള്‍ ഡിസ്‌പ്ലേ ചെയ്യാന്‍ കഴിയുന്ന വലിയ ഡിജിറ്റല്‍ പാനലാണ് ഗ്രില്ലിന്റെ സ്ഥാനത്ത്

ചെറിയ കാബിനാണ് സ്മാര്‍ട്ട് വിഷന്‍ ഇക്യു ഫോര്‍ടു വില്‍ കാണാനാകുന്നത്. സാധാരണ കാറുകളില്‍ കാണുന്ന എല്ലാ മാന്വല്‍ കണ്‍ട്രോളുകളും ഈ കാറില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. ‘സിറ്റ് ബാക്ക്, റിലാക്‌സ്, എന്‍ജോയ്’ രീതിയിലുള്ള കാറാണ് ‘വിഷന്‍ ഇക്യു ഫോര്‍ടു’. ചെറിയ കാറാണെങ്കിലും ഇന്റീരിയര്‍ വിശാലമാണ്.

30 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിഥിയം-അയണ്‍ ബാറ്ററി പാക്കാണ് കാറിനെ സഞ്ചരിക്കാന്‍ സഹായിക്കുന്നത്. ഇന്‍ഡക്റ്റിവ് ചാര്‍ജിംഗ് ആയതിനാല്‍ ചാര്‍ജിംഗ് കേബിള്‍ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. കാര്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ ബാറ്ററി അഴിച്ചുമാറ്റി തനിയെ ചാര്‍ജ് ചെയ്യാം. ഇക്യു ബ്രാന്‍ഡിലാണ് ഡയ്മ്‌ലര്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്.

Comments

comments

Categories: Auto