കോള്‍ ഇന്ത്യക്ക് പുതിയ ചെയര്‍മാനെ കണ്ടെത്താനായില്ല

കോള്‍ ഇന്ത്യക്ക് പുതിയ ചെയര്‍മാനെ കണ്ടെത്താനായില്ല

ഗ്രൂപ്പ് കമ്പനികളില്‍ നിന്നും ചെയര്‍മാന്‍  പദവിയിലേക്ക് നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്

കൊല്‍ക്കത്ത: കോള്‍ ഇന്ത്യ ചെയര്‍മാന്‍ സുധീര്‍ത്ഥ ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലേക്ക് നിയമനം നടത്താനാകാതെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി). രണ്ടു ദിവസത്തിനുള്ളില്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് ഭട്ടാചാര്യ വിരമിക്കും.

പുതിയ ചെയര്‍മാനുവേണ്ടിയുള്ള അഭിമുഖങ്ങള്‍ നടത്തിയെങ്കിലും ജോലിക്കിണങ്ങുന്ന ആരേയും കണ്ടെത്താന്‍ പിഇഎസ്ബിക്ക് സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് താല്‍ക്കാലിക ചുമതല നല്‍കുകയോ ഇപ്പോഴത്തെ ചെയര്‍മാന് കാലാവധി നീട്ടി നല്‍കുകയോ ചെയ്യേണ്ടതായി വരുമെന്നാണ് കരുതപ്പെടുന്നത്.

ചെയര്‍മാന്‍ സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ കോള്‍ ഇന്ത്യക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്‌

കോള്‍ ഇന്ത്യ ഗ്രൂപ്പ് കമ്പനികളില്‍ നിന്നും ചെയര്‍മാന്‍ പദവിയിലേക്ക് നിരവധി അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ചെയര്‍മാനും ഡയറക്റ്ററുമായ (സിഎംഡി ) ഗോപാല്‍ സിംഗ്, വെസ്റ്റ് കോള്‍ഫീല്‍ഡ് സിഎംഡി ആര്‍ ആര്‍ മിശ്ര, മഹാനദി കോള്‍ ഫീല്‍ഡ് സിഎംഡി എ കെ ഝാ, സെന്‍ട്രല്‍ മൈന്‍ പ്ലാനിംഗ് ആന്‍ഡ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിഎംഡി എസ് സരണ്‍, എന്‍ടിപിസി ഡയറക്റ്റര്‍ ഫിനാന്‍സ് കെ ബിസ്വാള്‍, നാഷണല്‍ മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്റ്റര്‍ (കോമേഴ്‌സ്യല്‍) ടി ആര്‍ റാവു എന്നിവര്‍ ഇതില്‍പ്പെടുന്നു. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ക്കും കോള്‍ ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാമെങ്കിലും ചുരുക്കപ്പട്ടികയില്‍ ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല.

അവസാന നിമിഷത്തെ ഇന്റര്‍വ്യൂകളിലും കോള്‍ ഇന്ത്യയുടെ തലവനെ നിശ്ചയിക്കാന്‍ സാധിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പിഇഎസ്ബിക്ക് ആദ്യമായാണ് ഇത്തരമൊരു സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നടപടിയെടുക്കാന്‍ കോള്‍ ഇന്ത്യക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്.

കമ്പനിയുടെ ലാഭം കുറയുകയും ഭാവി ആശങ്കയിലാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സുധീര്‍ത്ഥ ഭട്ടാചാര്യകോള്‍ ഇന്ത്യയെ വിട്ടുപോകുന്നത്. ബന്ധപ്പെട്ട മേഖലകളെ വൈവിധ്യവല്‍ക്കരിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും കോള്‍ ഇന്ത്യയുടെ ഭാവി ഇപ്പോഴും തുലാസില്‍ തന്നെയാണ്.

Comments

comments

Categories: More